തിരുവനന്തപുരം: 149-ാമത് മന്നം ജയന്തി ഇന്ന്. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്. രാവിലെ 7 മണി മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അനുസ്മണ പ്രഭാഷണം നടത്തും. ഇന്നലെ പുതുവത്സര ദിനത്തില്‍ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തോടെയാണു 149ാമത് ജയന്തി ആഘോഷങ്ങള്‍ക്കു തിരി തെളിഞ്ഞത്.

സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ കരയോഗങ്ങള്‍, വനിതാസമാജങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ അനേകായിരങ്ങള്‍ പങ്കെടുത്തു. അരലക്ഷം ചതുരശ്ര അടിയില്‍ മന്നം നഗറില്‍ നിര്‍മിച്ച പന്തല്‍ പ്രതിനിധികളെക്കൊണ്ടു നിറഞ്ഞു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു സമ്മേളനവേദിയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനു മുന്‍പില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രത്തിനു മുന്‍പില്‍ പ്രസിഡന്റ് ഡോ. എം.ശശികുമാറും നിലവിളക്ക് തെളിച്ചു. ജനറല്‍ സെക്രട്ടറി വിശദീകരണ പ്രസംഗം നടത്തി.

മന്നം ജയന്തി ദിനമായ ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കാനും സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളില്‍ നിന്നുള്ള സമുദായാംഗങ്ങളും എത്തും. ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ എന്‍എസ്എസ് കോളജ് മൈതാനത്ത് സൗകര്യമുണ്ട്. എന്‍എസ്എസ് ഹിന്ദു കോളജ് ക്യാംപസില്‍ എല്ലാവര്‍ക്കും ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക പരിഷ്‌കര്‍ത്താവും കര്‍മയോഗിയുമായിരുന്ന മന്നത്ത് പത്മനാഭന്റെ നവോത്ഥാന മുന്നേറ്റങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്രനിമിഷങ്ങളും സ്മരിക്കുന്ന ജയന്തി ആഘോഷമാണ് എന്‍എസ്എസ് സംഘടിപ്പിക്കുകയെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. 150ാം ജയന്തി വര്‍ഷത്തിലേക്കു കടക്കുമ്പോഴാണു പെരുന്നയില്‍ എന്‍എസ്എസിന് പുതിയ ആസ്ഥാന മന്ദിരവും ഉയരുന്നത്. 19 കോടി രൂപ ചെലവഴിച്ച് പെരുന്നയിലെ ഇപ്പോഴത്തെ ആസ്ഥാന മന്ദിരത്തിനു സമീപമാണു പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുക. കേരളീയ ശൈലിയില്‍ 45,000 ചതുരശ്ര അടിയിലാണു നിര്‍മാണം. സമ്മേളന ഹാള്‍, അതിഥികള്‍ക്കായുള്ള മുറികള്‍ തുടങ്ങിയവയും സമുച്ചയത്തിലുണ്ടാകും. ഇപ്പോഴത്തെ ആസ്ഥാന മന്ദിരം അതേപടി നിലനിര്‍ത്തും.

സാമ്പത്തികമായി സ്വയംപര്യാപ്തതയിലുള്ള എന്‍എസ്എസ് ഒരു രൂപ പോലും കടമെടുക്കാതെയാണ് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതെന്നു ജനറല്‍ സെക്രട്ടറി പറഞ്ഞു. സംഘടനയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന ആസ്ഥാന മന്ദിരമാണു പെരുന്നയില്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.