തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ സുഹൃത്തായ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി 16 വയസ്സുള്ള മകന്‍ പ്രവര്‍ത്തിച്ചതിന് അമ്മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനും ചുമട്ടുത്തൊഴിലാളിയുമായ ഭര്‍ത്താവ് 11 വര്‍ഷം മുന്‍പു മരിച്ചതോടെയാണ് യുവതിക്ക് ജോലി ലഭിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. രണ്ട് മാസം മുന്‍പാണ് ശമ്പളം 500 രൂപ കൂടി ഉയര്‍ത്തി 5000 രൂപയാക്കിയത്. ശമ്പളവും പുതുവര്‍ഷ ബോണസായി 1000 രൂപയും കൂടി നല്‍കിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നല്‍കിയ 1000 രൂപ തിരികെക്കൊടുത്തശേഷം നിസ ജോലി വിട്ടിറങ്ങി.

തൊടുപുഴ നഗരസഭയിലെ 21-ാം വാര്‍ഡായ കീരികോടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചതിനാല്‍ തടഞ്ഞില്ലെന്നും നിസ പറയുന്നു. എല്‍ഡിഎഫ് സ്വാധീന മേഖലയായ വാര്‍ഡില്‍ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകനും ചുമട്ടുത്തൊഴിലാളിയുമായിരുന്ന ഭര്‍ത്താവ് ടി.എ.ഷിയാസിന്റെ വിയോഗത്തിലാണ് ജോലി ലഭിച്ചത്. ഏക വരുമാന മാര്‍ഗമായിരുന്നു. ജോലിയില്‍ തുടരാനും ആഗ്രഹിച്ചിരുന്നുവെന്നും നിസ ഷിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിഷ്ണു ജയിച്ചതോടെയാണ് ബാങ്ക് ഭരണ സമിതി പക പോക്കല്‍ നടത്തിയതെന്നാണ് നിസ പറയുന്നത്. ഡിസംബര്‍ 31 വരെ വന്നാല്‍ മതിയെന്ന് ഡിസംബര്‍ 28നാണ് അറിയിച്ചതെന്നും നിസ പറഞ്ഞു.

ബാങ്കില്‍ ജോലി നല്‍കിയ അന്നത്തെ പ്രസിഡന്റിനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും നിസ കണ്ടിരുന്നു. അവര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ ബാങ്ക് ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. നിസയെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് സമൂഹമാധ്യമത്തിലുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കിയിരുന്നു.

ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിപിഎം ഏരിയ സെക്രട്ടറിയെ കണ്ടപ്പോള്‍ ജോലിയില്‍ തുടരാമെന്ന് പറഞ്ഞു. എന്നാല്‍ ഒന്നാം തിയ്യതി എത്തിയപ്പോള്‍ നാളെ മുതല്‍ വരേണ്ട, അതാണ് പാര്‍ട്ടി തീരുമാനമെന്ന് അറിയിച്ചു. നിസയെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് പ്രാദേശിക പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതും നടപടിക്ക് കാരണമായെന്നാണ് വിവരം.

ഭര്‍ത്താവ് മരിച്ച നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ബാങ്കിലെ ജോലി. അതേസമയം ജോലി തൃപ്തികരമല്ലാത്തതിനാല്‍ മറ്റൊരാളെ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിനാലാണ് നടപടിയെന്ന് പ്രസിഡന്റ് സജികുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യം നിസയെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.