- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ' എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്‌കരിച്ച 'ആനവാല്‍ മോതിരം'; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രം
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ശ്രീനിവാസന്‍ ചിത്രം 'ആനവാല്‍ മോതിരം'. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎല്‍എ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആന്റണി രാജുവുമായി ബന്ധപ്പെട്ട കേസില്‍ ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലില്‍ അറസ്റ്റിലാകുന്നത് 1990 ഏപ്രിലിലായിരുന്നു. 1991 ലാണ് ആനവാല്‍ മോതിരം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ സമാനമായ രംഗം ആവിഷ്‌കരിച്ചത് തികച്ചും ആകസ്മികമോ എന്നായിരുന്നു ആദ്യ കാലങ്ങളില്‍ ചര്‍ച്ചയായത്. ഇന്നത്തെ കാലത്തെപ്പോലെ അന്ന് സമൂഹമാധ്യമങ്ങളൊന്നും ഇല്ലാത്തതിനാല്‍ വിഷയങ്ങള്‍ അത്ര പെട്ടന്ന് തീപിടിച്ചിരുന്നില്ല. എന്നാല്‍ കേസില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം വിധി വരുമ്പോള്‍ തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്‌കരിച്ച 'ആനവാല്‍ മോതിരം' ബ്രില്യന്‍സാണ് ചര്‍ച്ചായാകുന്നത്.
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.
1994 ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരമായത്. കേസിന്റെ ചരിത്രം ഇങ്ങനെയായിരുന്നു, അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കെടുത്തു. ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി. ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു. പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്.
ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.
മുകളില്‍ പറഞ്ഞതെല്ലാം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. എന്നാല്‍ ഇതേ രംഗങ്ങള്‍ 1991 ല്‍ പുറത്തിറങ്ങിയ ആനവാല്‍മോതിരം എന്ന ചിത്രത്തില്‍ അതേപടി ആവിഷ്‌കരിച്ചിരുന്നു. 1990 ല്‍ ഗ്രേഗ് ചാമ്പ്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് കോമിക് ചിത്രം ഷോര്‍ട്ട് ടൈമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആനവാല്‍ മോതിരം ഒരുക്കിയത്. ടി ദാമോദരന്റെ തിരക്കഥയില്‍ ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസന്‍, സുരേഷ് ഗോപി എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍. സിനിമയിലെ രംഗമിങ്ങനെയാണ്, ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശ പൗരനെ സി.ഐ ജെയിംസും എസ്.ഐ നന്ദകുമാറും ചേര്‍ന്ന് പിടികൂടുന്നു. ജയിംസായി ശ്രീനിവാസനും നന്ദകുമാറായി സുരേഷ് ഗോപിയുമാണ് ചിത്രത്തിലെത്തുന്നത്.
സിനിമയിലെ രംഗമിങ്ങനെ, ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശ പൗരനെ (ഐറിഷ്-അമേരിക്കന്‍ നടന്‍ ഗാവിന്‍ പക്കാഡ്) സി.ഐ ജെയിംസ് (ശ്രീനിവാസന്‍) എസ്.ഐ നന്ദകുമാര്‍ (സുരേഷ് ഗോപി) എന്നിവരടങ്ങുന്ന സംഘം പിടികൂടുന്നു. ചോദ്യം ചെയ്യലിനിടെ അയാളുടെ അടിവസ്ത്രത്തില്‍ മയക്കുമരുന്നു കണ്ടെത്തുന്നു.
കേസിന്റെ വിചാരണയില്‍ സി.ഐ ജയിംസിനോട് അഭിഭാഷകന്‍ ചോദിക്കുന്നു, 'അയാള്‍ ഡ്രോയര്‍ ഉടുത്തിരുന്നോ, അതോ വേറെ എവിടെയെങ്കിലും വച്ചിരിക്കുകയിരുന്നോ?'
സി.ഐ ജയിംസ്- ഉടുത്തിരുന്നു
അഭിഭാഷകന്‍- യുവര്‍ ഓണര്‍, ഉടുത്തിരുന്നു, പ്ലീസ് നോട്ട്, ഹെറോയിന്‍ കൈവച്ചു എന്ന് പോലീസ് ആരോപിക്കുന്ന ആല്‍ബര്‍ട്ടോയ്ക്കെതിരേയുള്ള കേസിലെ തൊണ്ടിസാധനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇലാസ്റ്റികുള്ള ഈ ഡ്രോയര്‍. തത്സമയം ആല്‍ബര്‍ട്ടോ ധരിച്ചിരുന്നുവെന്നും ഈ ഡ്രോയര്‍ അഴിച്ചെടുത്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ജെയിംസ് പള്ളത്തറയും നന്ദകുമാറും ഈ കോടതി മുന്‍പാകെ സമ്മതിച്ചതാണ്
(തൊട്ടടുത്ത രംഗത്തില്‍ അഭിഭാഷകന്‍ നീല നിറമുള്ള അടിവസ്ത്രം പുറത്തെടുക്കുന്നു)
എന്നിട്ട് പറയുന്നു, ഈ ഡ്രോയര്‍ മിസ്റ്റര്‍ ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക് ധരിപ്പിക്കാമോ. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ നിങ്ങള്‍ ഹാജരാക്കിയ സാധനമാണിത്. പതിനഞ്ച് വയസ്സുകാരന് പോലും പ്രായമാകാത്ത ഈ ഡ്രോയര്‍ ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക് ധരിപ്പിക്കാമോ?
സി.ഐ ജയിംസ് വിയര്‍ക്കുന്നു, എന്നിട്ട് പറയുന്നു- ഇത്, ഇത് മാറിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
അഭിഭാഷകന്‍. ഐ.ഡോണ്ട് വാണ്ട് യുവര്‍ എക്പ്ലനേഷന്‍, ഇത് ആല്‍ബര്‍ട്ടോയെ ധരിപ്പിക്കാമോ? ഇല്ലയോ. ടെല്‍ മി യെസ് ഓര്‍ നോ
സി.ഐ ജയിംസ്- നോ
കോടതി വിധി ഇങ്ങനെ, പ്രതിയുടെ പേരില്‍ ആരോപിച്ച കുറ്റകൃത്യം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, തല്‍കൃത്യത്തില്‍ അപഹാസ്യരാകും വിധം പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ ആല്‍ബര്‍ട്ടോ ഫെല്ലിനിയെ വെറുതെ വിടുന്നു. ആന്റണി രാജു കേസ് വീണ്ടും ചര്‍ച്ചയായപ്പോള്‍ ഈ ശ്രീനി ചിത്രവും സൈബറിടത്ത് ചര്‍ച്ചയാണ്.
യഥാര്‍ഥ സംഭവത്തില്‍, 1990 ല്‍ നടന്ന കേസില്‍ ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷം നീണ്ട പരിശോധനയ്ക്കൊടുവിലാണ് വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
ഓസ്‌ട്രേലിയയിലേക്ക് കടന്ന ആന്‍ഡ്രൂ അവിടെ കൊലക്കേസില്‍ പെടുകയും തടവില്‍ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നല്‍കി. തുടര്‍ന്നാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് അഭിഭാഷകനായിരുന്ന ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കണ്ടെത്തിയത്.




