കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ആഘോഷത്തിലാണ് ദിലീപിന്റെ ആരാധകര്‍. മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമെല്ലാം ആലുവയിലെ നടന്റെ വീട്ടില്‍ ആഘോഷത്തിലാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതിന് തൊട്ടുപിന്നാലെ ദിലീപിനെ വീണ്ടും മലയാള സിനിമയില്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹവുമായി അടുത്തുനില്‍ക്കുന്നവരും തുടങ്ങിക്കഴിഞ്ഞു. കേസില്‍ പ്രതിയാക്കപ്പെടുന്നതിന് മുമ്പ് ദിലീപ് ഭാഗമായിരുന്ന ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകളെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള നീക്കം തുടങ്ങി എന്നാണ് വിവരം.

കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ദിലീപിന് സംഘടനയില്‍ തുടരുന്നതില്‍ തടസമില്ല എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു കഴിഞ്ഞു. ഉത്തരവാദിത്തപ്പെട്ട കോടതി ഒരാള്‍ കുറ്റവിമുക്തനാണെന്ന് പറഞ്ഞാല്‍, സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിലീപിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ ഡയറക്ടേഴ്‌സ് യൂണിയനോട് ആലോചിക്കാന്‍ ആവശ്യപ്പെടുമെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. വിഷയത്തില്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിധിന്യായത്തിലേക്ക് എത്തിയ സാഹചര്യം ഫെഫ്ക വിശദമായി പഠിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ദിലീപിന് സംഘടനയില്‍ തിരികെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബി. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍: 'ദിലീപ് കുറ്റാരോപിതനായപ്പോള്‍ രണ്ടു മണിക്കൂറിനുള്ളില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കി ശക്തമായ നിലപാടെടുത്ത ഒരേയൊരു സംഘടന ഫെഫ്കയാണ്. അന്ന് വിശേഷിച്ചൊരു കമ്മറ്റിയും കൂടാതെ ഫെഫ്കയുടെ ഭരണഘടന ജനറല്‍ സെക്രട്ടറിക്ക് നല്‍കുന്ന അധികാരങ്ങളെ ആദ്യമായും അവസാനമായും ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി പ്രയോജനപ്പെടുത്തിയ ഒരേയൊരു സന്ദര്‍ഭം അതാണ്. ഒരു ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ കുറ്റാരോപിതനായ ദിലീപിനെ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തനായി മാറിയിരിക്കുന്നു. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ എന്തായിരിക്കണം എന്ന് ഞങ്ങള്‍ ഡയറക്ടേഴ്‌സ് യുണിയനോട് ആലോചിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ആ വിഷയത്തില്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ ഒരു തീരുമാനം എടുക്കും. ഏഴെട്ടു വര്‍ഷത്തെ വിചാരണയ്ക്കൊടുവില്‍ ദിലീപിനെപ്പോലെ പ്രധാനപ്പെട്ട ഒരു താരം അദ്ദേഹത്തില്‍ ചാര്‍ത്തപ്പെട്ട കുറ്റത്തില്‍ നിന്ന് വിമുക്തനായി തൊഴില്‍ മേഖലയിലേക്ക് തിരികെ വരുകയാണ്. പക്ഷേ നമുക്ക് അറിയാവുന്നതുപോലെ ഇത് കേവലമൊരു വിചാരണയുടെയോ അറസ്റ്റിന്റെയോ പ്രശ്‌നമല്ല. മലയാള സിനിമാ വ്യവസായത്തെ പല ചാലുകളിലേക്ക് തിരിച്ചുവിട്ട ഒരു സംഭവം കൂടിയാണ്. അറസ്റ്റിനെ തുര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടായിട്ടുണ്ട്. അതിനെ നമ്മള്‍ കാണാതെ പോകരുത്.

ഈ വിധിന്യായം ഇപ്പോള്‍ വരുമ്പോള്‍, ഏറ്റവും ഫലപ്രദമായി പൊലീസ് അന്വേഷിച്ച ഒരു കേസ്, ഏറ്റവും ശുഷ്‌കാന്തിയോടുകൂടി വിചാരണ നടത്തിയ കേസ്, അതില്‍ ഇത്തരത്തിലുള്ള ഒരു വിധി ഉണ്ടാകുമ്പോള്‍ ആ വിധി ന്യായം കാണേണ്ടതുണ്ട്, അത് വിശദമായി വായിക്കേണ്ടതുണ്ട്. ആ വിധിന്യായത്തില്‍ പറയുന്ന കാര്യങ്ങളെ കാണാതെ പോകരുത്, അഡ്രസ് ചെയ്യാതെ പോകരുത് എന്ന് ഞങ്ങള്‍ക്ക് അഭിപ്രായമുണ്ട്. ഒരു സംഘടന എന്ന നിലയില്‍ അത്തരം കാര്യങ്ങളിലേക്ക് കടക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒരു തൊഴിലാളി പ്രസ്ഥാനം എന്ന നിലയില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനും വിശദമായി ചര്‍ച്ച ചെയ്യാനും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

