- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ഉടന്‍ വേണ്ടത് 1800 ലേറെ വിമാനങ്ങള്‍; ഒരു ചെറുവിമാനം പോലും നല്കാനാവാത്ത തിരക്കില്‍ എയര്‍ബസും ബോയിങ്ങും; അവസരം മുതലാക്കാന്‍ അദാനി ഗ്രൂപ്പ്; എംബ്രയറുമായി ചേര്‍ന്ന് റീജിയണല്‍ ജെറ്റുകള്‍ നിര്‍മിക്കും; ഒരു ലക്ഷം കോടിയുടെ നിക്ഷേപം; ആകാശം കീഴടക്കാന്‍ അദാനി എയ്റോസ്പേസ്!
മുംബൈ: വിമാനത്താവളവും തുറമുഖവും പിന്നിട്ട് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യയുടെ വ്യോമയാന വിപണിയില്‍ ചുവടുറപ്പിക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ബ്രസീലിയന്‍ കമ്പനിയായ എംബ്രയറുമായി ചേര്‍ന്ന് വാണിജ്യ വിമാനങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 70 മുതല്‍ 146 വരെ യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ചെറു വിമാനങ്ങളാണ് നിര്‍മിക്കുക. ഇതുമായി ബന്ധപ്പെട്ട് അദാനി എയ്‌റോസ്‌പേസും എംബ്രയറുമായി ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട് . ഇതോടെ വാണിജ്യ വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിയ്ക്കും. ആഭ്യന്തര വിമാന യാത്രകള്‍ക്ക് വേണ്ടിയുള്ള ജെറ്റുകളായിരിക്കും നിര്‍മിക്കുക. എംബ്രയര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിമാനം നിര്‍മിക്കാനാണ് ധാരണ. അദാനി എയറോസ്‌പേസ് കമ്പനിയാണ് ധാരണ പത്രത്തില്‍ ഒപ്പിട്ടത്. കേന്ദ്ര സര്‍ക്കാറിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഊര്‍ജം പകരുന്നതാണ് അദാനിയുടെ നീക്കം. അതേസമയം, പദ്ധതി സംബന്ധിച്ച് അദാനിയും എംബ്രയറും പ്രതികരിച്ചിട്ടില്ല. വിമാന നിര്‍മാണ പ്ലാന്റ് എവിടെ സ്ഥാപിക്കും, നിക്ഷേപത്തുക എത്ര എന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമായിട്ടില്ല. ഈ മാസം അവസാനത്തോടെ ഹൈദരാബാദില്‍ നടക്കുന്ന എയര്‍ ഷോയില്‍ പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങളും അറിവായിട്ടില്ല
നിലവില്‍ ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയുടേത്. എന്നാല്‍ വിമാനങ്ങളുടെ അപര്യാപ്ത മൂലം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ വിപണിക്കായിട്ടില്ല. ഏകദേശം 1,800 വിമാനങ്ങള്‍ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നത്. ഇവയുടെ ഡെലിവറി ഇനിയും വൈകുമെന്നാണണ് കരുതുന്നത്. ഇത് കണക്കിലെടുത്ത് വാണിജ്യ വിമാനങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ധനസഹായം നല്‍കാനുള്ള സാധ്യതയും കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ 1800 ലേറെ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നത്. 80 മുതല്‍ 146 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ചെറിയ വിമാനങ്ങളുടെ വിപണി വളരെ വിശാലമാണെന്ന് എംബ്രയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റൗള്‍ വില്ലറന്‍ പറഞ്ഞു. ഇന്ത്യക്ക് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 ചെറിയ വിമാനങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ യു.എസിലും ബ്രസീലിലും മാത്രമാണ് എംബ്രയറിന് വിമാന നിര്‍മാണ പ്ലാന്റുകളുള്ളത്. ഇന്ത്യയില്‍ വിമാന നിര്‍മാണം തുടങ്ങാന്‍ ആഗോള കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചതിന് പിന്നാലെയാണ് എംബ്രയറിന്റെ വരവ്. ഇന്ത്യയില്‍ നിര്‍മിച്ച വിമാനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എംബ്രയറിന്റെ വിമാന നിര്‍മാണ പദ്ധതി വിജയം കണ്ടാല്‍ ലോകത്തെ ഒന്നാംനിര കമ്പനികളായ എയര്‍ബസും ബോയിങ്ങും രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷ.
