- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു; കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്; തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് മറുപടി; തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപും; അതിജീവിതയുടെ മൊഴി നിര്‍ണ്ണായകം
കൊച്ചി: ബലാത്സംഗത്തിനിരയായ നടിയായ അതിജീവിത വിചാരണ കോടതിയില്‍ നല്‍കിയ മൊഴി പുറത്ത്. കേസ് തെളിയിക്കാന്‍ ഒന്നാം സാക്ഷിയായ അതിജീവിതയുടെ മൊഴി കരുത്താകുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷ. 2012 മുതല്‍ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടന്‍ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താന്‍ മറുപടി നല്‍കി, തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി.
കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്‌നം പറഞ്ഞുതീര്‍ക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു. അതിജീവിതയെ ബലാത്സംഗം ചെയ്യാന്‍ മുമ്പും ശ്രമം നടന്നിരുന്നു. 2017 ല്‍ ഗോവയില്‍ ഒരു സിനിമയുടെ ഷൂട്ടിലായിരുന്ന സമയത്ത് നടിയെ അതിക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് നടന്നില്ല. ജനുവരി മൂന്നിന് നടിയെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിയത് പള്‍സര്‍ സുനിയായിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും ഇയാള്‍ നടിയുടെ ഡ്രൈവറായിരുന്നു. ബലാത്സംഗം ചെയ്യാന്‍ വാഹനം തേടി ജനുവരി മൂന്നിന് സുനില്‍ സെന്തില്‍ കുമാര്‍ എന്നയാളെ വിളിച്ചു. ഇതിന്റെ തെളിവും കോടതിയില്‍ എത്തിയിട്ടുണ്ട്.
അതിജീവിതയായിരുന്നില്ല മഞ്ജു വാര്യരോട് ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് ആദ്യം പറഞ്ഞിരുന്നത്. ആ ബന്ധത്തെ കുറിച്ച് പലരില്‍ നിന്നായി അവര്‍ കേട്ടു. തന്റെ അടുത്ത സുഹൃത്തായിട്ടും എന്തുകൊണ്ട് അതിജീവിത ഇതൊന്നും പറഞ്ഞില്ലെന്ന് മാത്രമായിരുന്നു മഞ്ജുവിന്റെ സംശയം. നടിയെ ആക്രമിക്കാന്‍ മുമ്പും ശ്രമം നടത്തിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. 2017 ജനുവരി മൂന്നിന് ഗോവയില്‍ വെച്ച് കുറ്റകൃത്യം നടത്താനായിരുന്നു പദ്ധതിയിട്ടത്. നടി നായികയായ സിനിമ ചിത്രീകരിച്ചിരുന്നത് ഗോവയില്‍ വെച്ചായിരുന്നു. അപ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്.
നടിയെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിയത് പള്‍സര്‍ സുനിയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇയാള്‍ തന്നെയാണ് നടിയുടെ ഡ്രൈവറായിരുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റോഡു മാര്‍ഗം കൊച്ചിയിലേക്ക് വരുമെന്നായിരുന്നു സംഘം കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17 ന് കൃത്യം നടപ്പാക്കിയത്. കുറ്റകൃത്യത്തിന്റെ മാസ്റ്റര്‍ കോണ്‍സ്പിരേറ്റര്‍ ( പ്രധാന ഗൂഢാലോചകന്‍ ) ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. 2017 ജനുവരി രണ്ടിന് പള്‍സര്‍ സുനി ഗോവയിലെത്തി. തുടര്‍ന്ന് നടിയുടെ വാഹനത്തില്‍ ഡ്രൈവറായി. നടിയോടൊപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരവണനും ഉണ്ടായിരുന്നത് ആദ്യം പദ്ധതി നടപ്പാക്കുന്നതിനു തടസ്സമായി. അതിനുശേഷവും നടിയെ ആക്രമിക്കാനുള്ള സൗകര്യം നോക്കി പള്‍സര്‍ സുനി കാത്തിരുന്നു.
ഒരു ട്രാവലര്‍ സംഘടിപ്പിച്ച് ആ വാഹനത്തിനുള്ളില്‍ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍. ദൗത്യത്തിന് വാഹനം ലഭിക്കുമോയെന്ന് ചോദിച്ച് പള്‍സര്‍ സുനി, കേസിലെ 173-ാം സാക്ഷിയായ സെന്തില്‍കുമാറിനെ പള്‍സര്‍ സുനി വിളിച്ചിരുന്നു. നാലാം പ്രതി വിജീഷിനെ 20 തവണ വിളിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചിരുന്നു. ജനുവരി 5ന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം ആരോപിക്കുന്ന ദിലീപിന്റെ ആദ്യഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ ആണ്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജു ഗൂഡാലോചന ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ദിലീപിലേക്ക് എത്തിയത്. മറുനാടന്‍ അടക്കം ദിലീപിന്റെ പങ്ക് അന്വേഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയാക്കി. പക്ഷേ അന്നാരും ദീലീപിനെ തൊട്ടില്ല. പക്ഷേ മഞ്ജുവിന്റെ ആ പ്രസ്താവന ദിലീപിനെ ഏറെ ചിന്തിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ദിലീപ് എസ് എം എസ് അയച്ചത്. 'തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍' എന്നായിരുന്ന്രേത ആ സന്ദേശം.
2017 ഫെബ്രുവരി 18ന് കേരളം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ്. തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍താരമായ നായികയെ കൊച്ചിയില്‍ വെച്ച് തട്ടിക്കൊണ്ട് പോയി ഓടുന്ന വാഹനത്തില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയാക്കി എന്ന വാര്‍ത്ത. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അക്രമികള്‍ പിടിയിലായി. ജൂണ്‍ 28ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കേരളം വീണ്ടും ഞെട്ടി. ജൂലൈ 10ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യത്ത് തന്നെ ആദ്യമായി കേള്‍ക്കുന്ന കൊട്ടേഷന്‍ പീഡനം ദിലീപിനെതിരെ ആരോപിക്കപ്പെട്ടു. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഗൂഢാലോചന നടത്തി കൊട്ടേഷന്‍ കൊടുത്ത് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈ വാദത്തിന് ബലം നല്‍കുന്നതായിരുന്നു പിണറായിയ്ക്ക് ദിലീപ് അയച്ച സന്ദേശം എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഏതായാലും ആ സന്ദേശം ദിലീപ് അയയ്ക്കാന്‍ കാരണം മഞ്ജു വാര്യരുടെ വാക്കുകളാണ്. താര സംഘടനയായ അമ്മയും ഫെഫ്കയും ആയിരുന്നു ആ പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍.




