- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൈവതുല്യരായ എത്രയോപേര്‍ ഉണ്ട്; പത്മകുമാര്‍ പറഞ്ഞ ദൈവ്യതുല്യര്‍ ആരാണെന്ന് ഞാന്‍ എങ്ങനെ അറിയാനാണ്'; അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കണ്ഠരര് രാജീവരുടെ മറുപടി; ദൈവതുല്യന്‍ ശവംതീനിയല്ലെന്ന് പത്മകുമാറും; കുരുക്കായത് പോറ്റിയുമായുള്ള ബന്ധവും ആ കുറിപ്പും; മുന്‍കൂര്‍ ജാമ്യം തേടിയുള്ള നീക്കം തടഞ്ഞ് ഒടുവില്‍ അറസ്റ്റും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്ര പരമായ നീക്കത്തിന് ഒടുവിലായിരുന്നു തന്ത്രി കണ്ഠര് രാജീവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് മനപ്പൂര്‍വം മറച്ചുവെച്ച എസ് ഐ ടി മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കം ഒഴിവാക്കി. ഇതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവരെ ചോദ്യംചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതുമുതല്‍ സംശയനിഴലിലുണ്ടായിരുന്ന പേരുകളില്‍ ഒന്നായിരുന്നു കണ്ഠരര് രാജീവരുടേതും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്തബന്ധമുണ്ടായിരുന്നതായി മുന്‍ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ. പത്മകുമാര്‍ മൊഴിനല്‍കിയതോടെ കുരുക്ക് മുറുകി. മാത്രമല്ല, സ്വര്‍ണപ്പാളികള്‍ പുറത്തുകൊണ്ടുപോകാന്‍ അനുവാദം നല്‍കി തന്ത്രി നല്‍കിയ കുറിപ്പിലും ദുരൂഹതകള്‍ ഉയര്‍ന്നു. നേരത്തേ തന്ത്രിമാരായ കണ്ഠരര് രാജീവരില്‍നിന്നും കണ്ഠരര് മോഹനരില്‍നിന്നും എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കണ്ഠരര് രാജീവര് ചോദ്യംചെയ്യലിനായി എസ്ഐടിയുടെ മുന്നില്‍ ഹാജരായത്. സഹായിയായ നാരായണന്‍ നമ്പൂതിരിയും തന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍നീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശും തന്ത്രിയെ വിശദമായി ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തുവന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി നടത്തിയ ഏറ്റവും നിര്‍ണായകനീക്കമായിരുന്നു വെള്ളിയാഴ്ചയുണ്ടായ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ്.
സ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രിയാണോ എന്നതാണ് നേരത്തെ ഉയര്‍ന്ന പ്രധാന ചോദ്യം. തന്ത്രിക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് വലിയ സൗഹൃദമാണ്. ശബരിമലയിലേക്ക് പോറ്റിയെത്തിയത് സഹായിയായാണ്. പിന്നീട് സ്‌പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറുകയായിരുന്നു. പാളികളില്‍ സ്വര്‍ണം പൂശാന്‍ ഉള്‍പ്പടെ തന്ത്രിയാണ് അനുമതി നല്‍കിയത്. സ്വര്‍ണക്കൊള്ളക്ക് പോറ്റിക്ക് അവസരമുണ്ടാക്കി നല്‍കിയത് തന്ത്രി കണ്ഠരര് രാജീവരരാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ്. അതുകൊണ്ട് തന്നെ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് കണ്ടെത്തല്‍.
തന്ത്രി കുടുങ്ങി, ഇനി മന്ത്രിയോ?
