- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സായുധ സേനയെ വികലമായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ട്; വിദഗ്ധര്‍ കാണണം'; വീണ്ടും പരിശോധിക്കാന്‍ അനുവാദമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; 27 കട്ടുകള്‍ വരുത്തിയെന്ന് നിര്‍മാതാക്കള്‍; 'ജനനായകന്‍' പ്രതിസന്ധിയില്‍; നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച; റിലീസ് തീയതി മാറ്റിയേക്കും; ഡിഎംകെയെ വിമര്‍ശിച്ച് വിജയ് ആരാധകര്‍
ചെന്നൈ: വിജയ്യുടെ കരിയറിലെ അവസാന സിനിമയെന്ന പേരില്‍ ആരാധകര്‍ കാത്തിരുന്ന 'ജനനായകന്റെ' റിലീസ് പ്രതിസന്ധിയില്‍. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി 9നു രാവിലെയെന്നു മദ്രാസ് ഹൈക്കോടതി. ചിത്രം റിലീസാവാനിരിക്കുന്നതും അതേ ദിവസമാണ്. ഇതോടെ റിലീസ് തീയതി മാറ്റേണ്ട സാഹചര്യമാണുള്ളത്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കാത്തതെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. 9നു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് 10ലേക്കു മാറ്റുന്നതില്‍ എതിര്‍പ്പുണ്ടോയെന്നു ചോദിച്ച കോടതി, പരാതികള്‍ ഹാജരാക്കാന്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചിരുന്നു.
ചിത്രം വീണ്ടും പരിശോധിക്കാന്‍ അധികാരം ഉണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. പരാതി നല്‍കിയത് ഇസി അംഗം തന്നെയെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തല്‍. സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉണ്ടെന്നും വിദഗ്ധര്‍ കാണണമെന്നുമാണ് വാദം. സിനിമയില്‍ 27 കട്ട് വരുത്തിയെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഇസി അംഗത്തിന് എങ്ങനെ പരാതി നല്‍കാനാകുമെന്നും നിര്‍മാതാക്കള്‍ ചോദിക്കുന്നു. യു/എ സര്‍ട്ടിഫിക്കേറ്റ് 22ന് ഉറപ്പ് നല്‍കിയ ശേഷം മലക്കംമറിയുന്നത് എങ്ങനെ എന്ന് കോടതി ചോദിച്ചു. ചെയര്‍മാന് അധികാരം ഉണ്ടെന്നാണ് ബോര്‍ഡിന്റെ മറുപടി. ഇതോടെ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു
സിനിമയുടെ റിവ്യുവിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് അറിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ റിവൈസിംഗ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സിബിഎഫ്‌സിയുടെ മറുപടി. പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കാന്‍ റിവൈസിംഗ് കമ്മിറ്റിക്ക് സമയമുണ്ട്. 20 ദിവസത്തിനകം നിര്‍മ്മാതാക്കളെ തീരുമാനം അറിയിച്ചാല്‍ മതിയെന്നും സിബിഎഫ്‌സി പറഞ്ഞു. ഡിസംബര്‍ 18നാണ് പ്രദര്‍ശനാനുമതി തേടി ചിത്രം നല്‍കിയത്. 2026ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നത് കൊണ്ട് മാത്രം ഹര്‍ജി നല്‍കാനാവില്ല.
പ്രദര്‍ശം തടയണമെന്ന ദുരുദ്ദേശം സെന്‍സര്‍ ബോര്‍ഡിന് ഇല്ലെന്നും സിബിഎഫ്‌സി വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതാക്കള്‍ സിബിഎഫ്‌സിക്ക് പരാതി നല്‍കിയിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമ കണ്ടതിന് ശേഷം ശുപാര്‍ശ നല്‍കാനാണ് സെന്‍സര്‍ ബോര്‍ഡ് അംഗത്തിന് അധികാരമുള്ളതെന്ന് നിര്‍മ്മാതാക്കള്‍ മറുപടി വാദമുന്നയിച്ചു. സിനിമയ്‌ക്കെതിരെ പരാതി നല്‍കാന്‍ ബോര്‍ഡ് അംഗത്തിന് കഴിയില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ബോര്‍ഡ് അംഗം എങ്ങനെ പരാതിക്കാരനായി എന്നും നിര്‍മ്മാതാക്കള്‍ ചോദിച്ചു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികള്‍ ലഭിച്ചതിനാല്‍ ചിത്രം വീണ്ടും കാണാന്‍ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്ന ബോര്‍ഡിന്റെ വിശദീകരണത്തെ തുടര്‍ന്നു കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.
ടിക്കറ്റ് വരുമാനം പങ്കിടുന്നതിനെച്ചൊല്ലി നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചില തിയറ്ററുകളില്‍ മുന്‍കൂര്‍ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 500 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രം 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണു നീക്കം. അതിനിടെ, ശിവകാര്‍ത്തികേയന്‍ നായകനായി പുറത്തിറങ്ങുന്ന 'പരാശക്തി' സിനിമയ്ക്കു വേണ്ടി ജനനായകന്റെ റിലീസ് വൈകിപ്പിക്കാന്‍ ഡിഎംകെ ശ്രമിക്കുകയാണെന്ന് വിജയ് ആരാധകര്‍ ആരോപിച്ചു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.




