- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയില്‍ നടന്നത് സമാനതകളില്ലാത്ത പകല്‍കൊള്ള! ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങളടക്കം അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വര്‍ണവും കടത്തി? അറ്റകുറ്റപ്പണിക്കെന്ന പേരില്‍ താഴികക്കുടം വരെ ഇളക്കി; തിരുവാഭരണം രജിസ്റ്റര്‍ നശിപ്പിച്ചത് തെളിവ് നശിപ്പിക്കാനോ? എസ്.ഐ.ടിയെ വിശ്വസിക്കാതെ കേന്ദ്ര ഏജന്‍സികള്‍; സിബിഐ അന്വേഷിക്കണമെന്ന് ഐബിയുടെ ശുപാര്‍ശ
തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് സമാനതകളില്ലാത്ത പകല്‍കൊള്ള. ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങള്‍ അടക്കം ശ്രീത്വം തുളുമ്പുന്ന അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വര്‍ണവും കടത്തിയെന്നാണ് സംശയം ഉയരുന്നത്. ശ്രീകോവിലില്‍ കൂടുതല്‍ കൊള്ളനടന്നിട്ടുണ്ടോയെന്നാണ് എസ്.ഐ.ടി പരിശോധിക്കുന്നത്. അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരില്‍ ശ്രീകോവിലിന് മുകളില്‍ സര്‍വപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങള്‍ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചു.
വ്യവസായി വിജയ് മല്യ 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിയും മുന്‍പുതന്നെ പ്രഭാവലയമടങ്ങിയ പാളികള്‍ തങ്കം പൊതിഞ്ഞവയാണ്. ദശാവതാരങ്ങളും രാശിചിഹ്നങ്ങളും പ്രഭാമണ്ഡലവുമുള്ള ടണ്‍കണക്കിന് തൂക്കമുള്ള പാളികളില്‍ നിന്ന് സ്വര്‍ണം മാത്രമായി വേര്‍തിരിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. രണ്ടുകിലോ സ്വര്‍ണം കൊള്ളയടിച്ചെന്നാണ് എസ്.ഐ.ടി തുടക്കം മുതല്‍ പറയുന്നത്. പ്രഭാമണ്ഡലത്തിലെ കൊള്ളകൂടിയാവുമ്പോള്‍ വ്യാപ്തി ഇനിയുമുയരാനാണ് സാദ്ധ്യത.
സ്വര്‍ണപ്പാളികള്‍ കടലാസിനെക്കാള്‍ കട്ടി കുറച്ച് മെര്‍ക്കുറി ഉപയോഗിച്ചു ചെമ്പുപാളികളില്‍ ഒട്ടിച്ചാണു സ്വര്‍ണം പൊതിഞ്ഞത്. രാസലായനിക്കഥ കള്ളമോ 42.1കിലോ പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതമുപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ച് കട്ടയാക്കിയെന്നാണ് എസ്.ഐ.ടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
സ്വര്‍ണക്കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങള്‍, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതില്‍, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലും മല്യയുടെ സ്വര്‍ണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ മേല്‍ക്കൂര, ഇരുവശത്തെയും ഭിത്തികള്‍ എന്നിവിടങ്ങളില്‍ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വര്‍ണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.
നൂറുകിലോയോളം വരുന്ന പാളികളിലാണ് ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലം. ഇതില്‍ എത്രത്തോളം തങ്കമുണ്ടായിരുന്നെന്നതിന് കണക്കില്ല. ഈ കണക്കുണ്ടായിരുന്ന തിരുവാഭരണം രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടു. വിജയ് മല്യ ശ്രീകോവിലില്‍ പതിപ്പിച്ച 30.3കിലോ സ്വര്‍ണപ്പാളികളില്‍ ഇനി എത്ര ബാക്കിയുണ്ടെന്നാണ് സംശയം ഉയരുന്നത്.
ശ്രീകോവില്‍ വാതിലിലെ കട്ടിളയില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍, രാശി ചിഹ്നങ്ങളുള്ള രണ്ട് പാളികള്‍, കട്ടിളയുടെ മുകള്‍പ്പടിയിലെ പാളി എന്നിവയ്ക്ക് പുറമെയാണ് പ്രഭാമണ്ഡലത്തിലെ 7പാളികളും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചത്. 2019ല്‍ ദ്വാരപാലക ശില്പങ്ങള്‍ ഇളക്കും മുന്‍പ് പലപ്പോഴായി ഇവയെല്ലാം മിനുക്കിയിട്ടുണ്ട്. ശ്രീകോവിലില്‍ മുന്‍പുണ്ടായിരുന്ന ചെമ്പുതകിടുകളും മേല്‍ക്കൂരയിലെ പലകയും നീക്കിയശേഷം പുതിയ തേക്കുപലക ഉറപ്പിച്ച് അതിനുമുകളില്‍ പുതിയ ചെമ്പുപാളി തറച്ചശേഷമാണ് സ്വര്‍ണം പൊതിഞ്ഞത്.
ഐബിയുടെ ശുപാര്‍ശ
ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ശുപാര്‍ശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സിന് നല്‍കിയെന്നാണ് വിവരം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
കേസിന് അന്തര്‍ദേശീയവും അന്തര്‍ സംസ്ഥാനവുമായി ബന്ധമുളളതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്യുന്നത്. ഇഡി അന്വേഷണം വേണമെന്നും ഐബി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം വേണ്ടെന്നാണ് എസ്‌ഐടിയുടെയും നിലപാട്. അന്വേഷണം സമഗ്രമെന്നും കേസില്‍ രാജ്യാന്തരബന്ധത്തിന് തെളിവില്ലെന്നുമുള്ള റിപ്പോര്‍ട്ട് ഹൈക്കോടതില്‍ നല്‍കും.കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്. കേസിന്റെ വിവരങ്ങള്‍ കൈമാറണമെന്നുള്ള ഉത്തരവ് കേടതിയിലൂടെ ഇഡി സമ്പാദിച്ചിട്ടുണ്ട്. ഫയലുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി കേസ് രജിസ്റ്റര്‍ ചെയ്യുക. കേസില്‍ സംശയനിഴലിലുള്ള മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയടക്കം വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.




