ആംസ്റ്റർഡാം: നെതർലാൻഡ്‌സിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ വൻ അക്രമ സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഘോഷങ്ങൾക്കിടെ പോലീസിനും അഗ്നിശമന സേനയ്ക്കും നേരെ ഒട്ടും പ്രതീക്ഷിക്കാതെയാണ് അക്രമണങ്ങൾ ഉണ്ടായതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.

പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിജ്മെഗനിൽ നിന്നുള്ള 17 വയസ്സുകാരനും ആൽസ്മീറിൽ നിന്നുള്ള 38 വയസ്സുകാരനുമാണ് മരിച്ചത്. കൗമാരക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഘോഷങ്ങൾക്കിടെയുണ്ടായ വിവിധ അക്രമ സംഭവങ്ങളിൽ രാജ്യത്തുടനീളം 250-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.


ആംസ്റ്റർഡാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രസ്മാരകവുമായ വോണ്ടൽക്വെർക്ക് പള്ളിക്ക് തീപിടിച്ചു. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പള്ളിയുടെ 164 അടി ഉയരമുള്ള ഗോപുരം തകരുകയും മേൽക്കൂരയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പള്ളിക്ക് സമീപമുള്ള വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

രാജ്യത്തെ മിക്കവാറും എല്ലാ ലഹള വിരുദ്ധ പോലീസ് വിഭാഗത്തെയും തെരുവിലിറക്കേണ്ടി വന്നതായും പോലീസ് മേധാവി വിൽബർട്ട് പോളിസൺ പറഞ്ഞു. ബ്രെഡ നഗരത്തിൽ പോലീസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞു. അഗ്നിശമന സേനയ്ക്ക് നേരെയും പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിയുന്ന സാഹചര്യമുണ്ടായി.


ജീവൻ അപകടത്തിലാണെങ്കിൽ മാത്രം അടിയന്തര സേവനങ്ങളെ വിളിക്കുക എന്ന് മൊബൈൽ ഫോണുകൾ വഴി രാജ്യവ്യാപകമായി അധികൃതർക്ക് മുന്നറിയിപ്പ് നൽകേണ്ടി വന്നു. അത്രമാത്രം തിരക്കിലായിരുന്നു രക്ഷാപ്രവർത്തകർ.

ഹുഡണിഞ്ഞ സംഘങ്ങൾ തെരുവുകളിൽ പരസ്പരം ഏറ്റുമുട്ടുന്നതും കെട്ടിടങ്ങൾക്കും പോലീസിനും നേരെ വെടിക്കെട്ട് പ്രയോഗിക്കുകയും ചെയ്തു. ആംസ്റ്റർഡാമിലെ ഡാം സ്ക്വയറിലും ഹേഗിലെ ട്രാൻസ്വാൾ ജില്ലയിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സംഘർഷങ്ങൾ രൂക്ഷമായിരുന്നു. ഹേഗിൽ, സമീപത്തെ തെരുവുകളിലെ താമസക്കാർ തമ്മിൽ വെടിക്കെട്ട് ഉപയോഗിച്ച് ഏറ്റുമുട്ടുന്നതിനിടെ ഒരു ട്രാഫിക് സ്റ്റോപ്പ് തകർന്നു.


പോലീസ് മേധാവി വിൽബർട്ട് പോളിസൻ പറയുന്നതനുസരിച്ച്, മൊബൈൽ യൂണിറ്റുകൾക്ക് നിരവധി സ്ഥലങ്ങളിൽ ഇടപെടേണ്ടി വന്നു. "നെതർലൻഡ്‌സിലെ ലഭ്യമായ എല്ലാ കലാപ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. രാത്രിയുടെ പകുതിയോളം നീണ്ടുനിന്ന ഒരു പരമാവധി വിന്യാസമായിരുന്നു ഇത്," പോളിസൻ വ്യക്തമാക്കി.

ഡച്ച് പോലീസ് യൂണിയൻ മേധാവി നൈൻ കൂയിമാൻ, പുതുവർഷ രാവിൽ പോലീസിനും അടിയന്തര സേവനങ്ങൾക്കും നേരെ "അഭൂതപൂർവമായ അക്രമങ്ങളാണ്" ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്തു. ആംസ്റ്റർഡാമിൽ ഡ്യൂട്ടിയിലായിരുന്ന തനിക്ക് മൂന്ന് തവണ വെടിക്കെട്ടും മറ്റ് സ്ഫോടക വസ്തുക്കളും കൊണ്ട് ഏറു കിട്ടിയെന്നും അവർ വെളിപ്പെടുത്തി. ഈ വർഷത്തെ വ്യാപകമായ അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിൽ, നെതർലൻഡ്‌സ് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രികളിൽ എത്തിയവരിൽ 85 ശതമാനവും പ്രായപൂർത്തിയാകാത്തവരാണെന്ന് റോട്ടർഡാമിലെ സ്പെഷ്യലിസ്റ്റ് ഐ ഹോസ്പിറ്റൽ അറിയിച്ചു. നാല് കൗമാരക്കാർക്ക് വിരലുകൾ നഷ്ടപ്പെട്ടു. പടക്കങ്ങൾ കൂടാതെ മദ്യപിച്ച് സൈക്കിളിൽ നിന്ന് വീണും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബെവർവിജിക്കിൽ പാർട്ടിക്ക് ഇടയിൽ ആകാശത്തേക്ക് വെടിവെച്ച ജർമ്മൻ ദമ്പതികളെ പോലീസ് പിടികൂടി. ഇവരുടെ കാറിൽ നിന്ന് രണ്ട് തോക്കുകളും ടേസറും കണ്ടെടുത്തു.

അടുത്ത വർഷം മുതൽ രാജ്യത്ത് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ഡച്ച് സെനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതാകാം ഈ വർഷം റെക്കോർഡ് തുകയ്ക്ക് (129 ദശലക്ഷം യൂറോ) പടക്കങ്ങൾ വിറ്റഴിക്കാൻ കാരണമായതെന്ന് കരുതപ്പെടുന്നു. നിരോധനം വരുന്നതിന് തൊട്ടുമുൻപുള്ള വർഷമായതിനാൽ ജനങ്ങൾ വൻതോതിൽ പടക്കങ്ങൾ വാങ്ങി ഉപയോഗിക്കുകയായിരുന്നു. പടക്കങ്ങൾ നിരോധിച്ച മേഖലകളിൽ പോലും നിയന്ത്രണങ്ങൾ കാര്യമായി ഫലിച്ചില്ല.