ദിലീപിന്റെ കാര്യത്തില്‍ മാത്രമല്ല ഒരു ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ സംഘടനയില്‍ ക്രിമിനല്‍ കുറ്റാരോപിതരായവരെ സസ്‌പെന്‍ഡ് ചെയ്യാറുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലൊക്കെ അങ്ങനെ ഉണ്ടായിട്ടുണ്ട്. ഒരാള്‍ കുറ്റവിമുക്തനായാല്‍ അയാളുടെ മൗലിക അവകാശമാണ് സംഘടനായി പ്രവര്‍ത്തിക്കുക എന്നുള്ളത്. ഇത് സംഘടനയുടെ കമ്മറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെ. ഞാന്‍ ഒരു വിശേഷ അധികാരവും ഉപയോഗിക്കുന്നില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടോ എന്നുള്ളത് അന്വേഷിച്ചിട്ടില്ല. കോടതി ഒരു വിധി പറഞ്ഞാല്‍ ആ വിധി അംഗീകരിക്കുക എന്നുള്ളതല്ലാതെ അതില്‍ അമിതാഹ്ലാദം കൊള്ളുകയോ അതിനോട് പ്രതിക്ഷേധിക്കുകയോ ചെയ്യുന്നത് നല്ലകാര്യമല്ല. നമുക്ക് ഈ ലീഗല്‍ പ്രോസസ്സിനെക്കുറിച്ച് അറിയില്ല. പക്ഷെ ഇതിന്റെ ഒരു ഘട്ടത്തിലും ഈ അന്വേഷണത്തില്‍ നിന്ന് മാറി നില്‍ക്കുന്ന നടപടി ഉണ്ടാകരുത് എന്ന ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഞങ്ങളുടെ നിരവധി അംഗങ്ങളെ പൊലീസുകാര്‍ ഒരു മര്യാദയും ഇല്ലാതെ ചോദ്യം ചെയ്തിട്ടുണ്ട്, ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട് എന്നിട്ടുപോലും പൊതു സമൂഹത്തിലോ അധികാരകേന്ദ്രങ്ങളിലോ പ്രതിഷേധവുമായി ഞങ്ങള്‍ പോയിട്ടില്ല. ഞങ്ങള്‍ പറഞ്ഞത് സഹകരിക്കുക എന്നതാണ്. ഞങ്ങള്‍ കൃത്യമായിട്ടാണ് നിലപാട് എടുത്തിട്ടുള്ളത് ആ നിലപാടിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് ഈ വിധിന്യായം വായിക്കേണ്ടതുണ്ട് ഈ വിധിന്യായത്തിലേക്ക് എത്തിയ സാഹചര്യം ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്.''

ഫെഫ്ക നിലപാട് അറിയിച്ചതിന് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിര്‍മാതാക്കളുടെ സംഘടനയും രംഗത്ത് വന്നുകഴിഞ്ഞു. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. ദിലീപ് കത്ത് നല്‍കിയാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയതിനാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാല്‍ സംഘടനയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ദിലീപ് നിലവില്‍ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഷനിലാണെന്നും ബി രാഗേഷ് പറഞ്ഞു.

അതേസമയം അഭിനേതാക്കളുടെ സംഘടനയായ അമ്മയിലും തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇന്ന് ചേര്‍ന്ന അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം കോടതി വിധിയും ചര്‍ച്ച ചെയ്തു എന്നാണ് വിവരം. പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. അതിനിടെ കോടതി വിധി സ്വാഗതം ചെയ്ത് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ രംഗത്തെത്തി. ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് വ്യക്തിപരമായ വിശ്വാസമെന്നും കോടതി വിധി അംഗീകരിക്കുന്നു എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. സംഘടനാപരമായ കാര്യങ്ങള്‍ സംഘടന തന്നെ അറിയിക്കും എന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.

ഉയരങ്ങളില്‍ നിന്നും വീഴ്ച, തിരിച്ചുവരവ് സാധ്യമോ?

സ്വപ്ന സമാനമായ ഉയരത്തില്‍ നിന്നാണ് ദിലീപ് താഴേക്ക് പതിച്ചത്. സീനിയോറിറ്റിയില്‍ മലയാള സിനിമയിലെ അഞ്ച് സൂപ്പര്‍താരങ്ങളില്‍ അഞ്ചാമനായിരുന്നെങ്കിലും സിനിമയ്ക്കുള്ളിലെ സ്വാധീനത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തൊട്ടുതാഴെയോ ഒരുവേള അതിനും മുകളിലോ ആയിരുന്നു ദിലീപ്. സൂപ്പര്‍താര ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പരാജയപ്പെടുമ്പോഴും തന്റെ സിനിമകളിലൂടെ തിയേറ്ററില്‍ ആളെ നിറച്ചിരുന്നു ദിലീപ്.

