- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉസ്മാന്‍ ഖവാജയുമായി റെയ്ച്ചല്‍ പ്രണയത്തിലായത് 2015ല്‍; ഇസ്ലാം മതം സ്വീകരിച്ച് ജീവിത പങ്കാളിയായി; രണ്ട് പെണ്മക്കളുടെ അമ്മയായ ഓസ്ട്രേലിയക്കാരി 7ക്രിക്കറ്റിലെ പ്രശസ്തയായ റിപ്പോര്‍ട്ടറും അവതാരകയും; ഖവാജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം; ചര്‍ച്ചയായി റെയ്ച്ചലിന്റെ പ്രതികരണം
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ താരത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണം. ഖവാജ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞതിനു പിന്നാലെയാണ് താരത്തിന്റെ ഭാര്യ റെയ്ച്ചലിനും മക്കള്‍ക്കുമെതിരെ സൈബറാക്രമണമുണ്ടായത്. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റോടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസമാണ് മുപ്പത്തിയൊമ്പതുകാരന്‍ ഉസ്മാന്‍ ഖവാജ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ വംശജനായ താന്‍, ടീമില്‍നിന്നു വിവേചനം നേരിട്ടിരുന്നതായും താരം വാര്‍ത്തസമ്മേളനത്തില്‍ തുറന്നുപറഞ്ഞിരുന്നു.
പാക്കിസ്ഥാനില്‍ ജനിച്ച ഖവാജ, ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കുന്ന ആദ്യ മുസ്ലിം ആണ്. കരിയറില്‍ ഉടനീളം വ്യത്യസ്തമായി തന്നെ പരിഗണിച്ചത് അസ്വസ്ഥന്‍ ആക്കിയിരുന്നതായാണ് ഖവാജ തുറന്നടിച്ചത്. പരുക്കിന്റെ സമയത്ത് താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് വംശീയ അധിക്ഷേപത്തിന്റെ സ്വഭാവം ഉണ്ടായിരുന്നെന്നും താരം പറഞ്ഞു. ''ഞാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു മുസ്ലിമാണ്, അതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാഗമാകില്ലെന്ന് പലരും പറഞ്ഞു, ഇപ്പോള്‍ എന്നെ നോക്കു...'' താരം പറഞ്ഞു.
ഇതിനു പിന്നാലെയാണ് റെയ്ച്ചലിലേക്കും മക്കളിലേക്കും കടുത്ത സൈബര്‍ ആക്രമണം ഉണ്ടായത്. തന്റെ പെണ്‍മക്കളായ ഐഷ, ഐല എന്നിവര്‍ക്കു നേരെ വരെ ഉയര്‍ന്ന വിദ്വേശ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റെയ്ച്ചല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ''കഴിഞ്ഞ ആഴ്ചയില്‍ ഞങ്ങള്‍ക്ക് ലഭിച്ച ചില കമന്റുകളുടെ ഒരു ചെറിയ സാംപിള്‍ ഞാന്‍ ശേഖരിച്ചു. ഇത് പുതിയതാണ്, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, ഞങ്ങള്‍ക്ക് എപ്പോഴും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ അവ കൂടുതല്‍ വഷളായിരിക്കുന്നു.'' ചില കമന്റുകളില്‍ ഖവാജയുടെയും റെയ്ച്ചിലിന്റെ മക്കളെ 'ഭാവിയില്‍ സ്‌കൂള്‍ ആക്രമിക്കുന്നവര്‍' എന്ന ആക്ഷേപിച്ചപ്പോള്‍ മറ്റു ചിലര്‍ 'പാക്കിസ്ഥാനിലേക്ക് മടങ്ങി പോകൂ' എന്നാണ് കമന്റിട്ടത്.
സൈബറാക്രമണങ്ങളുടെ നിരന്തരമായ ഇരയാണ് റെയ്ച്ചല്‍ ഖവാജ. ഡിസംബറില്‍ സിഡ്‌നിയിലെ ബോണ്ടയ് ബീച്ചില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഖവാജയ്ക്കും ഭാര്യ റെയ്ച്ചലിനും നേരേ വ്യാപകമായ സൈബറാക്രമണം ഉണ്ടായിരുന്നു. ബോണ്ടയ് ബീച്ചില്‍ നടന്ന ഹനുക്ക എന്ന ജൂത ആഘോഷത്തില്‍ എത്തിയവര്‍ക്കു നേരേയുണ്ടായ വെടിവയ്പില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പാക്ക് വംശജരാണെന്നു റിപ്പോര്‍ട്ടു വന്നതോടെയാണ് ഖവാജയ്ക്കും കുടുംബത്തിനുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ഇസ്‌ലാമോഫോബിയയ്ക്കെതിരെയാണെങ്കിലും വംശീയതയ്ക്കെതിരെയാണെങ്കിലും ഐക്യത്തോടെ തുടരേണ്ടത് പ്രധാനമാണെന്നും റെയ്ച്ചല്‍ കൂട്ടിച്ചേര്‍ത്തു. ഖവാജയുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇവ വീണ്ടും ചര്‍ച്ചാവിഷയമാകുകയായിരുന്നു. 2017ലാണ് ഖവാജയും റെയ്ച്ചലും വിവാഹിതരായത്.
ഇതിനു മുന്നോടിയായി റെയ്ച്ചല്‍, ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നി, ബ്രിസ്ബെയ്ന്‍ എന്നിവടങ്ങളിലായിട്ടായിരുന്നു റെയ്ച്ചലിന്റെ ജനനവും കുട്ടിക്കാലവും. ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടി. ഈ സമയത്ത് 2015ലാണ് ഖവാജയെ പരിചയപ്പെടുന്നത്. 2016ല്‍ വിവാഹനിശ്ചയവും 2017ല്‍ വിവാഹവും കഴിഞ്ഞു. 7ക്രിക്കറ്റ് എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറും അവതാരകയുമാണ് നിലവില്‍ റെയ്ച്ചല്‍. 2010 - 11ല്‍ നടന്ന ആഷസ് പരമ്പരയിലാണ് ഖവാജ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയയ്ക്കായി 87 ടെസ്റ്റുകളില്‍ 16 സെഞ്ചറി സഹിതം 6206 റണ്‍സ് നേടിയിട്ടുണ്ട്.




