- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ!' കവര്‍ തുറന്നു നോക്കാന്‍ പോലും മടിച്ച കേന്ദ്രമന്ത്രി; അന്ന് കലുങ്ക് സംവാദത്തില്‍ നേരിട്ട അപമാനം ഇന്ന് ആനന്ദക്കണ്ണീരായി; പതിനൊന്നര ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സിപിഎമ്മിന്റെ മറുപടി; ഇനി അടച്ചുറപ്പുള്ള വീട്ടില്‍ വേലായുധന് ഉറങ്ങാം
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവര്‍ തുറന്നു പോലും നോക്കാതെ മടക്കിയ ചേര്‍പ്പ് പുള്ളിലെ കൊച്ചു വേലായുധന് ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടില്‍ അന്തിയുറങ്ങാം. സിപിഎം നിര്‍മിച്ച വീടിന്റെ താക്കോല്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് കൈമാറിയത്. വലിയ സന്തോഷമെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേര്‍പ്പ് ഏരിയയിലെ അംഗങ്ങള്‍ സമാഹരിച്ച പണം കൊണ്ടാണ് വീട് നിര്‍മിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിര്‍മിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രിയില്‍ നിന്നും അപമാനം നേരിട്ട കൊച്ചുവേലായുധന് പുതിയ വീടിനെക്കുറിച്ച് പറയുമ്പോള്‍ ആനന്ദ കണ്ണീര്‍. വേലായുധനും ഭാര്യ സരോജിനിയും മൂന്നു മക്കളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിന് ഇനി ഒറ്റ മുറി കൂരയില്‍ കഴിയേണ്ട. അടച്ചുറപ്പുള്ള മനോഹരമായ വീട്ടില്‍ താമസിക്കാം. സ്വന്തം വീടെന്നത് അയാളുടെ ദീര്‍ഘനാളത്തെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് സിപിഎമ്മിന്റെ സഹായത്തോടുകൂടി യാഥാര്‍ഥ്യമായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് പുള്ളില്‍ നടന്ന പരിപാടിക്കിടെ കൊച്ചുവേലായുധന്‍ അപമാനിക്കപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് തെങ്ങ് വീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായവും തേടിയാണ് കൊച്ചുവേലായുധന്‍ എംപിക്ക് അപേക്ഷ നല്‍കിയത്. കൊച്ചുവേലായുധന്‍ അപേക്ഷ നീട്ടിയപ്പോള്‍ സുരേഷ് ഗോപി അത് വാങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. അപേക്ഷ തുറന്ന് പോലും നോക്കാതെയാണ് സുരേഷ് ഗോപി കൊച്ചുവേലായുധനെ മടക്കിയത്.
2023ലാണ് തെങ്ങ് വീണ് കൊച്ചുവേലായുധന്റെ വീട് തകര്‍ന്നത്. പലവാതിലും മുട്ടിയെങ്കിലും വീടിനായി സഹായം ലഭിച്ചില്ല. അങ്ങനെയാണ് ജനകീയ വിഷയങ്ങളില്‍ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന 'കലുങ്ക് സൗഹാര്‍ദ വികസന സംവാദ' പരിപാടിയില്‍ കൊച്ചുവേലായുധന്‍ എത്തിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളില്‍ സംവാദം നടക്കുമ്പോഴാണ് വയോധികന്‍ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍, 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ'- എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദ്യം പിന്നാലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നു.
സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ അദ്ദേഹം കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പരാതി എന്താണ് എന്ന് നോക്കാമായിരുന്നു, പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നു എന്നെല്ലാം പ്രതികരണങ്ങള്‍ ഉണ്ടായി. പിന്നാലെയാണ് കൊച്ചുവേലായുധന് വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഎം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ അറിയിച്ചത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണ് വീട് നിര്‍മാണത്തിനുള്ള പണം സ്വരൂപിച്ചത്. തകര്‍ന്ന ഒറ്റമുറി വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് കൊച്ചുവേലായുധനും കുടുംബവും എത്തി.




