കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണഗാനം ചെയ്തിട്ടും അതിന്റെ പ്രതിഫലം നല്‍കാതെ വന്നതോടെ പ്രതിഷേധ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഗായകന്റെ പ്രതിഷേധം. ഗായകനും സിനിമ താരവുമായ ആലുവ സ്വദേശി അന്‍വറാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും പ്രചരണഗാനം ചെയ്തതിന്റെ പ്രതിഫലം കിട്ടാതെ വന്നതോടെയാണ് പണം തരാത്ത സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും പേര് വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി പ്രതിഷേധ ഗാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

'വോട്ടിനായി പാട്ട് ചെയ്തു കാശ് കിട്ടില്ല, കാശിനായി കോള് ചെയ്തു ഫോണ്‍ എടുത്തില്ല.

വികസനങ്ങള്‍ മലമറിക്കും എന്ന് എഴുതുവാന്‍ സാരഥികള്‍ ചൊല്ലിയത് പാട്ടിലാക്കി ഞാന്‍

പെട്ടുപോയി ഞാനും പെട്ടുപോയി, വോട്ട് ചെയ്ത വോട്ടര്‍മാരും പെട്ടുപോയി

അവര്‍ ജയിച്ചാല്‍ വാര്‍ഡ് മുടിഞ്ഞു പോകും' ഈ വരികളാണ് 'ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍' എന്ന പാട്ടിന്റെ ഈണത്തില്‍ പാടി അന്‍വര്‍ പങ്കുവച്ചത്. ഓരോ സ്ഥാനാര്‍ഥികള്‍ക്കുമായി പാട്ടിന്റെ വരികള്‍ എഴുതി സംഗീതം നല്‍കി റെക്കോര്‍ഡ് ചെയ്ത് നല്‍കിയത് നാടുനീളെ പ്രചാരണം നടത്തിയിട്ടും അതിന്റെ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചതോടെയാണ് അന്‍വര്‍ തന്റെ വേറിട്ട പ്രതിഷേധം നടത്തിയത്. പ്രചരണ ഗാനം ചെയ്തതിന് കുറെ ആളുകള്‍ പൈസ തന്നു, കുറെ ആളുകള്‍ പറ്റിച്ചു എന്ന് പറഞ്ഞപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തണം എന്ന് സുഹൃത്തുക്കളാണ് പറഞ്ഞതെന്നും അത് അനുസരിച്ചാണ് പാട്ട് ചെയ്തതെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നു.

ഇലക്ഷന്‍ പാട്ടുകളുടെ തിരക്കിലായിരുന്നു ഇതുവരെ. തിരക്കിട്ട് ഉറക്കളച്ച് പണി എടുത്തിട്ട് കുറെ ആളുകള്‍ പൈസ തന്നു. കുറെ പേര്‍ പറ്റിച്ചു. പാട്ട് ചെയ്തിട്ട് കുറേ പേര്‍ പൈസ തരാനുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവരുടെ പേര് വെളിപ്പെടുത്തണം, അവരുടെ ഫോട്ടോ ഇടണം എന്ന് പറഞ്ഞു. പൈസ കിട്ടിയില്ല എന്ന് പറഞ്ഞ് പാരഡി പോലെ ഒരു പാട്ട് ചെയ്യാന്‍ കുറെ പേര്‍ പറഞ്ഞു. അത് നല്ല ഒരു ആശയമാണെന്ന് എനിക്ക് തോന്നി. നാല് വരി മാത്രം എഴുതി ഞാന്‍ പോസ്റ്റ് ചെയ്യുകയാണ്. ഇത് കണ്ടിട്ട് പോലും റെസ്‌പോണ്‍സ് ഇല്ലെങ്കില്‍ ഫുള്‍ ലംഗ്ത് പാട്ട് ഇടും. ഇത് ഒരു ഓര്‍മപ്പെടുത്തലാണ്, എന്തായാലും ഇനി ഫോട്ടോ വച്ചുള്ളത് വരും, നേരംപോക്കായിട്ട് കണ്ടാല്‍ മതി.

