- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ്ണകൊള്ളയിലെ 'കൂട്ടുത്തരവാദിത്തം' വെളിപ്പെടുത്തിയിട്ടും അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതി വിമര്‍ശനം; പത്മകുമാറിന്റെ കൂട്ടാളികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടരുന്നതിനിടെ നോട്ടീസ് അയച്ച് എസ്ഐടി; പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍; സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അദ്ധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
പത്മകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കരദാസ്, എന്‍ വിജയകുമാര്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ കാര്യങ്ങള്‍ താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി.
വിജയകുമാറിനെ പ്രതി ചേര്‍ക്കാത്തതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്നാലെ കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്ഐടിയുടെ ഈ അറസ്റ്റ്. നേരത്തെ വിജയകുമാറിന് എസ്ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊളളയില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി.മണിയും തമ്മില്‍ ശബരിമലയിലെ ഉരുപ്പടികളുടെ ഇടപാട് നടന്നതായി പ്രവാസി വ്യവസായി പറഞ്ഞു. ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും വ്യവസായി പറഞ്ഞു. ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്ഐടി.
ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായി അന്വേഷണസംഘത്തിന് നല്‍കിയിരുന്ന മൊഴി. ഇത് ശബരിമലയിലേത് തന്നെയെന്ന് ഉറപ്പിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വെച്ചാണ് ശബരിമലയില്‍ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നത്. ഇടപാടിനായി സംഘം ആദ്യം തന്നെയാണ് സമീപിച്ചത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. അതിനാലാണ് മറ്റാളുകളിലേക്ക് ഇടപാടുകള്‍ മാറിയതെന്നും വ്യവസായി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.




