വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ (Epstein files) അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടതോടെ 'കുടത്തിലെ ഭൂതത്തെ' തുറന്നുവിട്ടത് പോലെയാകുമോ എന്നാണ് പല പ്രമുഖരുടെയും ആശങ്ക. വെള്ളിയാഴ്ച പുറത്തുവിട്ട ഈ രേഖകളില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ തുടങ്ങി പ്രമുഖരുടെ നിരവധി ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുന്നു.ജെഫ്രിയുടെ സ്വകാര്യദ്വീപിലെ സന്ദര്‍ശകരായിരുന്നു ഇവരില്‍ പലരുമെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.

ട്രംപിന്‌ 14 കാരിയെ പരിചയപ്പെടുത്തി എപ്സ്റ്റീന്‍

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ചിത്രങ്ങളും നീതിന്യായ വകുപ്പ് പുറത്തുവിട്ട കോടതി രേഖകളിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടടക്കം ട്രംപ് മോശമായി പെരുമാറിയെന്ന സൂചന രേഖകളിലുണ്ട്. 1990 കളില്‍, ഫ്‌ലോറിഡയിലെ ട്രംപിന്റെ വസതിയായ മാര്‍-എ-ലാഗോയില്‍ വെച്ച് പതിനാലു വയസുള്ള പെണ്‍കുട്ടിയെ ട്രംപിന് എപ്സ്റ്റീന്‍ പരിചയപ്പെടുത്തി കൊടുത്തതായാണ് രേഖകളില്‍ പറയുന്നത്.



എപ്സ്റ്റീന്‍ ട്രംപിന്റെ കയ്യില്‍ തട്ടിക്കൊണ്ടു കളിയായി ചോദിച്ചു, 'അവളൊരു നല്ല കുട്ടിയാണ് അല്ലേ'. ട്രംപ് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. ട്രംപിന്റെയും എപ്സ്റ്റീന്റെയും കള്ളച്ചിരി കണ്ട് പെണ്‍കുട്ടിക്ക് അസ്വസ്ഥത തോന്നി. എന്നാല്‍, ആ സമയത്ത് പെണ്‍കുട്ടിക്ക് അതൊന്നും മനസ്സിലാക്കാന്‍ പറ്റുന്ന പ്രായമായിരുന്നില്ല. തന്നെ എപ്സ്റ്റീന്‍ വര്‍ഷങ്ങളോളം ചൂഷണം ചെയ്തതായി പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍, കോടതിയില്‍ ട്രംപിന് എതിരെ പെണ്‍കുട്ടി ആരോപണങ്ങള്‍ ഒന്നും ഉന്നയിക്കുന്നില്ല എന്നത് പ്രസിഡന്റിന് ആശ്വാസകരമാണ്.

വെള്ളിയാഴ്ച പുറത്തുവിട്ട ആയിരക്കണക്കിന് ഫയലുകളില്‍ ട്രംപിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഏതാനും സന്ദര്‍ഭങ്ങളില്‍ ഒന്നാണിത്. അനവധി ചിത്രങ്ങളില്‍ ട്രംപിനെ കാണാമെങ്കിലും കേസുകളില്‍ ഉള്‍പ്പെടാന്‍ മാത്രമുള്ള കുറ്റകൃത്യം ചെയ്തുവോ എന്നു വ്യക്തമല്ല. അതേസമയം, ട്രംപിന്റെ വാര്‍റൂം ഔദ്യോഗിക അക്കൗണ്ടില്‍ ബില്‍ ക്ലിന്റന്റെ ഫോട്ടോകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. പക്ഷേ മുഴുവന്‍ പേജുകളും ഇനിയും പുറത്തുവിടാത്തത് കൊണ്ട് എന്തുവേണമെങ്കിലും സംഭവിക്കാം. ട്രംപിനെ ബാധിക്കുന്ന രേഖകള്‍ പുറത്തുവിടാന്‍ സാധ്യത കുറവാണ്.

എപ്സ്റ്റീന്റെ സുഹൃത്തായിരുന്നു താന്‍ എന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ 2004ല്‍ തങ്ങള്‍ തെറ്റിപ്പിരിഞ്ഞെന്നും ട്രംപ് പറഞ്ഞിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്.

നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.