എന്റെ ഒരു പ്രതിഷേധം ആണിത്. എനിക്ക് അറിയാവുന്ന പാട്ടിലൂടെ എന്റെ പ്രതിഷേധവും വിഷമവും ഒക്കെ വെളിപ്പെടുത്തുന്നു എന്നു മാത്രം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച വീഡിയോയില്‍ അന്‍വര്‍ പറഞ്ഞിരുന്നു.

പാട്ട് ചെയ്യാന്‍ അവര്‍ അയച്ചുതന്ന എല്ലാ അവരുടെ സ്ഥാനാര്‍ഥിയുടെ ചിഹ്നം അടക്കമുണ്ട്. അതെല്ലാം എന്റെ കയ്യില്‍ ഭദ്രമാണ്. അങ്ങനെ വരുത്തരുതെ എന്ന് പ്രാര്‍ഥിക്കുന്നു. എഴുതി വന്നപ്പോള്‍ നല്ല രസം തോന്നിയത് കൊണ്ട് ഇത് നിങ്ങനെ ഒന്നു കേള്‍പ്പിക്കാമെന്ന് വിചാരിച്ചു. ഇത് കാണുന്ന സ്ഥാനാര്‍ഥി അല്ലെങ്കില്‍ എന്നെ പാട്ട് ചെയ്യാന്‍ ഏല്‍പ്പിച്ചവരും ഇത് ഒന്നു കേള്‍ക്കുക. എത്രയും പെട്ടെന്ന് ക്യാഷ് തന്ന് സെറ്റില്‍ ചെയ്യുക. ഉറക്കം ഒഴിച്ചിരുന്ന് ചെയ്തതാണ് പറ്റിക്കരുത്, പ്ലീസ്.... എന്നായിരുന്നു അന്‍വര്‍ വീഡിയോയില്‍ പറഞ്ഞത്. എന്തായാലും പ്രതിഷേധം ഫലം കണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ പ്രതിഷേധ ഗാനം പങ്കുവച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കാനുള്ള പണം നല്‍കിയെന്ന മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ അറിയിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്.. ഇലക്ഷന് തലേദിവസം, നന്നായിട്ടുണ്ട്. രൂപ കിട്ടിയില്ല എന്നറിഞ്ഞപ്പോവിഷമം തോന്നി. രാഷ്ടീയക്കാരല്ലേ. എന്തു കൊണ്ട് മുന്‍കൂര്‍ വാങ്ങിച്ചില്ല? ജാഗ്രതൈ....,

അഡ്വാന്‍സ് കാശ് വാങ്ങിക്കാതെ ഒരു വര്‍ക്കും ചെയ്യരുത് (പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ ) അതുകൊണ്ട് കിട്ടുന്നത് ഭംഗിയായി ചെയ്യാനും അതുകഴിഞ്ഞു സമാധാനമായിരിക്കാനും സാധിക്കും.... ചായ കുടിച്ചിട്ട് ക്യാഷ് തരാത്ത ടീം ഉണ്ട്..... എന്നിങ്ങനെ ഒട്ടേറെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റുകള്‍.

പണം കിട്ടിയെന്ന കുറിപ്പിനും ആഹ്ലാദം പങ്കുവച്ച് ഒട്ടേറെ കമന്റുകളുണ്ട്. എന്നാപ്പിന്നെ അതും വെച്ച് ഒരു താങ്ക്‌സ് പാട്ട് ഇറക്കൂ ബ്രോ....

ഇനിപൈസകിട്ടാനുള്ളവരൊക്കെ അന്‍വറിനെ സമീപിച്ചാല്‍ മതി ഒരുപാട്ട്ഇട്ടാല്‍ പൈസതാനെ വീട്ടില്‍എത്തും എന്തായാലും ഈ ബുദ്ധികലക്കി.....

നിങ്ങള്‍ നാറ്റിക്കും എന്ന് കരുതി ഇട്ടു തന്നതാകും. അവരുടെ കയ്യിലൊന്നും പൈസ ഉണ്ടാവില്ല. ഒരു സ്ഥാനാര്‍ഥിക്ക് ചുരുങ്ങിയത് 6 8 രൂപ ചിലവാകും.... ഇങ്ങനെ പോകുന്നു കമന്റുകള്‍.