കൊച്ചി: കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജിദ്ദയില്‍നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയില്‍ ഇറങ്ങിയത്. വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചുവെന്ന് പിന്നീടുനടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്ന് ടേക്ക് ഓഫിനിടെ ടയറില്‍ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിനു വിമാനം ശ്രമിച്ചത്. 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോയ വിമാനമാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 9.07ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ്ങിനു ശേഷമുള്ള പരിശോധനയിലാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. ബാഗേജുകള്‍ വിട്ടുകൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനുശേഷം ഇവരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചതോടെ വിമാനത്താവളത്തില്‍ സിഐഎസ്എഫ്, അഗ്‌നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജരായി നിന്നിരുന്നു. എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി. അടിയന്തര സാഹചര്യം ഒഴിവായ ആശ്വാസത്തിലാണ് വിമാനത്താവള അധികൃതര്‍.

അതേ സമയം ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് കൊച്ചിയില്‍ 9.20ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം മധുരയിലേക്കു വഴിതിരിച്ചുവിട്ടുവെന്ന് സിയാല്‍ അറിയിച്ചു. ശ്രീലങ്കന്‍ എയറിന്റെ ഫ്‌ലൈറ്റ് നമ്പര്‍ യുഎല്‍/165 ആണ് മധുരയിലേക്കു വിട്ടത്. ജിദ്ദയില്‍നിന്നുള്ള വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്ങിനെത്തുടര്‍ന്ന് റണ്‍വേ അടച്ചിടേണ്ടി വന്നതുകൊണ്ടാണ് കൊളംബോ കൊച്ചി വിമാനം മധുരയ്ക്കു വിടേണ്ടി വന്നത്.

അതീവ ഗുരുതര പിഴവുകള്‍?

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുണ്ടായത് ഗുരുതര സാങ്കേതിക പിഴവാണ് എന്നാണ് വിവരങ്ങള്‍. വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായി സംശയമുണ്ട്. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ പറയുന്നു. സാങ്കേതിക തകരാര്‍ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോള്‍ മാത്രമാണ്. ഇന്ന് പുലര്‍ച്ചെ 1.15നാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്.

വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചിയില്‍ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങള്‍.

വിമാനം സുരക്ഷിതമായി കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതായും യാത്രക്കാരെ എല്ലാവരെയും റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. ജിദ്ദയില്‍ നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെയാണ് ടയറില്‍ തകരാര്‍ ഉണ്ടായേക്കാമെന്ന വിവരം പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനുമാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊച്ചിയില്‍ വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകള്‍ നടന്നു വരികയാണെന്നും കമ്പനി അറിയിച്ചു.

പിന്നിട്ടത് ആശങ്കയുടെ നിമിഷങ്ങള്‍

റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചു. ഏറെ നേരത്തെ ആശങ്കയ്ക്ക് ഒടുവില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാന്‍ ആയി. അതീവ ആശങ്കാജനകമായ സാഹചര്യമാണ് വിമാനത്താവളത്തില്‍ ഉണ്ടായത്. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ കുറിച്ച് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് മുന്നോടിയായി വിമാനത്താവളത്തില്‍ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും അടക്കമുള്ള സജ്ജീകരണങ്ങള്‍ അടിയന്തരമായി ഒരുക്കുകയും ചെയ്തു. വന്‍ ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന അടിയന്തര സാഹചര്യമാണ് പൈലറ്റിന്റെയും വിമാനത്താവള ജീവനക്കാരുടെയും സമീപനമായ ഇടപെടലില്‍ ഒഴിവായത്. വലിയ ആശങ്കയും പരഭ്രാന്തിയും നിമിഷങ്ങളിലൂടെ ആയിരുന്നു കൊച്ചി വിമാനത്താവളം കടന്നുപോയത്.