ഒറാഡിയ (റുമേനിയ): എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. ഹോളിവുഡ് ത്രില്ലര്‍ കാണുന്നത് പോലെ എല്ലാവരും കണ്ണുമിഴിച്ച് നിന്നു. ഒരു മെഴ്‌സിഡസ് വായൂവിലക്ക് ഉയരുന്നതും ഏതാനും കാറുകള്‍ക്ക് മീതെ പറന്ന് ട്രാഫിക് സര്‍ക്കിളിലേക്ക് റോക്കറ്റ് പോലെ കുതിച്ചുപായുന്നതും കാണാം. ഒടുവില്‍ റോഡരികിലിലെ പോസ്റ്റില്‍ ഒരു പെട്രോള്‍ സ്‌റ്റേഷന് ഏതാനും വാര അകലെ ഇടിച്ചുനില്‍ക്കുകയായിരുന്നു. സംഭവം ങ്ങ് റുമേനിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ഒറാഡിയയിലാണ്. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഈ 'ആകാശയാത്ര'യില്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.


നിയന്ത്രണം തെറ്റാന്‍ കാരണം

ഡിസംബര്‍ 3-നാണ് സംഭവം നടന്നത്. അതിവേഗത്തില്‍ വന്ന വാഹനം ട്രാഫിക് സര്‍ക്കിളിന്റെ മധ്യഭാഗത്തെ മതിലില്‍ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ റോഡരികിലൂടെയുള്ള വാഹനങ്ങള്‍ക്ക് മുകളിലൂടെ ഉയര്‍ന്നു പറക്കുകയും ചെയ്തു. തുടര്‍ന്ന് പെട്രോള്‍ സ്റ്റേഷന് സമീപമുള്ള ഒരു ഇരുമ്പ് പോസ്റ്റില്‍ ഇടിച്ചു തകര്‍ന്ന് നിലം പതിച്ചു.

ഡ്രൈവര്‍ക്ക് വാഹനമോടിക്കുന്നതിനിടെ രക്തത്തിലെ പഞ്ചാസാരയുടെ അളവ് താഴ്ന്നതാണ്് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം ഒരു ബസ്സിനും ട്രാഫിക് സര്‍ക്കിളില്‍ പ്രവേശിക്കാന്‍ കാത്തുനിന്ന രണ്ട് കാറുകള്‍ക്കും മുകളിലൂടെ പറന്നുപോയി. പെട്രോള്‍ പമ്പില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെയാണ് കാര്‍ നിലം പതിച്ചത്. ഒരു വലിയ സ്‌ഫോടനമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നിലധികം ഒടിവുകള്‍ ഉണ്ടെങ്കിലും ജീവന്‍ അപകടപ്പെടുത്തുന്ന പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അപകടസമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ബോധക്ഷയം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് പോലീസ് ഡ്രൈവറുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും 1,600 ലെയി (ഏകദേശം 29,400 രൂപ) പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

കൊളംബിയയിലെ ലോറി അപകടവും

അപകടകരമായ റോഡ് സംഭവങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ ആഴ്ച കൊളംബിയയിലെ മെഡെലിനില്‍, 17 ടണ്‍ ചരക്കുമായി വന്ന ഡംപര്‍ ലോറി നിയന്ത്രണം വിട്ട് 12 വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്ന ഭീകര ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതിവേഗത്തില്‍ മലയിറങ്ങി വന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതോടെ ട്രാഫിക് ബ്ലോക്കില്‍ കിടന്ന കാറുകളെ കളിപ്പാട്ടം പോലെ വശങ്ങളിലേക്ക് തെറിപ്പിച്ചു. ഒടുവില്‍ ഒരു ബസ്സിനെ തട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് തെറിപ്പിച്ച ശേഷമാണ് ലോറി നിന്നത്. ഈ അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടകാരണം കണ്ടെത്താന്‍ 20 അന്വേഷണ ഉദ്യോഗസ്ഥരെയാണ് ട്രാഫിക് വിഭാഗം നിയോഗിച്ചിട്ടുള്ളത്.