കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ 'പള്‍സര്‍' സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇംഗ്ലീഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുനിയെയും മറ്റ് അഞ്ച് പേരെയും കോടതി ശിക്ഷിച്ചെങ്കിലും, ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച ദുരൂഹത ഇപ്പോഴും ബാക്കിയാണ്. നടന്‍ ദിലീപിനെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയെങ്കിലും, തന്നെ ഈ കൃത്യത്തിനായി നിയോഗിച്ചത് ദിലീപാണെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ച് സമ്മതിച്ചിരിക്കുകയാണ്. ദി ന്യൂസ് മിനിറ്റാണ് ഈ വാര്‍ത്ത പുറത്തു വിടുന്നത്.

2017ല്‍ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ 'പള്‍സര്‍' സുനിയെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു 2025 ഡിസംബര്‍ 8-ന്, സുനിക്കൊപ്പം മറ്റ് അഞ്ച് പേരെയും തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളില്‍ കോടതി ശിക്ഷിച്ചു. അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ നിര്‍ണായകമായ ഒരു തെളിവ്, അപ്രത്യക്ഷമായ ഒരു ഫോണ്‍, എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പള്‍സര്‍ സുനി വിസമ്മതിക്കുന്നത് ഇപ്പോഴും ദുരൂഹതയായി തുടരുന്നു. താന്‍ ആര്‍ക്കും ഇതിനെക്കുറിച്ച് വെളിപ്പെടുത്തില്ലെന്ന് ആരോടോ വാക്ക് കൊടുത്തിട്ടുണ്ടെന്നും, ആ വാക്ക് പാലിക്കുമെന്നും സുനി പറയുന്നതായി ടിഎന്‍എം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസിലെ സുപ്രധാന തെളിവായ, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ, 'മിസ്സിംഗ് ഫോണ്‍' എവിടെയാണെന്ന് മാത്രം സുനി ആരോടും പറയില്ല. 'ആ ഫോണ്‍ ഞാന്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് നിങ്ങളോടോ മറ്റാരോടോ ഞാന്‍ പറയില്ല,' സുനി ഉറപ്പിച്ചു പറയുന്നു. 'ഇതൊരു വ്യക്തിക്ക് നല്‍കിയ വാക്കാണ്. ഞാന്‍ എപ്പോഴും എന്റെ വാക്ക് പാലിക്കും.' ആക്രമിക്കപ്പെട്ട നടി താനുമായിട്ടുള്ള രഹസ്യബന്ധം മുന്‍ഭാര്യ മഞ്ജു വാര്യരെ അറിയിച്ചതിലുള്ള പ്രതികാരമായി ദിലീപ് തന്നെ ഏല്‍പ്പിച്ച ക്വട്ടേഷനാണ് ഇതെന്ന് സുനി പറയുന്നു. എന്നാല്‍ സുനിയുടെ ഏറ്റവും വലിയ വൈരുധ്യവും ഈ വെളിപ്പെടുത്തലിലാണ്. മാസങ്ങളോളം പത്രപ്രവര്‍ത്തകനോട് കുറ്റം ഏറ്റുപറഞ്ഞ സുനി, കോടതിയില്‍ എത്തിയപ്പോള്‍ പറഞ്ഞത് കള്ളം! 'നടിയെ ലൈംഗികമായി ഉപദ്രവിക്കുമ്പോള്‍ ഞാന്‍ കാറില്‍ ഉണ്ടായിരുന്നില്ല,' എന്നായിരുന്നു ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

ദിലീപുമായി തനിക്ക് ബന്ധമുണ്ടെന്നും, നടന്റെ ഭാര്യക്കും കൂട്ടുകാര്‍ക്കും വേണ്ടി പല ജോലികളും താന്‍ ചെയ്തിട്ടുണ്ടെന്നും സമ്മതിച്ച സുനി, ഗൂഢാലോചനയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുനി നല്‍കിയ മറുപടി കേട്ട് മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്. 'കോടതിയില്‍ അങ്ങനെ മാത്രമേ സംസാരിക്കാന്‍ കഴിയൂ'. കുറ്റബോധത്തിന്റെ ഒരു കണികപോലും ഇല്ലാത്ത മനസ്സാണ് തനിക്കെന്ന് സുനി തന്റെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തുന്നു. 19-ാം വയസ്സു മുതല്‍ മോഷണം, മയക്കുമരുന്ന്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പല കേസുകളിലും പ്രതിയായിട്ടുള്ള സുനി താന്‍ ആരാണെന്ന് തുറന്നു സമ്മതിച്ചു. 'ആരെയെങ്കിലും തട്ടിക്കൊണ്ടുപോകുന്നത് വലിയ കാര്യമൊന്നുമല്ല. തെരുവില്‍ നിന്ന് ഒരു കോഴിയെ എടുക്കുന്നത് പോലെയാണത്. യഥാര്‍ത്ഥത്തില്‍ ഒരു റിസ്‌കും ഇല്ല,' ചിരിച്ചുകൊണ്ട് സുനി പറഞ്ഞ വാക്കുകള്‍ അയാളുടെ വളഞ്ഞ മനസ്സിന്റെ ആഴം വ്യക്തമാക്കുന്നു.

'എനിക്കൊരു പ്രശ്‌നമുണ്ട്. എനിക്ക് 'സഹായിക്കാനുള്ള സ്വഭാവം' കൂടുതലാണ്. ആരെങ്കിലും ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ എനിക്ക് 'ഇല്ല' എന്ന് പറയാന്‍ കഴിയില്ല,' എന്നായിരുന്നു ഈ ക്രൂരകൃത്യം ചെയ്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ സുനിയുടെ പ്രതികരണം. 2017 ഫെബ്രുവരിയില്‍, കൊച്ചിയിലെ തിരക്കേറിയ തെരുവുകളിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ പ്രമുഖ നടി. െതട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം കേരളത്തെ ഞെട്ടിക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. നടന്‍ ദിലീപിന്റെ വിവാഹേതര ബന്ധം നടി വെളിപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് ദിലീപ് സുനിയെയും സംഘത്തെയും വാടകയ്ക്കെടുത്തതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഈ ഗൂഢാലോചനാ സിദ്ധാന്തം കോടതി അംഗീകരിച്ചില്ല, ഇതോടെ ദിലീപിന് കേസില്‍ നിന്നും കുറ്റവിമുക്തി കിട്ടി.

തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സുനി ശിക്ഷിക്കപ്പെട്ടത്. എന്നാല്‍, സുനിയെ ആര് വാടകയ്ക്കെടുത്തു, ഈ കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നിയമപരമായി ഇപ്പോഴും ഉത്തരമില്ല. വിധി പ്രസ്താവിക്കുമ്പോള്‍ സുനി യാതൊരു ഭാവഭേദവുമില്ലാതെയാണ് കാണപ്പെട്ടത്. പിന്നീട്, മാധ്യമപ്രവര്‍ത്തകര്‍ ദിലീപിന് പിന്നാലെ പോയപ്പോള്‍, ഒരു സുഹൃത്തിനോട് മദ്യം എത്തിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിധിക്ക് പിന്നാലെ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.