വാണിജ്യ, പ്രതിരോധ, ബിസിനസ് വിഭാഗങ്ങളിലായി എംബ്രയറിന്റെ 50 ഓളം വിമാനങ്ങള്‍ ഇന്ത്യയിലുണ്ട്. നിലവില്‍ സ്റ്റാര്‍ എയര്‍ കമ്പനിയാണ് എംബ്രയറിന്റെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ആഭ്യന്തരമായി നിര്‍മിക്കുകയാണെങ്കില്‍ സ്റ്റാര്‍ എയര്‍ കൂടുതല്‍ ജെറ്റുകള്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. അടുത്ത പത്തു വര്‍ഷത്തിനിടയില്‍ ഓര്‍ഡര്‍ ചെയ്ത ചെറിയ ഒരു വിമാനം പോലും എയര്‍ബസിനും ബോയിങ്ങിനും വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇക്കാരണത്താല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സേവനം ആരംഭിക്കാന്‍ തയാറെടുക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ എംബ്രയറിന്റെ ഉപഭോക്താക്കളാവുമെന്നാണ് സൂചന.
രാജ്യത്തെ വ്യോമയാന മേഖലയിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് എംബ്രയര്‍ കമ്പനിയുടെ തീരുമാനം. 2005ലാണ് എംബ്രയര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കമ്പനിയുടെ അമ്പതോളം ഇജെറ്റുകള്‍ നിലവില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്റ്റാര്‍ എയര്‍ പോലുള്ള വിമാനക്കമ്പനികളും ഇന്ത്യന്‍ വ്യോമസേനയുമാണ് എംബ്രയറിന്റെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം ആരംഭിച്ചാല്‍ ഉല്‍പാദന ശേഷി കൂട്ടാമെന്നും എംബ്രയര്‍ കരുതുന്നു. സെപ്റ്റംബര്‍ ഡിസംബര്‍ പാദത്തില്‍ കമ്പനി 91 വിമാനങ്ങളാണ് ഡെലിവറി നടത്തിയത്.
അതേസമയം, ബോയിങ്, എയര്‍ ബസ് പോലുള്ള കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങള്‍ അടുത്തെങ്ങും ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ വിമാനകമ്പനികള്‍ക്ക് കൂടി ഉപകാരപ്പെടുന്നതാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതിയെന്നും വിലയിരുത്തലുണ്ട്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഒരുലക്ഷം കോടി രൂപ നിക്ഷേപിയ്ക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാനും പദ്ധതിയുണ്ട്. വിമാന അറ്റകുറ്റപ്പണി മേഖലയില്‍ കമ്പനി ഇതിനോടകം നിക്ഷേപം നടത്തിയിട്ടുണ്ട്. തിരുവനനന്തപുരം രാജ്യാന്തര വിമാനത്താളം അടക്കമുള്ള എട്ട് വിമാനത്താവളങ്ങളാണ് നിലവില്‍ ഗ്രൂപ്പിന് കീഴിലുള്ളത്. രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ്, വിമാന നിര്‍മ്മാണ രംഗത്തേക്ക് കൂടി കടക്കുന്നത് വ്യോമയാന മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനാണ്. എംബ്രയറുമായുള്ള സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ബോയിംഗ്, എയര്‍ബസ് തുടങ്ങിയ വമ്പന്‍മാരോട് മത്സരിക്കാന്‍ അദാനി ഗ്രൂപ്പിന് സാധിക്കും.




