- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങവെ തീപിടിത്തം; തീ അതിവേഗം പടര്‍ന്നതോടെ പുറത്തിറങ്ങാനായില്ല; ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നവര്‍ ചികിത്സയില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി തീപിടുത്തത്തില്‍ മരിച്ചു. തെലങ്കാന ഹൈദരാബാദ് സ്വദേശിനി സഹജ റെഡ്ഡി ഉദുമലയാണ് മരിച്ചത്. 24 വയസായിരുന്നു. സമീപത്തെ വീട്ടില്‍ തീപിടിത്തമുണ്ടാകുകയും സഹജ താമസിച്ചിരുന്ന വീട്ടിലേക്കും തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ തീ പടര്‍ന്നത് അറിഞ്ഞില്ല. ഇവരെ പുറത്തെത്തിക്കാന്‍ വൈകിയെന്നാണ് വിവരം. അല്‍ബാനിയില്‍ മാസ്റ്റേഴ്‌സ് ബിരുദം പഠിക്കുകയായിരുന്ന യുവതിക്കാണ് ജീവന്‍ നഷ്ടമായത്. യുവതിയുടെ വിയോഗത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റി ഓഫ് അല്‍ബാനിയില്‍ നിന്ന് സൈബര്‍ സുരക്ഷയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷം അവര്‍ അല്‍ബാനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഡിസംബര്‍ നാലിന് രാവിലെയാണ് സംഭവം നടന്നത്. അല്‍ബാനി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് രാവിലെ 11:50 ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. 241 വെസ്റ്റേണ്‍ അവന്യൂവിലാണ് തീപിടിത്തം ആരംഭിച്ചത്. ഇത് സമീപത്തെ 239 വെസ്റ്റേണ്‍ അവന്യൂവിലുള്ള കെട്ടിടത്തിലേക്കും പടര്‍ന്നു.
തീപിടിത്തമുണ്ടായ വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി. നാല് പേരെ വീടിന് പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരെ ഗുരുതരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സഹജയുടെ ജീവന്‍ നഷ്ടമായി. സഹജയ്ക്ക് 90 ശതമാനവും പൊള്ളലേറ്റിരുന്നു.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുകയായിരുന്ന സഹജയുടെ മുറിക്ക് സമീപമാണ് തീപിടിത്തം ആരംഭിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന നിരവധി മുറികളുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തീ അതിവേഗം പടര്‍ന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ സഹജയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്റര്‍ മാറ്റുന്നതിന് മുന്‍പ് ലൈവ് വീഡിയോയില്‍ സഹജയെ മാതാപിതാക്കളെ കാണിച്ചതായി ഒരു ബന്ധു പറഞ്ഞു.
സഹജ റെഡ്ഡി ജോഡിമെറ്റ്ല സ്വദേശിനിയാണ്. ജയകര്‍ റെഡ്ഡി, മരിയ ശൈലജ എന്നിവരുടെ മകളായ സഹജ ജംഗോണ്‍ ജില്ലയിലെ ഗുഡൂര്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റി ഓഫ് അല്‍ബാനിയില്‍ നിന്ന് സൈബര്‍ സുരക്ഷയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ സഹജ അല്‍ബാനിയില്‍ ജോലി ചെയ്യുകയായിരുന്നു. യുവതിയുടെ പിതാവ് സോഫ്റ്റ്വെയര്‍ പ്രൊഫഷണലും അമ്മ ഹൈദരാബാദില്‍ ഒരു അധ്യാപികയുമാണ്. വിശാഖപട്ടണം ആര്‍ച്ച്ബിഷപ്പ് ഉഡുമല ബാലയുടെ സഹോദരി പുത്രിയാണ് സഹജ.
ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സഹജയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. സഹജയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെ ധനസമാഹരണ കാമ്പയിന്‍ ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കല്‍ കുടുംബത്തിനെ സഹായിക്കുകയാണ് ലക്ഷ്യം. ഇതുവരെ ഏകദേശം 112,266 യുഎസ് ഡോളര്‍ സമാഹരിച്ചു. 'ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനങ്ങള്‍ യുവതിയുടെ കുടുംബത്തോടൊപ്പമുണ്ട്,' - എന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ കുറിച്ചു.




