കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ജഡ്ജിമാര്‍ക്കടക്കം ഊമക്കത്ത് അയച്ചത് എറണാകുളത്തു നിന്ന് എന്ന് കണ്ടെത്തി അന്വേഷണം സംഘം. പള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍നിന്നാണു കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കത്ത് പോസ്റ്റ് ചെയ്തത്. മാസ്‌ക് ധരിച്ചെത്തിയ ആളാണ് ഊമക്കത്ത് അയച്ചത്. സ്പീഡ് പോസ്റ്റായി ഇയാള്‍ 33 കത്തുകള്‍ പോസ്റ്റ് ചെയ്തതായും ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും സൂചനയുണ്ട്.

ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി തനിക്കു ലഭിച്ച ഊമക്കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കൈമാറിയതിനു പിന്നാലെയാണ് രഹസ്യാന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും ഏഴാം പ്രതി ചാര്‍ളി തോമസിനെയും എട്ടാം പ്രതി ദിലീപ് അടക്കമുള്ള മറ്റു പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. കത്തിന്റെ പുറത്ത് ഫ്രം അഡ്രസായി രാംകുമാര്‍ എന്ന പേരായിരുന്നു. എന്നാല്‍ കത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്നാണുണ്ടായിരുന്നത്. കത്തിനു പിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജഡ്ജിയെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ കാണുന്നവരുണ്ട്. മാസ്‌ക് ധരിച്ച് കത്ത് പോസ്റ്റു ചെയ്തയാളെ പിടിച്ചാല്‍ സത്യം പുറത്താകും.

'നടിയെ ആക്രമിച്ച കേസിന്റെ വിധിയുടെ വിശദാംശങ്ങള്‍ വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി രംഗത്തുവന്നു. ഡിസംബര്‍ രണ്ടാം തീയതി ഇന്ത്യന്‍ പൗരന്‍ എന്ന പേരില്‍ അയച്ച കത്താണ് ലഭിച്ചതെന്നും കേസിലെ ആദ്യ ആറ് പ്രതികളും കുറ്റക്കാരാകുമെന്നും ഏഴും എട്ടും പ്രതികളെ കുറ്റവിമുക്തരാക്കുമെന്നും കത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. വിധി പ്രസ്താവിച്ചപ്പോള്‍ ഇത് സത്യമാണെന്ന് മനസിലാക്കിയ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയെന്നും പറയുന്നു. വിചാരണക്കോടതി ജഡ്ജിയുടെ സുഹൃത്തായ ഷെര്‍ലിയെക്കൊണ്ടാണ് വിധി എഴുതിച്ചതെന്നും കേസിലെ പ്രതിയായ ശരത്തുമായി ചേര്‍ന്ന് കച്ചവടമുറപ്പിച്ചെന്നും കത്തിലുണ്ട്. ജസ്റ്റിസ് കമാല്‍ പാഷയ്ക്കും ഇതുപോലൊരു കത്ത് ലഭിക്കുകയുണ്ടായി. അദ്ദേഹം ആദ്യം അത് അവഗണിക്കുകയും എന്നാല്‍ വിധി വന്നപ്പോള്‍ അത്ഭുതപ്പെടുകയും ചെയ്തു. ഈ കത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ് നല്‍കിയതടക്കമുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 18ന് പരിഗണിക്കാന്‍ മാറ്റി. മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ക്കെതിരേയാണു കോടതിയലക്ഷ്യഹര്‍ജി. അടച്ചിട്ട കോടതിമുറിയില്‍ നടന്ന വിചാരണനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതും പറഞ്ഞതുമായി ബന്ധപ്പെട്ടാണു ദിലീപ് ഹര്‍ജി നല്‍കിയത്. ഈ കേസിലെ കോടതി തീരുമാനം നിര്‍ണ്ണായകമാകും. അതിനിടെ ജുഡീഷല്‍ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിഭാഷകരും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളും വിട്ടുനിന്നില്ലെങ്കില്‍ അതു ഗൗരവമായി കാണുമെന്ന മുന്നറിയിപ്പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും വിധി പ്രഖ്യാപന ദിനത്തില്‍ നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം നടക്കവേയാണു തനിക്കെതിരായ ആരോപണങ്ങള്‍ ജഡ്ജി ഹണി എം. വര്‍ഗീസ് പരാര്‍മശിച്ചത്. ഈ കേസിന്റെ തുടക്കം മുതല്‍ കോടതിക്ക് അകത്തും പുറത്തും പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഹണിയുടെ ഭൂതകാലവും പശ്ചാത്തലവും തിരഞ്ഞോളൂ. എന്നാല്‍ ജുഡീഷല്‍ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അഭിപ്രായസ്വാതന്ത്ര്യത്തിനു പരിധികളുണ്ടെന്നും ജഡ്ജി ഓര്‍മിപ്പിച്ചു. സ്ത്രീയെ മനുഷ്യനായി കാണാതെ ഉപഭോഗവസ്തുവായി കാണുന്ന സമീപനമാണു നടി കേസിലുണ്ടായതെന്ന് വാദത്തിനിടെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളോടുള്ള ഈ സമീപനത്തെ അപലപിക്കുന്നതായും പറഞ്ഞിരുന്നു. വനിതാ ജഡ്ജിയായാലും ഈ സമീപനം തന്നെ ആയിരിക്കുമല്ലോയെന്ന് കോടതി ചോദിച്ചു.