മോസ്‌കോ: 2026നെ ലോകം വരവേറ്റത് യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ ഭീകരമായ വാര്‍ത്തകളോടെയാണ്. റഷ്യന്‍ അധീനതയിലുള്ള ഖേഴ്‌സണ്‍ മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായി റഷ്യ ആരോപിച്ചു. അതേസമയം, പുതുവര്‍ഷ രാവില്‍ യുക്രെയ്‌നിലെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ 200-ലധികം ഡ്രോണുകള്‍ വിക്ഷേപിച്ചു. ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കൊടുംതണുപ്പില്‍ ഇരുട്ടിലായി.

ഖേര്‍സണ്‍ മേഖലയിലെ ഒരു കഫേയ്ക്കും ഹോട്ടലിനും നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ക്രംലിന്‍ നിയമിതനായ ഖേര്‍സണ്‍ ഗവര്‍ണര്‍ വ്‌ലാഡിമിര്‍ സല്‍ഡോയ ആരോപിച്ചത്.

കരിങ്കടല്‍ തീരത്തുള്ള ഖോര്‍ലിയില്‍ ഇന്നലെ രാത്രി സൈനികാക്രമണം നടന്നതായും, ഇതില്‍ ഡസന്‍ കണക്കിന് സാധാരണക്കാരും ഉള്‍പ്പെടുന്നുവെന്നും സല്‍ഡോ ആരോപിച്ചു. എന്നിരുന്നാലും, ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് 'ഭീകരാക്രമണത്തിന്' ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും റഷ്യന്‍ പിന്തുണയുള്ള ഗവര്‍ണര്‍ അറിയിച്ചു.

അതേസമയം, റഷ്യന്‍ ആക്രമണത്തില്‍ വോളിനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നാശം സംഭവിച്ചു. ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി നിലച്ചു. സാപ്പോറീഷ്യയിലുണ്ടായ ആക്രമണത്തില്‍ 15 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.കരിങ്കടല്‍ തുറമുഖ നഗരമായ ഒഡേസയിലും ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെ ആഭ്യന്തര സാമ്പത്തിക മേഖലയെ തകര്‍ക്കുന്നതിനായി യുക്രൈന്‍ ശക്തമായ ഡ്രോണ്‍ തിരിച്ചടി നല്‍കി.

അതിനിടെ, കലുഗ, ക്രാസ്‌നോദര്‍ എന്നിവിടങ്ങളിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളായ ല്യൂഡിനോവോ, ഇല്‍സ്‌കി എന്നിവയ്ക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി. അല്‍മെത്യേവ്‌സ്‌കിലെ എണ്ണ ശേഖരണ ശാലയിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമം ഉണ്ടാകുമെന്നാണ് സൂചന.

പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന വ്യാജ ആരോപണം

യുക്രെയ്ന്‍ തനിക്കെതിരെ വധശ്രമം നടത്തിയെന്ന വ്‌ലാഡിമിര്‍ പുടിന്റെ അവകാശവാദം വ്യാജമാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. വല്‍ദായിയിലെ തന്റെ കൊട്ടാരത്തില്‍ യുക്രെയ്ന്‍ വധശ്രമം നടത്തിയെന്ന് പുടിന്‍ ട്രംപിനോട് ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, യുക്രെയ്ന്‍ പുടിനെയോ അദ്ദേഹത്തിന്റെ വസതികളെയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് സിഐഎ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ ആക്രമണത്തില്‍ താന്‍ 'രോഷാകുലനായിരുന്നു' എന്ന് ട്രംപ് ആദ്യം പറഞ്ഞിരുന്നെങ്കിലും, പിന്നീട് ഈ നിലപാടില്‍ നിന്ന് പിന്നോക്കം പോയിരുന്നു. 'സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് റഷ്യയാണ്' എന്ന തലക്കെട്ടിലുള്ള ഒരു ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.