റോം: ഇറ്റലിയില്‍ ഹമാസിനായി ദശലക്ഷക്കണക്കിന് ഫണ്ട് സ്വരൂപിച്ച സംഭവത്തില്‍ ഒമ്പത് ജീവകാരുണ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാഫിയ വിരുദ്ധ, തീവ്രവാദ വിരുദ്ധ യൂണിറ്റുകള്‍ ഏകോപിപ്പിച്ച ഒരു ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇറ്റലി ആസ്ഥാനമായുള്ള ചാരിറ്റികള്‍ വഴി തീവ്രവാദ ഗ്രൂപ്പിന് ധനസഹായം നല്‍കിയെന്ന സംശയത്തിന്റെ പേരില്‍ ഈ സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഹമാസില്‍ 'ഉള്‍പ്പെട്ടവരും ധനസഹായം നല്‍കിയവരും' എന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാനുഷിക ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ച ഏകദേശം 7 ദശലക്ഷം യൂറോ ഹമാസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് ഇവര്‍ മാറ്റിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 8 ദശലക്ഷം യൂറോയില്‍ കൂടുതല്‍ വിലമതിക്കുന്ന സ്വത്തുക്കളും പോലീസ് പിടിച്ചെടുത്തു. ഇറ്റലിയിലെ ഫലസ്തീന്‍ അസോസിയേഷന്റെ പ്രസിഡന്റ് മുഹമ്മദ് ഹന്നൂണ്‍ ആണ് അറസ്റ്റിലായവരില്‍ ഒരാളെന്ന് ഇറ്റലി ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റേഡോസി പറഞ്ഞു.

നവംബറില്‍ റോമില്‍ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ ഗ്രെറ്റ തുന്‍ബെര്‍ഗിനൊപ്പം ഇയാളും പങ്കെടുത്തിരുന്നു. ഇതിന്റെ

ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രീറ്റക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. ഫലസ്തീന്‍ അനുകൂല ചാരിറ്റിയുടെ ഓഫീസുകളില്‍ നിന്നും സംശയിക്കപ്പെടുന്നവരുടെ വീടുകളില്‍ നിന്നും കണ്ടെത്തിയ 1.08 ദശലക്ഷം യൂറോയും രണ്ട് വര്‍ഷത്തെ ഗാസ യുദ്ധത്തില്‍ ഇസ്രായേലിന് എതിരെ ഹമാസിനെ പിന്തുണയ്ക്കുന്ന വസ്തുക്കളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ഡച്ച് അധികൃതരുമായും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും സഹകരിച്ച്, യൂറോപ്യന്‍ യൂണിയന്‍ ജുഡീഷ്യല്‍ ഏജന്‍സിയായ യൂറോജസ്റ്റ് വഴി ഏകോപിപ്പിച്ച് നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇറ്റാലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ചാരിറ്റി സംഘടനകള്‍' എന്ന് വിളിക്കപ്പെടുന്നവയിലൂടെ ഹമാസിനുള്ള ധനസഹായം കണ്ടെത്തുന്നതിനുള്ള സങ്കീര്‍ണ്ണവും പ്രധാനപ്പെട്ടതുമായ ഒരു ഓപ്പറേഷന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അധികാരികളോട് നന്ദി പറഞ്ഞു.

ഇസ്രായേലി ഇന്റലിജന്‍സ്, തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ ഇറ്റാലിയന്‍ അധികാരികള്‍ക്ക് വിവരങ്ങളും തെളിവുകളും' നല്‍കിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എല്ലാ തീവ്രവാദികളെയും ഇസ്രായേല്‍ പിന്തുടരുമെന്നും വിദേശത്ത് പോലും അവരെ പിന്തുണയ്ക്കുന്ന ആരെയും പിന്തുടരുമെന്നും തീവ്രവാദത്തിന് ധനസഹായം നല്‍കാനും ഒളിവില്‍ കഴിയാനും കഴിയുമെന്ന് കരുതുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

യൂറോപ്പിലെ ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷികളില്‍ ഒന്നാണ് മെലോണിയുടെ വലതുപക്ഷ സര്‍ക്കാര്‍. ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ഇറ്റലിയില്‍ വലിയ തോതിലുള്ള തെരുവ് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ശനിയാഴ്ച മിലാനില്‍ നടന്ന ഒരു മാര്‍ച്ചില്‍ ഇറ്റാലിയന്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ അറസ്റ്റിനെതിരെ പ്രതിഷേധിച്ചിരുന്നു. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തില്‍ 71,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് അനുകൂലികള്‍ ആരോപിക്കുന്നത്.