പൂളില്‍ നീന്തി തുടിക്കുന്ന ക്ലിന്റണ്‍

മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ഒരു ചിത്രത്തില്‍ അദ്ദേഹം ഒരു കുളത്തില്‍ നീന്തുന്നതായും മറ്റൊന്നില്‍ കൈകള്‍ തലയ്ക്ക് പിന്നില്‍ വെച്ച് ഒരു ഹോട്ട് ടബ്ബില്‍ കിടക്കുന്നതായും കാണാം. അപകീര്‍ത്തികരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് എപ്സ്‌റ്റൈന്‍ ആദ്യമായി അറസ്റ്റിലാകുന്നതിന് മുമ്പ്, 1990-കളിലും 2000-കളുടെ തുടക്കത്തിലുമായി ക്ലിന്റണ്‍ അദ്ദേഹത്തോടൊപ്പം പലതവണ ഫോട്ടോയെടുത്തിട്ടുണ്ട്. എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ ഒരിക്കലും ക്ലിന്റണിനെതിരെ കുറ്റം ആരോപിച്ചിട്ടില്ല. കൂടാതെ, അദ്ദേഹത്തിന്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് ക്ലിന്റണ്‍ നിഷേധിക്കുകയും ചെയ്തിരുന്നു.


പുതിയ ചിത്രങ്ങളെക്കുറിച്ച് ക്ലിന്റന്റെ വക്താവ് എയ്ഞ്ചല്‍ യൂറേനാ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഈ ചിത്രങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള, അവ്യക്തമായ എത്ര ചിത്രങ്ങള്‍ അവര്‍ക്ക് വേണമെങ്കിലും പുറത്തുവിടാം. പക്ഷേ ഇത് ബില്‍ ക്ലിന്റനെക്കുറിച്ചുള്ളതല്ല. ഒരിക്കലും ആയിരുന്നില്ല, ഒരിക്കലും ആകുകയുമില്ല,' യൂറേനാ കുറിച്ചു.

അദ്ദേഹം തുടര്‍ന്നു: 'രണ്ട് തരം ആളുകളാണ് ഇവിടെയുള്ളത്. ആദ്യത്തെ കൂട്ടര്‍ക്ക് ഒന്നും അറിയില്ലായിരുന്നു, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചു. രണ്ടാമത്തെ കൂട്ടര്‍ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങള്‍ക്ക് ശേഷവും ബന്ധം തുടര്‍ന്നു. ഞങ്ങള്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുന്നു. രണ്ടാമത്തെ വിഭാഗത്തിലുള്ളവരുടെ തടസ്സപ്പെടുത്തലുകള്‍ക്ക് അതിനെ മാറ്റാന്‍ കഴിയില്ല. എല്ലാവരും, പ്രത്യേകിച്ച് മാഗാ (MAGA), ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ ഇരകളെ ഉണ്ടാക്കലല്ല.'



മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടില്ലെന്ന് ആക്ഷേപം

മുഴുവന്‍ വിവരങ്ങളും പുറത്തുവിട്ടില്ലെന്നും പല വിവരങ്ങളും തിരുത്തലുകളോടെയാണെന്നും ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്‍മാരും നീതിന്യായ വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാസാക്കിയ നിയമമനുസരിച്ച് രേഖകള്‍ പൂര്‍ണ്ണമായി വെള്ളിയാഴ്ചയോടെ പുറത്തുവിടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഫോട്ടോകള്‍, വീഡിയോകള്‍, അന്വേഷണ രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ രേഖകള്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, നീതിന്യായ വകുപ്പ് (DOJ) നിയമപരമായ ബാധ്യതകള്‍ ലംഘിച്ചുവെന്ന് ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്‍മാരും ആരോപിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ എല്ലാ രേഖകളും പുറത്തുവിടാന്‍ സാധിക്കില്ലെന്ന് വകുപ്പ് അറിയിച്ചതും ആയിരക്കണക്കിന് ഫയലുകളിലെ പല വിവരങ്ങളും കറുത്ത മഷി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നതും ഈ ആരോപണങ്ങള്‍ക്ക് ഇടയാക്കി.




പുറത്തുവിട്ട ആദ്യ ബാച്ച് ഫയലുകളില്‍ മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്സര്‍, സംഗീതജ്ഞരായ മിക്ക് ജാഗര്‍, മൈക്കിള്‍ ജാക്‌സണ്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നു. ഈ ഫയലുകളില്‍ പേര് വരികയോ ചിത്രം കാണുകയോ ചെയ്യുന്നത് തെറ്റ് ചെയ്തതിന്റെ സൂചനയല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട മുന്‍കാല വെളിപ്പെടുത്തലുകളിലും ഇപ്പോള്‍ പുറത്തുവന്ന രേഖകളിലും തിരിച്ചറിഞ്ഞ പലരും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിഷേധിച്ചിട്ടുമുണ്ട്.

മൈക്കല്‍ ജാക്സണ്‍, സര്‍ മിക് ജാഗര്‍, കെവിന്‍ സ്പേസി തുടങ്ങിയ പ്രമുഖ വ്യക്തികളുമായും മറ്റ് പ്രശസ്തരുമായും എപ്സ്റ്റീനുണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറ്റ് രേഖകളില്‍ വ്യക്തമാക്കുന്നു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഈ ഫയലുകളില്‍ പ്രധാനമായും ഇടംപിടിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നതും സ്ത്രീകളോടൊപ്പം നീന്തുന്നതുമായ ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.



