ലണ്ടന്‍: കൊളംബിയയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വിഷം കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ബിസിനസുകാരി സുല്‍മ ഗുസ്മാന്‍ കാസ്‌ട്രോ (54) ഇന്റര്‍പോളിന്റെ പിടിയില്‍. ഇനെസ് ഡി ബെഡൗട്ട് (14), എമിലിയ ഫോറെറോ (13) എന്നീ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇനെസിന്റെ പിതാവ് ജുവാന്‍ ഡി ബെഡൗട്ടുമായുള്ള രഹസ്യബന്ധം തകര്‍ന്നതിലുള്ള പ്രതികാരമായി പഴങ്ങളില്‍ താലിയം (Thallium) എന്ന വിഷാംശമുള്ള ലോഹം കലര്‍ത്തി നല്‍കുകയായിരുന്നു. ഇവരുടെ ഒരു അഭിമുഖത്തിനിടെ 'ബക്സ്റ്റണ്‍' (Buxton) ബ്രാന്‍ഡ് കുപ്പി വെള്ളം കുടിച്ചതിലൂടെയാണ് ലണ്ടനിലെ ഒളിത്താവളത്തെക്കുറിച്ചുള്ള സൂചന ഇന്റര്‍പോളിന് ലഭിച്ചത്. .

'ഫോക്കസ് നോട്ടിസിയാസ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ഇവര്‍ കുടിച്ച കുപ്പിവെള്ളമാണ് ഇവരെ കുടുക്കിയത്. 'ബക്സ്റ്റണ്‍' എന്ന വാട്ടര്‍ ബ്രാന്‍ഡ് പ്രധാനമായും യുണൈറ്റഡ് കിംഗ്ഡത്തില്‍ (UK) മാത്രം ലഭ്യമാകുന്ന ഒന്നാണ്. ഈ വാട്ടര്‍ ബോട്ടില്‍ ലണ്ടനിലെ തെരുവുകളിലെ കടകളില്‍ സാധാരണയായി ലഭിക്കുന്നതാണെന്ന് കണ്ടെത്തിയതോടെ, കാസ്‌ട്രോ അര്‍ജന്റീനയിലല്ല, മറിച്ച് ലണ്ടനില്‍ തന്നെയുണ്ടെന്ന് ഇന്റര്‍പോള്‍ സ്ഥിരീകരിക്കുകയായിരുന്നു. ജുവാനുമായി തനിക്ക് ആറുവര്‍ഷത്തിലേറെ നീണ്ട അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അസൂയ കാരണം അദ്ദേഹത്തിന്റെ കാറില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ ഇവര്‍ സമ്മതിച്ചു. എന്നാല്‍ കുട്ടികളുടെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ഇവരുടെ വാദം. നിലവില്‍ ലണ്ടനില്‍ പിടിയിലായ ഇവരെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൊളംബിയയ്ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

താന്‍ ഒരു അമ്മയാണെന്നും കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന തനിക്ക് മനസ്സിലാകുമെന്നും കാസ്ട്രോ പറഞ്ഞു. നിയമപരമായ വിചാരണയ്ക്ക് മുന്‍പ് തന്നെ തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. താന്‍ ഒളിച്ചോടിയതല്ലെന്നും ഉപരിപഠനത്തിനായാണ് വിദേശത്ത് പോയതെന്നും അവര്‍ വാദിക്കുന്നു.

ഏപ്രില്‍ 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചോക്ലേറ്റ് പൊതിഞ്ഞ റാസ്ബെറി പഴങ്ങള്‍ ഒരു കൊറിയര്‍ വഴി ഇവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഇതില്‍ മാരകമായ താലിയം കുത്തിവെച്ചിരുന്നതായി ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി.പഴങ്ങള്‍ കഴിച്ച മറ്റൊരു പെണ്‍കുട്ടിയും 21 വയസ്സുള്ള ഒരു യുവാവും ആശുപത്രിയിലായെങ്കിലും അവര്‍ രക്ഷപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനെസിന്റെ കുടുംബവുമായി കാസ്ട്രോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കുടുംബത്തിന്റെ ദിനചര്യകളെക്കുറിച്ചും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

കൊല്ലപ്പെട്ട എമിലിയയുടെ പിതാവ് പെഡ്രോ ഫോറെറോ തന്റെ മകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏറെ വൈകാരികമായിരുന്നു. മകളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തുന്നവര്‍ കറുത്ത വസ്ത്രത്തിന് പകരം അവള്‍ക്ക് ഇഷ്ടപ്പെട്ട വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തന്റെ ജീവിതത്തിന്റെ ചാലകശക്തിയായിരുന്നു എമിലിയ എന്നും അവളുടെ സന്തോഷവും സ്‌നേഹവും എന്നും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.