കുറ്റാരോപിതനാകുന്നതിന് തൊട്ടുമുന്‍പ് വരെ ദിലീപ് അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയെ അടക്കി വാഴുകയായിരുന്നു. മിമിക്രി താരം, സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്നതില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടറിലേക്കും അവിടെ നിന്ന് സഹനടനിലേക്കും നടനിലേക്കും സൂപ്പര്‍താരത്തിലേക്കും വളര്‍ന്ന് നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ, ഹോട്ടല്‍ സംരംഭകന്‍, ചലച്ചിത്രസംഘടനകളുടെ ഭാരവാഹി എന്നിങ്ങനെ സിനിമയുടെ സര്‍വതലങ്ങളിലേക്കും വളര്‍ന്നയാളായിരുന്നു ദിലീപ്.

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരുടെ പങ്കാളി എന്ന നിലയിലും ദിലീപിനോട് ആളുകള്‍ക്ക് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ 2014 ന് ശേഷം ദിലീപിന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. ആ വര്‍ഷമാണ് മഞ്ജുവും ദിലീപും സംയുക്തമായി വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങിയത്. ഏറെ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 17 വര്‍ഷത്തെ ദിലീപ്-മഞ്ജു ദാമ്പത്യത്തിന് വിരാമമായത് 2015 ലാണ്.

ദിലീപിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള കാവ്യ മാധവനെ ചേര്‍ത്ത് നിര്‍ത്തിയുള്ള വഴിവിട്ട ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. 2016 നവംബറില്‍ കാവ്യ മാധവനും ദിലീപും വിവാഹിതരായി. 2017 ഫെബ്രുവരിയില്‍ ആണ് നടിയെ ആക്രമിച്ച കേസ് വരുന്നത്. പിന്നാലെ ഈ കേസില്‍ ദിലീപ് പ്രതിയാകുകയും ജയിലടയ്ക്കപ്പെടുകയും ചെയ്തു.

ഇതോടെ ദിലീപിനെ മലയാള സിനിമാ സംഘടനകളില്‍ നിന്ന് പുറത്താക്കി. പിന്നീടിറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ രാമലീല ഒഴികെ ഒന്ന് പോലും തിയേറ്ററില്‍ ചലനമുണ്ടാക്കുകയും ചെയ്തില്ല. കേസില്‍ കുറ്റവിമുക്തനായതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് ദിലീപ്. റിലീസിനൊരുങ്ങുന്ന ഭഭബ എന്ന സിനിമ ദിലീപിന്റെ തിരിച്ചുവരവായി ഇതിനോടകം ആരാധകരെല്ലാം വിധിയെഴുതി കഴിഞ്ഞു.

റിലീസ് കാത്ത് ഭഭബ

നടിയെ ആക്രമിച്ച കേസില്‍ വിധിപ്രസ്താവം വരുന്നതിനും മുന്‍പേ ദിലീപ് ചിത്രം ഭഭബ ടിഷര്‍ട്ട് പ്രിന്റുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. അടുത്തതായി പുറത്തുവരാനിരിക്കുന്ന ദിലീപ് ചിത്രമാണ് ഭഭബ. ഷര്‍ട്ട് പ്രിന്റ് ചെയ്യുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ഷര്‍ട്ട് പ്രിന്റ് ചെയ്യുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുള്ളത്. ദിലീപ് കുറ്റവിമുക്തനാകും എന്ന് ഒരുപക്ഷേ കാലേകൂട്ടിക്കണ്ടു കൊണ്ടാണോ ഇങ്ങനെയൊരു നീക്കമുണ്ടായത് എന്നറിയേണ്ടിയിരിക്കുന്നു. കേസില്‍ ഒന്നും മുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടുകയായിരുന്നു. ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരാണ് ഭഭബയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഭഭബയില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറ്റവും പുതിയ ടീസറും ഇത് സ്ഥിരീകരിക്കുന്നു.

ദിലീപിനെ വെറുതെ വിട്ട് കോടതി

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയില്‍ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസില്‍ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പള്‍സര്‍ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാല്‍, തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.നിലവില്‍ ജാമ്യത്തിലുള്ള ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. ഒന്നും മുതല്‍ ആര് വരെ പ്രതികള്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.

രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസില്‍ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസില്‍ നടന്‍ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറില്‍ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിന്‍ ലാല്‍, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകന്‍ രാജു ജോസപ്, അഭിഭാഷകന്‍ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.

2012 മുതല്‍ തന്നെ നടന്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണക്കിടെ കോടതിയെ അറിയിച്ചത്. 2012 മുതല്‍ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും നടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയില്‍ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇതിനിടെ തന്നെ അറിയില്ലെന്ന ദിലീപിന്റെ നിലപാട് തളളി ഒന്നാം പ്രതി പള്‍സര്‍ സുനിയും വിചാരണയില്‍ രംഗത്തെത്തിയരുന്നു. തങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം അറിയാമെന്നായിരുന്നു പള്‍സര്‍ സുനിയുടെ നിലപാട് . നടിയെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയും സംഘവും മുന്‍പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03ന് ഗോവയില്‍ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാല്‍, ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയാക്കി നടി മടങ്ങിയതിനാല്‍ കൃത്യം നടന്നില്ല. തുടര്‍ന്നാണ് പിന്നീട് കൊച്ചിയില്‍ വെച്ച് ആക്രമിച്ചത്.