- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് മൈതാനത്തും 'ഫലസ്തീന്‍ രാഷ്ട്രീയം'; ജമ്മുകശ്മീര്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാരന്റെ ഹെല്‍മറ്റില്‍ പലസ്തീന്‍ പതാക; ഫുര്‍ഖാന്‍ ഭട്ടിന്റെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയോ? ശ്രീനഗറില്‍ ക്രിസ് ഗെയ്ലിനെ വരെ പറ്റിച്ച വ്യാജ ടൂര്‍ണമെന്റുകള്‍; പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ വിവാദത്തില്‍; കയ്യൊഴിഞ്ഞ് ജെകെസിഎ; സംഘാടകരെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ജമ്മു പോലീസ്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ചാമ്പ്യന്‍സ് ലീഗില്‍ ഫലസ്തീന്‍ പതാക പതിച്ച ഹെല്‍മെറ്റ് ധരിച്ച് കളിക്കാനെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ജമ്മു കശ്മീര്‍ പൊലീസ്. കളിക്കാനിറങ്ങിയ ക്രിക്കറ്റ് താരത്തിനും ടൂര്‍ണമെന്റ് സംഘാടകനും സമന്‍സ് അയച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായതോടെ നടപടിയുമായി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതിനിടെ ഫുര്‍ഖാന്‍ ബട്ട് എന്ന യുവാവാണ് ഫലസ്തീന്റെ പതാക പതിച്ച ഹെല്‍മറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തില്‍ ബാറ്ററെയും ടൂര്‍ണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. അതേസമയം ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.
ഹെല്‍മറ്റ് ധരിച്ച കളിക്കാരന്‍ ജമ്മു കശ്മീര്‍ അസോസിയേഷനിലോ, മറ്റേതെങ്കിലും സംഘടനയിലോ റജിസ്റ്റര്‍ ചെയ്തിട്ടുള്ള താരവുമല്ല. ബാറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബിസിസിഐയുടെ ഭാഗമായ സംസ്ഥാന അസോസിയേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കളിക്കാര്‍ക്ക് ഇതുപോലെയുള്ള അനൗദ്യോഗിക ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. എന്ത് കാരണത്താലാണ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഫലസ്തീന്‍ പതാകയുള്ള ഹെല്‍മറ്റ് ധരിച്ചതെന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രാദേശിക ക്രിക്കറ്റ് താരമായ ഫര്‍ഖാന്‍ ഭട്ടാണ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ ഹെല്‍മറ്റില്‍ പലസ്തീന്‍ പതാക പതിച്ച് ഇറങ്ങിയത്. ജെകെ11 കിങ്- ജമ്മു ട്രൈബ്ലാസേഴ്സ് പോരാട്ടത്തിനിടെയാണ് വിവാദ സംഭവം. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ടീമുകള്‍ ഏറ്റുമുട്ടിയത്. അനുമതികള്‍ വാങ്ങിയാണോ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടോ ഇന്ത്യയില്‍ നടന്ന ഒരു പ്രാദേശിക പോരില്‍ ഇത്തരത്തില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
നേരത്തേ 'ഇന്ത്യന്‍ ഹെവന്‍ പ്രീമിയര്‍ ലീഗ്' എന്ന പേരില്‍ ശ്രീനഗറില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റും വിവാദമായിരുന്നു. വിദേശ താരങ്ങളായ ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, തിസാര പെരേര തുടങ്ങി താരങ്ങള്‍ ടൂര്‍ണമെന്റ് കളിക്കാനെത്തിയെങ്കിലും മത്സരങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച സംഘാടകര്‍ മുങ്ങുകയായിരുന്നു. ഇതോടെ താരങ്ങളും അംപയര്‍മാരും പെരുവഴിയിലായി. മൊഹാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവ സൊസൈറ്റിയാണ് എട്ടു ടീമുകളെ പങ്കെടുപ്പിച്ച് ഈ ടൂര്‍ണമെന്റ് നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി സംഘാടകനായ സാഹിദ് ഭട്ടിനെയും പൊലീസ് വിളിപ്പിച്ചു. അതേസമയം, ടൂര്‍ണമെന്റുമായി യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെകെസിഎ) വ്യക്തമാക്കി. ലീഗ് തങ്ങളുടെ ബാനറില്‍ സംഘടിപ്പിക്കപ്പെട്ടതല്ലെന്നും ഫുര്‍ഖാന്‍ ഭട്ടിന് ജെകെസിഎയുമായി ബന്ധമില്ലെന്നും അസോസിയേഷന്‍ പറഞ്ഞു. ലീഗുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ജെകെസിഎ അറിയിച്ചു.
ക്രിക്കറ്റ് പ്രചാരണത്തിനോ രാഷ്ട്രീയ ചിഹ്നങ്ങള്‍ക്കോ ഉള്ള വേദിയല്ലെന്നും, പ്രത്യേകിച്ച് ഇന്ത്യയുടെ തന്ത്രപ്രധാനമായ സുരക്ഷാ സാഹചര്യത്തില്‍ ഇത് പ്രകോപനപരവുമായ നടപടിയാണെന്നും നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഇതുവരെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ മാത്രമാണ് നിലവില്‍ നടന്നിട്ടുള്ളതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




