ഗാസ: ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വാര്‍ത്തകളായി നിറയുമ്പോഴും ഹമാസ് ഭീകരര്‍ നടത്തുന്ന കൊടുംക്രൂരതകള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നത് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഹമാസ് ഭീകരരുടെ ക്രൂരതയും കൊലപാതകത്തിന്റെ രീതികളും അറിയാത്തവര്‍, അല്ലെങ്കില്‍ അറഞ്ഞിട്ടും മിണ്ടാത്തവര്‍ പോലും ഇസ്രയേലുകാരിയായ 19 കാരി കൊല്ലപ്പെട്ട രീതി അറിഞ്ഞാല്‍ ഞെട്ടിത്തരിച്ച് പോകും.

ഹമാസ് ഭീകരരുടെ ക്രൂരതയുടെ നേര്‍സാക്ഷ്യങ്ങള്‍ അവസാനിക്കുന്നില്ലായെന്ന് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നു. വെടിനിര്‍ത്തലിന് ശേഷവും ആ ക്രൂരതയുടെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് തന്റെ മകളുടെ കൊലപാതകം വീഡിയോയില്‍ കാണേണ്ടിവന്ന അവി മാര്‍സിയാനോ എന്ന പിതാവിന്റെ വേദനിപ്പിക്കുന്ന തുറന്നുപറച്ചില്‍. വെറും 19 വയസ് മാത്രം പ്രായമുള്ള നോവ മാര്‍സിയാനോയെന്ന് പെണ്‍കുട്ടിയെയാണ് ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയത്.

ഒക്ടോബര്‍ 7 ന് തട്ടിക്കൊണ്ടുപോയ ആ ഇസ്രായേലി പെണ്‍കുട്ടിയെ ഗാസയില്‍ വെച്ച് ഒരു സിവിലിയന്‍ ഡോക്ടര്‍ കൊലപ്പെടുത്തിയെന്നും - പിന്നീട് അവള്‍ കൊല്ലപ്പെടുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ പകര്‍ത്തി തനിക്ക് അയച്ചു തന്നുവെന്നുമാണ് അവി മാര്‍സിയാനോ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട് ഡോക്ടര്‍മാര്‍ തന്നെ ജീവനെടുക്കാന്‍ നേതൃത്വം നല്‍കുമ്പോള്‍ അവരുടെ മനസിലുള്ള ക്രൂരതയുടെ ആഴം കൂടിയാണ് തെളിയുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഡല്‍ഹി സ്ഫോടനത്തില്‍ പ്രതികളായ ഡോക്ടര്‍മാരുടെ മറ്റൊരു പതിപ്പ്. അല്ലെങ്കില്‍ മറ്റൊരു മുഖം. രണ്ടിനെയും ഒറ്റ വാക്കില്‍ വൈറ്റ് കോളര്‍ ടെററിസം എന്ന് വിശേഷിപ്പിക്കാം.

തനിക്ക് കിട്ടിയ ദൃശ്യത്തെക്കുറിച്ച് അവി മാര്‍സിയാനോ പറഞ്ഞത് ഇങ്ങനെ:

അല്‍ ഷിഫ ആശുപത്രിയിലെ കട്ടിലില്‍ കിടന്ന് ജീവനുവേണ്ടി യാചിക്കുന്ന തന്റെ 19 വയസ്സുള്ള മകളുടെ സിരകളിലേക്ക് ഒരു മെഡിക്കല്‍ ജീവനക്കാരന്‍ വായു കുത്തിവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം എന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി ഒരു ചെറിയ ജനക്കൂട്ടത്തോട് പരസ്യമായി സംസാരിച്ച മാര്‍സിയാനോ, ക്ലിപ്പിന്റെ അവസാന ഭാഗത്ത് 'അവള്‍ വിയര്‍ക്കുന്നുണ്ടായിരുന്നുവെന്നും, ജീവിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല' എന്ന് പറഞ്ഞു.

കനത്ത ബോംബാക്രമണത്തിലും വെടിവെപ്പിലും അവര്‍ക്ക് പരിക്കേറ്റെങ്കിലും അത് പക്ഷേ ജീവന്‍ നഷ്ടപ്പെടാന്‍ മാത്രമുള്ള അവസ്ഥയായിരുന്നില്ലായെന്ന് ഐഡിഎഫ് പറഞ്ഞു. നോവയെ തടവിലാക്കിയ സ്ഥലത്തേക്ക് ഇസ്രായേല്‍ സൈന്യം മുന്നേറിയപ്പോള്‍, അവളെ പിടികൂടി ഭീകരര്‍ ഗാസ സിറ്റിയിലേക്ക് മാറ്റി, അവിടെവെച്ച് അവള്‍ പിന്നീട് കൊല്ലപ്പെടുകയായിരുന്നു.

ഇസ്രായേല്‍ ആക്ടിവിസ്റ്റ് ഷായ് ഡെലൂക്ക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ടെലിഗ്രാമില്‍ തനിക്ക് അയച്ചതാണെന്നും ഹമാസിന്റെ തടവില്‍ വെച്ച് തന്റെ മകള്‍ എങ്ങനെ മരിച്ചുവെന്ന് വ്യക്തമായി കാണിച്ചുതന്നതാണെന്നും മാര്‍സിയാനോ പറഞ്ഞു. താന്‍ കടന്നുപോയത് 'നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പേടിസ്വപ്ന'ത്തിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ചില പ്രഭാതങ്ങളില്‍ താന്‍ ഇപ്പോഴും ഉണരുമ്പോള്‍ അവളുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'നോവ എന്റെ മൂത്ത മകളായിരുന്നു, അവളെ മിസ്സ് ചെയ്യാത്ത ഒരു ദിവസവുമില്ല' എന്ന് അദ്ദേഹം പറഞ്ഞു.

ഹൃദയഭേദകമായ പ്രസംഗത്തിനൊടുവില്‍, താന്‍ കണ്ട കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ മാര്‍സിയാനോ ശ്വാസം മുട്ടുന്നത് കാണാം. തുടര്‍ന്ന് ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 7 ന് നഹല്‍ ഓസ് സൈനിക താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വനിതാ സൈനികരില്‍ ഒരാളായിരുന്നു നോവ, ജീവനോടെ തിരിച്ചെത്താത്ത ഒരേയൊരു വ്യക്തിയും അവരായിരുന്നു. 2023 നവംബറില്‍ ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിയോട് ചേര്‍ന്നുള്ള ഒരു കെട്ടിടത്തില്‍ നിന്ന് അവരുടെ മൃതദേഹം ഐഡിഎഫ് കണ്ടെടുക്കുകയും സംസ്‌കാരത്തിനായി ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് തറപ്പിച്ചു പറയുന്നത്. ചെയ്യുന്ന ക്രൂരതകള്‍ അം ഗീകരിച്ച് ചരിത്രമില്ലാത്തതിനാല്‍ അതില്‍ പുതുമയൊന്നും തോന്നുന്നുമില്ല.