- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമല സ്വര്‍ണ്ണക്കൊള്ള: 'ഡി മണി'ക്ക് ക്ലീന്‍ ചിറ്റ്? രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ വഴിത്തിരിവ്; അന്വേഷണം പുതിയ തലത്തിലേക്ക്; മണിക്ക് സ്വര്‍ണ്ണ കൊള്ളയില്‍ പങ്കില്ലെന്ന് ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് സ്വദേശി ഡി. മണിക്ക് (യഥാര്‍ത്ഥ പേര് ബാലമുരുകന്‍) പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വിദേശ വ്യവസായിയുടെയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എട്ട് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാള്‍ക്ക് കേസില്‍ നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ എസ്.ഐ.ടി എത്തിയത്.
ശബരിമലയില്‍ താന്‍ സാധാരണ ഭക്തനായി ദര്‍ശനത്തിന് എത്താറുണ്ടെന്നും എന്നാല്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ ദേവസ്വം ഉദ്യോഗസ്ഥരെയോ അറിയില്ലെന്നും മണി മൊഴി നല്‍കി. തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി വന്നിട്ടുണ്ടെങ്കിലും വിഗ്രഹക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഡി മണിയുടെ കൂട്ടാളി വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ നേരത്തെ ഇറിഡിയം തട്ടിപ്പ് കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശ്രീകൃഷ്ണനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
ശബരിമല കൂടാതെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണ് വെച്ച അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘം കേരളത്തില്‍ നിന്ന് 1000 കോടി രൂപയുടെ കൊള്ളയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിഗ്രഹക്കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ ശൃംഖലയുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണ്ണം ഉരുക്കിയെടുക്കുന്നതിനേക്കാള്‍ വലിയ വിഗ്രഹക്കടത്താണ് ശബരിമലയില്‍ നടന്നതെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. 2019-20 കാലഘട്ടത്തില്‍ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും ഇതിന് ഒരു ദേവസ്വം ഉന്നതന്‍ കൂട്ടുനിന്നെന്നും മൊഴിയിലുണ്ട്. എന്നാല്‍ ഈ മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
ഡി മണിക്ക് നിലവില്‍ പങ്കില്ലെന്ന് കോടതിയെ അറിയിച്ചെങ്കിലും, ഇയാളുടെ യാത്രാ രേഖകളും ബാങ്ക് ഇടപാടുകളും എസ്.ഐ.ടി വിശദമായി പരിശോധിച്ചു വരികയാണ്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പ്രവാസി വ്യവസായിയെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും വീണ്ടും ചോദ്യം ചെയ്യും. മൂന്ന് പ്രതികളില്‍ മാത്രം ഒതുങ്ങിനിന്ന അന്വേഷണം രമേശ് ചെന്നിത്തലയുടെ ഇടപെടലോടെ വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരാവസ്തു കച്ചവടക്കാരനാണ് ഡി മണിയെന്നും ഇയാള്‍ക്ക് കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് എസ്ഐടിക്ക് ലഭിച്ച വിവരം. ഇത് ഇനിയും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.
ശബരിമലയില്‍ മാത്രമല്ല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി കൊള്ളയടിക്കാനും ഈ അന്താരാഷ്ട്ര സംഘം ലക്ഷ്യമിട്ടിരുന്നതായി രമേശ് ചെന്നിത്തലയുടെ സുഹൃത്തായ വ്യവസായി ആരോപിച്ചിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് പുരാവസ്തുക്കള്‍ ലേലം ചെയ്യാന്‍ നടന്ന നീക്കം താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഇടപെട്ട് തടഞ്ഞതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധനായ വിഗ്രഹക്കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ ശൃംഖലയ്ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
ഡി മണി എന്ന പേരിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ ലിസ്റ്റില്‍ നേരത്തെ ഈ പേര് ഇല്ലാതിരുന്നതിനാല്‍, ഇയാള്‍ മറ്റൊരു പേരിലാണോ ഇടപാടുകള്‍ നടത്തിയിരുന്നത് എന്ന് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കണ്ടെത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്രയും കാലം മൂന്ന് പ്രതികളില്‍ മാത്രം ഒതുങ്ങിനിന്ന അന്വേഷണമാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തലോടെ പുതിയ തലത്തിലേക്ക് മാറിയത്.




