- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചുമ്മാ...ഒന്ന് നടക്കാനിറങ്ങിയ ആ വയോധികൻ; കാഴ്ചകൾ എല്ലാം ആസ്വദിച്ച് നടത്തം; പെട്ടെന്ന് ഇളം കാറ്റിൽ പാറി പറന്നെത്തിയതൊരു 'ഇല'; അത് അറിയാതെ തന്റെ 'വാ'യിലേക്ക് വീണതും പൊല്ലാപ്പ്; കോടതി കയറിയിറങ്ങി 86-കാരൻ
ലിങ്കൺഷെയർ: യുകെയിലെ ലിങ്കൺഷെയറിലെ സ്കെഗ്‌നെസിൽ കാറ്റിൽ പറന്ന് വായിൽ വീണ ഇല പൊതുവഴിയിൽ തുപ്പിക്കളഞ്ഞ 86 വയസ്സുകാരന് 150 പൗണ്ട് (ഏകദേശം 18,137 രൂപ) പിഴ ചുമത്തിയ സംഭവം വിവാദമായി. പൊതുഇടങ്ങൾ വൃത്തിയായി പരിപാലിക്കുന്നതിൽ രാജ്യങ്ങൾ അതീവ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും, ഈ സംഭവത്തിൽ അധികൃതരുടെ നടപടി സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ വിമർശനമുയർത്തി.
റോയ് മാർഷ് എന്ന വൃദ്ധനാണ് ഈ വിചിത്രമായ പിഴ ശിക്ഷ നേരിട്ടത്. വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് റോയ്. കൂടാതെ ഗുരുതരമായ ആസ്ത്മയും ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ട്. സ്കെഗ്‌നെസിലൂടെ നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി കാറ്റിൽ പറന്നുവന്ന ഇല വായിൽ വീഴുകയായിരുന്നു. അസ്വസ്ഥത തോന്നിയ അദ്ദേഹം ഉടൻ തന്നെ ചുമച്ച് ഇല പുറത്തേക്ക് തുപ്പിക്കളഞ്ഞു. ഇല വീണത് പൊതുസ്ഥലത്തായിരുന്നു.
ഇതിന് പിന്നാലെ, സ്ഥലത്തെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റോയ് മാർഷിനെ സമീപിക്കുകയും 250 പൗണ്ട് (ഏകദേശം 30,229 രൂപ) പിഴ ചുമത്തുകയും ചെയ്തു. താൻ ബോധപൂർവമല്ല ഇത് ചെയ്തതെന്നും, വായിൽ വീണ ഇല ചുമച്ച് കളയുകയായിരുന്നുവെന്നും അദ്ദേഹം അധികൃതരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, റോയ് മാർഷ് ബോധപൂർവം നിലത്ത് തുപ്പുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. പ്രദേശത്തെ പരിസ്ഥിതി നിയമങ്ങൾ അനുസരിച്ച് ഇത് കുറ്റകരമാണെന്നും അവർ വ്യക്തമാക്കി.
തുടർന്ന് റോയ് മാർഷ് പിഴയ്‌ക്കെതിരെ അപ്പീൽ നൽകിയതിനെത്തുടർന്ന് പിഴത്തുക 250 പൗണ്ടിൽ നിന്ന് 150 പൗണ്ടായി കുറച്ചു. എന്നിരുന്നാലും, ഒരു ഇല തുപ്പിക്കളഞ്ഞതിന് ഇത്രയും വലിയ പിഴ ചുമത്തിയതിൽ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർ കൗൺസിലിനെ വിമർശിച്ചു.
അതേസമയം, സ്കെഗ്‌നെസിലെ നിയമപാലക സംഘങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഈസ്റ്റ് ലിൻഡ്‌സി ജില്ലാ കൗൺസിൽ തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. പരിസ്ഥിതിയെ മലിനമാക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടാൽ ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്നും, പ്രവർത്തനങ്ങളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൗൺസിൽ അറിയിച്ചു. കൗൺസിലിനെതിരെ സമാനമായ പരാതികൾ മുൻപും ലഭിച്ചിട്ടുള്ളതായി കൗൺസിലർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.




