പനാജി: വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള പ്രശസ്തമായ 'ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍' നിശാക്ലബ്ബിലുണ്ടായ അഗ്‌നിബാധയില്‍ 25 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം തുടരുന്നു. 'ബോളിവുഡ് ബാംഗര്‍ നൈറ്റ്' ആഘോഷിക്കുന്നതിനിടെയാണ് ക്ലബ്ബില്‍ തീ പടര്‍ന്നു പിടിച്ചത്. സംഭവ സമയം ഏകദേശം 100-ഓളം വിനോദസഞ്ചാരികളാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്. 'ഷോലെ' സിനിമയിലെ ഹിറ്റ് ഗാനമായ 'മെഹബൂബ ഓ മെഹബൂബ'യുടെ താളത്തിനൊത്ത് ഡാന്‍സര്‍ ചുവടുവെക്കുന്നതിനിടെയാണ് തീ പടരുന്നത്. തീപ്പിടിത്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഗാനത്തിന് ചുവടുവെച്ച് നര്‍ത്തകി നൃത്തംചെയ്യുന്നതും ഇതിനിടെ തൊട്ടു മുകളിലായി തീപടരുന്നതും ദൃശ്യങ്ങളില്‍ കാണാം. തീ പടര്‍ന്നുതുടങ്ങുമ്പോള്‍ ആളുകള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിനോദ സഞ്ചാരികള്‍ ക്ലബ്ബില്‍ നൃത്തം ആസ്വദിച്ചിരിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. നൂറോളം വിനോദ സഞ്ചാരികളായിരുന്നു ക്ലബ്ബില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. നാല് വിനോദ സഞ്ചാരികളും മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോലെ എന്ന ചിത്രത്തിലെ 'മെഹ്ബൂബാ.. മെഹ്ബുബാ... ' എന്ന ഗാനത്തിന് ചുവടുവെക്കുകകയായിരുന്നു നര്‍ത്തകി. ചുറ്റും മറ്റ് സംഗീതഞ്ജരേയും കാണാം. ഇതിനിടെയാണ് നര്‍ത്തകയുടെ തൊട്ടു മുകളിലായി തീപടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യഘട്ടത്തില്‍ ഇത് വലിയ കാര്യമാക്കിയില്ല. എന്നാല്‍, തീപടര്‍ന്നതോടെ സംഗീതോപകരണങ്ങളടക്കം ഉപേക്ഷിച്ച് സ്ഥലത്ത്‌നിന്ന് എല്ലാവരും മാറി. മിനിറ്റുകള്‍ക്കുള്ളില്‍ തീ നിശാക്ലബ്ബിനെ വിഴുങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുങ്ങിയ പ്രവേശന കവാടമായതിനാല്‍ ആളുകള്‍ക്ക് പെട്ടെന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരടക്കം പലരും ഇവിടെ കുടുങ്ങിപ്പോയി. പലരും പുകശ്വസിച്ച് ശ്വാസതടസ്സം നേരിട്ടാണ് മരിച്ചത്.

പെട്ടെന്നാണ് നൃത്തം നടക്കുന്നതിന്റെ മുകളിലായി മേല്‍ക്കൂരയില്‍ തീ ആളിയത്. എന്നാല്‍, പരിപാടി ആസ്വദിച്ചിരിക്കുന്നവര്‍ക്ക് ഇത് വലിയ അപകടത്തിന്റെ തുടക്കമാണെന്നു മനസ്സിലായില്ല. 'ആഗ് ലഗാ ദി അപ്‌നേ' (നിങ്ങള്‍ തീകൊളുത്തിയിരിക്കുന്നു) എന്നാണ് ഒരാള്‍ തമാശയെന്നോണം വിളിച്ചുപറഞ്ഞു. എന്നാല്‍, പിന്നിലായി രണ്ട് ക്ലബ് ജീവനക്കാര്‍ ആശങ്കയോടെ ഓടുന്നതും തീപടര്‍ന്നതിനു താഴെയുള്ള ലാപ്‌ടോപ്പ് ഉള്‍പ്പെടെ മാറ്റുന്നതും കാണാം. അപ്പോഴും നര്‍ത്തകിയും സംഗീതജ്ഞരും പരിപാടി നിര്‍ത്തിയിരുന്നില്ല. തീപടര്‍ന്നിട്ടും ഏതാനും നിമിഷങ്ങള്‍ പാട്ടും നൃത്തവും തുടര്‍ന്നു. പിന്നാലെ, നിമിഷങ്ങള്‍ക്കുള്ളില്‍ തീ സീലിങ്ങില്‍ ആളിപ്പടര്‍ന്നതും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ദുരന്തത്തിലേക്കു നീങ്ങി.

