തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ഹോട്ടല്‍ മുറിയില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. സിപിഎം സഹയാത്രികനും മുന്‍ ഇടത് എംഎല്‍എയുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.

ഒരുമാസംമുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സംവിധായകന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് സിനിമാ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് പോലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പറഞ്ഞത്.

ഐഎഫ്എഫ്കെയിലേക്കുള്ള മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. സമിതി അംഗമാണ് പരാതിക്കാരി. തിരുവനന്തപുരത്താണ് സിനിമകളുടെ സ്‌ക്രീനിങ് നടന്നത്. ഇരുവരും താമസിച്ചിരുന്ന നഗരമധ്യത്തിലെ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമത്തിനെതിരെ യുവതി ശക്തമായി പ്രതികരിച്ചശേഷം ഹോട്ടല്‍മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഐഎഫ്എഫ്കെ ജൂറി ചെയര്‍മാനാണ് പി.ടി.കുഞ്ഞുമുഹമ്മദ്. ഇടത് സഹയാത്രികനായ കുഞ്ഞുമുഹമ്മദ് ഗുരുവായൂരില്‍ നിന്ന് രണ്ടു തവണ സിപിഎം സ്വതന്ത്ര എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേ സമയം ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുത്തതില്‍ പ്രതികരണവുമായി സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് രംഗത്ത് വന്നു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പി ടി കുഞ്ഞു മുഹമ്മദ് പ്രതികരിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ് തനിക്കെതിരെ മുന്‍പൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അവരോട് മാപ്പ് പറയാന്‍ തയാറാണ്. താന്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ആളാണ്. 28 വയസ്സില്‍ സിനിമയില്‍ വന്നയാളാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും പി ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.

ഡിസംബര്‍ 13ന് ആരംഭിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവം. മുഖ്യമന്ത്രി പരാതി കന്റോണ്‍മെന്റ് സ്റ്റേഷന് പരാതി കൈമാറിയിരുന്നു.