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും അടുത്തബന്ധമുണ്ടായിരുന്നതായാണ് അറസ്റ്റിലായതിന് പിന്നാലെ എ. പത്മകുമാര്‍ മൊഴിനല്‍കിയിരുന്നത്. താന്‍ പരിചയപ്പെടുന്നതിന് മുന്‍പുതന്നെ പോറ്റി ശബരിമലയുള്ള വ്യക്തിയായിരുന്നുവെന്നും തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു. തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങിയതോടെ ഇനി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിടിയിലാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എസ് ഐ ടി ചോദ്യം ചെയ്തത് നേരത്തെ കടകംപള്ളി സ്ഥിരീകരിച്ചിരുന്നു. അന്വേഷണം മുന്‍ ദേവസ്വം മന്ത്രിയിലേക്ക് എത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞു
2019-ലെ സ്വര്‍ണപ്പാളി തട്ടിപ്പ് കഴിഞ്ഞവര്‍ഷം പുറത്തറിഞ്ഞപ്പോള്‍ ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ തന്ത്രിയുടെ കുറിപ്പിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പില്‍ തന്ത്രി പരാമര്‍ശിച്ചിരുന്നത്. തന്ത്രി കണ്ഠരര് രാജീവരില്‍നിന്നാണ് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ അഭിപ്രായം എഴുതിവാങ്ങിയിരുന്നത്. 'ദ്വാരപാലകരിലും ശ്രീകോവിലിന്റെ തെക്കും വടക്കുമുള്ള മൂലകളിലും പൂശിയിട്ടുള്ള സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാല്‍ പുതിയതായി സ്വര്‍ണംപൂശി വൃത്തിയാക്കിവെക്കുന്നതിന് അനുവദിക്കാവുന്നതാണ്', എന്നാണ് തന്ത്രിയുടെ കുറിപ്പില്‍ കാണുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം, 1998-ല്‍ ദ്വാരപാലക ശില്പങ്ങളിലും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളിലും സ്വര്‍ണം പൊതിയുകയായിരുന്നു എന്ന വസ്തുത തന്ത്രിയുടെ കുറിപ്പിലും ഉണ്ടായില്ലെന്നത് എസ്ഐടി അന്നേ വിലയിരുത്തി. തന്ത്രി എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബു റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കിലും തന്ത്രി പറഞ്ഞിരുന്ന 'സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാല്‍' എന്നത് പിന്നീട് മാറ്റുകയായിരുന്നു. ദ്വാരപാലകരുടെ കാര്യത്തില്‍ ചെമ്പുതകിടെന്നും തെക്കും വടക്കുമുള്ള മൂലകളിലെ തൂണുകളില്‍ ചെമ്പുപാളികളെന്നുമാണ് മുരാരി വരുത്തിയ ഭേദഗതി. താന്‍ എഴുതിക്കൊടുത്തപോലെയല്ല മുരാരി റിപ്പോര്‍ട്ടില്‍ എഴുതിയതെന്ന്, സെപ്റ്റംബറില്‍ മോഷണവിവരം പുറത്തുവന്നപ്പോള്‍ തന്നെ കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നു.
ആദ്യ മൊഴി കുരുക്കായി
സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി അന്വേഷണത്തിനിടെ തന്ത്രി കണ്ഠരര് രാജീവരില്‍നിന്ന് മൊഴിയെടുത്തപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നുതന്നെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ശബരിമലയില്‍ ഒട്ടേറെ വഴിപാടുകള്‍ നടത്തുന്ന ഭക്തന്‍ എന്നനിലയിലും പൂജാരിയുടെ സഹായി എന്നനിലയിലും പോറ്റിയെ പരിചയമുണ്ടെന്നായിരുന്നു രാജീവരുടെ മൊഴി. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോര്‍ഡിന്റെ തീരുമാനപ്രകാരമാണ്. സ്വര്‍ണപ്പാളികള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇക്കഴിഞ്ഞ നവംബറില്‍ തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നല്‍കി. അതേസമയം, പോറ്റിയെ കൊണ്ടുവന്നത് താനല്ലെന്നും കണ്ഠരര് രാജീവര് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ദൈവതുല്യരായ എത്രയോപേര്‍ ഉണ്ട്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദൈവതുല്യരായ പലരും ഉള്‍പ്പെട്ടതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞിരുന്നു. ''ദൈവതുല്യരായി കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കില്‍ എന്തുചെയ്യാന്‍ പറ്റും'' എന്നായിരുന്നു പത്മകുമാര്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. എന്നാല്‍, അത് തന്ത്രിയെക്കുറിച്ചാണോ എന്ന ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. ദൈവതുല്യരായ എത്രയോപേര്‍ ഉണ്ടെന്നായിരുന്നു ഇതേക്കുറിച്ച് കണ്ഠരര് രാജീവരുടെ പ്രതികരണം. പത്മകുമാര്‍ പറഞ്ഞ ദൈവ്യതുല്യര്‍ ആരാണെന്നത് താന്‍ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
പിന്നീട് ആഴ്ചകള്‍ക്ക് ശേഷം കോടതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരണം തേടിയപ്പോഴും പത്മകുമാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ആരെക്കുറിച്ചാണ് ദൈവതുല്യരെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ 'വേട്ടനായ്ക്കള്‍' അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ദൈവതുല്യന്‍ ശവംതീനിയല്ലെന്നും എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്നും പത്മകുമാര്‍ അന്ന് പറഞ്ഞിരുന്നു. പത്മകുമാര്‍ ഈ പ്രതികരണം നടത്തിയ അതേദിവസമാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്ഐടി ചോദ്യംചെയ്തെന്ന വാര്‍ത്തയും പുറത്തുവന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡിയും കേസെടുത്തു. കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിഎംഎല്‍എ വകുപ്പ് ചുമത്തിയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത എല്ലാവരും ഇഡി കേസിലും പ്രതികളാണ്. എ.പത്മകുമാര്‍, എന്‍.വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവര്‍ പ്രതിപ്പട്ടികയിലാണ്. അന്വേഷണം അസിസിറ്റന്റ് ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.




