മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി(എംപിസി)യുടെ മൂന്നുദിവസത്തെ യോഗത്തിനുശേഷമാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്ക് ആറുശതമാനത്തില്‍നിന്ന് 5.50 ശതമാനമായി കുറച്ചത്. പിന്നീട് ഇതേ നിരക്ക് നിലനിര്‍ത്തുകയായിരുന്നു. റിപ്പോ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും കുറയും. ഇതിനാല്‍ പ്രതിമാസ തിരിച്ചടവ് തുകയോ(ഇഎംഐ) തിരിച്ചടവുകളുടെ കാലയളവോ കുറയാം. ഇനി 2026 ഫെബ്രുവരിയിലാണ് പണനയസമിതിയുടെ അടുത്തയോഗം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് മാറ്റിയതായി അറിയച്ചത്. ഫെബ്രുവരി മുതല്‍ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആര്‍ബിഐ പലിശ നിരക്ക് കുറച്ചത്. ഇന്നലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ രൂപയുടെ മൂല്യത്തകര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പണപ്പെരുപ്പ നിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജൂണില്‍ എംപിസി പ്രധാന വായ്പാ നിരക്ക് 6% ല്‍ നിന്ന് 5.5% ആയി കുറച്ചിരുന്നു.

ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കില്‍ കുറവ് വരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. റീട്ടെയില്‍ വായ്പക്കാര്‍ക്ക് റീപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത് വായ്പാ ഇഎംഐകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കുത്തനെ ഇടിവ് ഉണ്ടായതിനെത്തുടര്‍ന്ന് ആര്‍ബിഐ ഫെബ്രുവരി മുതല്‍ മൂന്ന് തവണയായി 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. ഇത്തവണത്തെ കൂടിയാകുമ്പോള്‍ 125 ബേസിസ് പോയിന്റുകള്‍ കുറഞ്ഞു. പണപ്പെരുപ്പംത്തിലെ ഇടിവ് തുടരുകയാണെങ്കില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്‌സ്ഡ് ഡിപ്പോസിറ്റ്) പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും. പുതിയ നിക്ഷേപങ്ങള്‍ക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. അടുത്ത എംപിസി യോഗം ഫെബ്രുവരി 4 - 6 തീയതികളിലാണ്. 2025 ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍ എംപിസി യോഗങ്ങളിലായി ആകെ 1% പലിശയാണ് കുറച്ചത്. പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.

സാഹചര്യങ്ങള്‍ക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ എംപിസിക്ക് സ്വാതന്ത്ര്യം നല്‍കുന്ന ന്യൂട്രല്‍ സ്റ്റാന്‍സ് തുടരാനും തീരുമാനിച്ചു. ഇക്കുറി പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ എംപിസിക്ക് പ്രയാസമായിരിക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗം കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടത്. ഒക്ടോബറിലെ വിലക്കയറ്റത്തോത് 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.25 ശതമാനമായിരുന്നു. സാധാരണ വിലക്കയറ്റത്തോത് കുറയുമ്പോള്‍ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനു കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്. എന്നാല്‍ രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചനിരക്ക് കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുണ്ടാകുമ്പോള്‍ പൊതുവേ പലിശനിരക്ക് കുറയ്‌ക്കേണ്ട സാഹചര്യമില്ല. ഇത്തരത്തില്‍ വിപരീതസ്വഭാവത്തിലുള്ള സൂചനകള്‍ വച്ച് എംപിസി എന്തു തീരുമാനമെടുക്കുമെന്നതിലായിരുന്നു ആകാംക്ഷ.

2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം ആര്‍ബിഐ നേരത്തെ കണക്കാക്കിയിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി ഉയര്‍ത്തി. 2026 സാമ്പത്തിക വര്‍ഷത്തെ സിപിഐ പണപ്പെരുപ്പ പ്രവചനം നേരത്തെ കണക്കാക്കിയിരുന്ന 2.6 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.