ശബരിമല: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിലെത്തി. പുലര്‍ച്ചെയാണ് നടന്‍ സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫിസിലേക്ക് പോവുകയായിരുന്നു.

പിആര്‍ ഓഫീസില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലെത്തിച്ചത്. ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം ശ്രീകോവിലില്‍ ദര്‍ശനം നടത്തി. ദിലീപ് ശബരിമലയില്‍ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് ശബരിമലയിലെത്തിയത്. കഴിഞ്ഞ തവണ ദിലീപ് സന്നിധാനത്തെത്തിയത് വലിയ വിവാദമായിരുന്നു. പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നില്‍ ചെലവഴിച്ചതായിരുന്നു ഇതിന് കാരണം. അന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത്. ദിലീപിന്റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്.

അതേസമയം, ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയില്‍ ദിലീപിനെ എത്തിക്കാനുള്ള നീക്കം വിവാദമായിരുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണോദ്ഘാടനത്തില്‍ നിന്നാണ് വിവാദത്തെ തുടര്‍ന്ന് ദിലീപ് അവസാന നിമിഷം പിന്മാറിയത്. ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നുമാണ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് അശോക് കുമാര്‍ വ്യക്കമാക്കിയത്.

സാമൂഹിക മാധ്യമങ്ങളില്‍ ദിലീപിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച തുടരുകയാണ്. തുടര്‍ന്ന് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ് അശോക് കുമാര്‍ പറഞ്ഞു.

നാളെയാണ് ക്ഷേത്രത്തില്‍ ദിലീപ് ഉദ്ഘാടനം ചെയ്യേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളടക്കമുള്ളവര്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധിക്കെതിരെ ഇന്നലെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ദിലീപ് പിന്മാറിയ സംഭവം ഉണ്ടായത്.