ക്ലബ്ബിലാകെ തീപടരുകയായിരുന്നു പിന്നീട്. ഇടുങ്ങിയ കവാടമായിരുന്നതു കാരണം ആളുകള്‍ക്ക് പെട്ടെന്നു പുറത്തേക്കോടി രക്ഷപ്പെടാനായില്ല. ചിലര്‍ താഴെയുള്ള അടുക്കളയിലേക്ക് ഓടി. എന്നാല്‍ ഇവരും ഏതാനും ജീവനക്കാരും പുറത്തുകടക്കാനാകാതെ തീയ്ക്കുള്ളില്‍ അകപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായത് ക്ലബ്ബിന്റെ ഇടുങ്ങിയ കവാടമായിരുന്നു. ഫയര്‍ഫോഴ്‌സിന് ഇതിലൂടെ അകത്തുകടക്കാന്‍ പ്രയാസമുണ്ടായി. ഫയര്‍ എന്‍ജിനുകള്‍ 400 മീറ്റര്‍ അകലെ നിര്‍ത്തിയിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തീപിടിത്തത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഗോവന്‍ സര്‍ക്കാര്‍. ഗോവയില്‍ ഇത്തരത്തിലൊരു അപകടം ആദ്യമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍

ഡാന്‍സറിന് പിന്നിലുള്ള കണ്‍സോളിന് മുകളില്‍ തീ പ്രത്യക്ഷപ്പെടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്. ക്ലബ്ബ് ജീവനക്കാരാണെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ ഉടന്‍തന്നെ കണ്‍സോളിന് അടുത്തേക്ക് ഓടിയെത്തി, ഉപകരണങ്ങള്‍ മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. തുടക്കത്തില്‍ അവിടെ ഉള്ളവര്‍ കാര്യമായ പേടിയില്ലാതെ പെരുമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ തീ പടര്‍ന്നതോടെ ആര്‍ട്ടിസ്റ്റുകള്‍ ഉപകരണങ്ങള്‍ അടക്കം ഉപേക്ഷിച്ച് ഓടിമാറുന്നതും നിമിഷങ്ങള്‍ക്കകം നര്‍ത്തകിയും ജീവനക്കാരുമടക്കം പുറത്തേക്ക് പോകുന്നതും കാണാം.

കാരണം വ്യക്തമല്ല

തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീ പടര്‍ന്നതിനു ശേഷം ഇടുങ്ങിയ വഴിയും, പുറത്തുകടക്കുന്നതിനുള്ള വഴിയുടെ കാര്യത്തിലുള്ള അറിവില്ലായ്മയും ദുരന്തവ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നാണ് ദൃക്സാക്ഷികളും അഗ്‌നിശമന സേനാംഗങ്ങളും പറയുന്നത്. മരിച്ചവരില്‍ പലരും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റു ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ചില വിനോദസഞ്ചാരികളും ജീവനക്കാരും താഴത്തെ അടുക്കള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച്, അവിടെ കുടുങ്ങിപ്പോവുകയും ചെയതു.

ഗോവയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിരീക്ഷണം: 'പ്രാഥമിക അന്വേഷണത്തില്‍ തീപിടിത്തം മുകള്‍നിലയില്‍ നിന്നാണ് ആരംഭിച്ചതെന്ന് തോന്നുന്നു. വാതിലുകള്‍ വളരെ ഇടുങ്ങിയതുകൊണ്ട് ചിലര്‍ക്ക് മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളു.തീവ്രത വര്‍ധിച്ചതോടെ മറ്റുള്ളവര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. വെന്റിലേഷന്‍ സൗകര്യമില്ലാത്തതിനാല്‍ അടിത്തട്ടിലേക്ക് പോയ പലരും ശ്വാസംമുട്ടി മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലിന്റെ ജനറല്‍ മാനേജര്‍മാര്‍ക്കും ഉടമയ്ക്കും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഫയര്‍ സേഫ്റ്റിയും നിര്‍മ്മാണ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.