കോട്ടയം: ലൈംഗിക പീഡന ആരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്. രാഹുലിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികില്‍സ നല്‍കണമെന്നാണ് പി.സി.ജോര്‍ജ് പറയുന്നത്. രാഹുലിനെ കയറൂരി വിടാന്‍ പാടില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ടോ എം.എല്‍.എ സ്ഥാനം തിരിച്ചെടുത്തതുകൊണ്ടോ നന്നാവാന്‍ പോകുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ കാണിച്ച വൃത്തികേടിനെ അനുകൂലിച്ച രാഹുല്‍ ഈശ്വര്‍ ജയിലിലും വൃത്തികേട് ചെയ്ത മാങ്കൂട്ടത്തില്‍ സുഖമായി നടക്കുകയാണെന്നും പി.സി പരിഹസിച്ചു. കോണ്‍ഗ്രസിന്റെ നിലപാടിനെ കുറ്റപ്പെടുത്തുന്നില്ലെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പി.സി.ജോര്‍ജിന്റെ വാക്കുകള്‍

സെക്ഷ്വല്‍ പെര്‍വെര്‍ട്ടാണ് അയാള്‍. അവനെ ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം. ഞാന്‍ ആത്മാര്‍ത്ഥമായി പറയുമകയാണ്. പൊതുപ്രവര്‍ത്തനവുമായി നടക്കുന്ന ഞാന്‍ ഒരു ദിവസം എത്രയോ കേസുകള്‍ തീര്‍ക്കുന്നതാണ്. നല്ല ബോധ്യത്തോടെ പറയുന്നു. രണ്ടെണ്ണം കൊടുത്തിട്ട് അവനെ മാനസികാരോഗ്യ ആശുപത്രിയില്‍ ആക്കണം. രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും. നല്ല ചെറുക്കനാ, നശിച്ചുപോയി. സങ്കടകരമാണ്. അവനെ ഇങ്ങനെ കയറൂരി വിടാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കി. അതിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ പുറത്താക്കിയതുകൊണ്ട് അവന്‍ നന്നാകുന്നില്ല. എം.എല്‍.എ സ്ഥാനം ഇപ്പോള്‍ പോകും. അതുകൊണ്ടും അവന്‍ നന്നാകുന്നില്ലല്ലോ.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു വ്യക്തിയായാണ് ഞാന്‍ കാണുന്നത്. ഒന്ന് ആലോചിച്ചേ രാഹുല്‍ മാങ്കൂട്ടത്തില്‍ വൃത്തികേട് കാണിച്ചത് സപ്പോര്‍ട്ട് ചെയ്തതിന് രാഹുല്‍ ഈശ്വര്‍ ജയിലില്‍ കിടക്കുകയാണ്. പോക്കിരിത്തരം കാണിച്ചവന്‍ റോഡിലൂടെ നടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കാണിച്ചത് ശരിയാണെന്ന് പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ കിടക്കുകയാണ്. ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ സുഖമായി ഇതിലെ നടക്കുകയാണ്.

അതേ സമയം രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഡിസംബര്‍ എട്ടിന് പരിഗണിക്കും. കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. കേസില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ഫയല്‍ ചെയ്തത്.

ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ചെയ്യുകയായിരുന്നു. കോടതി അത് ഫയലില്‍ സ്വീകരിച്ചു.

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് കോടതി കേസ് പരിഗണിച്ചത്. അവിടെ, രാഹുലിനെതിരായ ആദ്യ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ കേസും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് അഭിഭാഷകന്‍ വാദിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസില്‍ വാദം കേട്ട കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല എന്നതാണ് നിര്‍ണായകം. മൊഴി രേഖപ്പെടുത്തുന്നതുവരെ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല എന്നാണ് വിവരം. തിങ്കളാഴ്ചയ്ക്കകം കേസില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പരാതിക്കാരിയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാംപ്രതിയാണ്.