മൈക്കല്‍ ജാക്‌സണ്‍ മുതല്‍ ആന്‍ഡ്രൂ രാജകുമാരന്‍ വരെ

മൈക്കല്‍ ജാക്സണ്‍, മിക് ജാഗര്‍, ഡയാന റോസ്, നടന്‍ ക്രിസ് ടക്കര്‍, മുന്‍ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവരുടെ ചിത്രങ്ങളും ഈ രേഖകളില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ പലരും എപ്സ്റ്റീനൊപ്പമുള്ള വിരുന്നുകളിലും യാത്രകളിലും പങ്കെടുത്തവരാണ്.




ഏകദേശം 6,00,000 പേജുകളോളം വരുന്ന രേഖകളാണ് ഈ വര്‍ഷം പുറത്തുവിടാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ പല ഭാഗങ്ങളും കറുത്ത മഷി ഉപയോഗിച്ച് മറച്ച നിലയിലാണ് (redacted). ഇരകളുടെ സ്വകാര്യത സംരക്ഷിക്കാനാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.



ഫയലുകളുടെ ഉള്ളടക്കം

നീതിന്യായ വകുപ്പ് നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എപ്സ്റ്റീന്റെ വസതികളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതിലുണ്ട്. നഗ്‌നചിത്രങ്ങള്‍ പതിപ്പിച്ച ചുവരുകളും പ്രത്യേകതരം നീല കാര്‍പ്പറ്റുകളും ഉള്ള മുറികളുടെ ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങളില്‍ കാണപ്പെടുന്ന വ്യക്തികളെക്കുറിച്ച് നീതിന്യായ വകുപ്പ് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല.

രേഖകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന പേരുകള്‍

ആന്‍ഡ്രൂ രാജകുമാരന്‍ (Andrew Mountbatten-Windosr) അഞ്ച് യുവതികളുടെ മടിയില്‍ കിടക്കുന്ന ചിത്രം. മൈക്കല്‍ ജാക്സണ്‍, മിക് ജാഗര്‍, ഡയാന റോസ്, നടന്‍ ക്രിസ് ടക്കര്‍ എന്നിവര്‍ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങള്‍. ഗിസ്ലെയ്ന്‍ മാക്സ്വെല്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയായ '10 ഡൗണിംഗ് സ്ട്രീറ്റിന്' മുന്നില്‍ നില്‍ക്കുന്ന ചിത്രം.

മരിയ ഫാര്‍മറുടെ വെളിപ്പെടുത്തല്‍

എപ്സ്റ്റീനെതിരെ ആദ്യം പരാതി നല്‍കിയവരില്‍ ഒരാളായ മരിയ ഫാര്‍മര്‍, തന്റെ സഹോദരിമാരുടെ സ്വകാര്യ ചിത്രങ്ങള്‍ അദ്ദേഹം മോഷ്ടിച്ചതായും വിവരം പുറത്തുപറഞ്ഞാല്‍ വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും 1996-ല്‍ എഫ്.ബി.ഐയോട് പറഞ്ഞിരുന്നു.

അന്വേഷണ പശ്ചാത്തലം

വെള്ളിയാഴ്ചത്തെ വെളിപ്പെടുത്തലിന് പിന്നാലെ, തങ്ങളുടേത് ചരിത്രത്തിലെ 'ഏറ്റവും സുതാര്യമായ ഭരണകൂടമാണെന്ന്' ട്രംപ് ഭരണകൂടം അവകാശപ്പെട്ടു. പുറത്തുവിട്ട രേഖകള്‍ യുവതികള്‍ക്കെതിരായ ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളില്‍ നിന്നുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നു.

ഇതില്‍ പല ഫയലുകളും 2005-ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നുള്ളതാണ്. അതിനുശേഷം നടന്ന ഫെഡറല്‍ അന്വേഷണമാണ് 2008-ലെ എപ്സ്റ്റീന്റെ വിവാദപരമായ കുറ്റസമ്മത കരാറിലേക്ക് (plea deal) നയിച്ചത്.




മറ്റ് രേഖകള്‍ 2019-ല്‍ മാന്‍ഹട്ടന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരംഭിച്ച അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. ചാരണ കാത്ത് കഴിയുന്നതിനിടെ എപ്സ്റ്റീന്‍ ജയിലില്‍ വെച്ച് മരിച്ചതിനാല്‍ ഈ കേസ് പൂര്‍ത്തിയായിരുന്നില്ല. ഈ ഫയലുകളില്‍ ഒരാളുടെ പേര് വരികയോ അല്ലെങ്കില്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നത് എപ്സ്റ്റീന്റെ തെറ്റായ പ്രവൃത്തികളില്‍ അവര്‍ക്ക് പങ്കുണ്ടെന്നതിന്റെ സൂചനയല്ല.