- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു ഫലം; കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ഗര്‍ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചു; മാങ്കൂട്ടത്തിലിനെ ഉയരുന്നത് 'സൈക്കോ മോഡല്‍' ആരോപണം
പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ എത്തിച്ച് അതിക്രൂരമായി പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു, ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കാനഡയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിനി നല്‍കിയ മൊഴിയിലെ ഈ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ വെറും ആരോപണങ്ങള്‍ക്കപ്പുറം എംഎല്‍എയെ കുടുക്കാന്‍ ശാസ്ത്രീയമായ തെളിവുകള്‍ കൂടി അതിജീവിത കരുതിവെച്ചിരുന്നു എന്നതാണ് പോലീസിനെ ഈ മിന്നല്‍ അറസ്റ്റിലേക്ക് നയിച്ചത്.
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച രാഹുല്‍, ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു. ഈ ഘട്ടത്തിലാണ് രാഹുലിന്റെ വഞ്ചനയ്ക്ക് ശാസ്ത്രീയമായ മറുപടി നല്‍കാന്‍ അതിജീവിത തീരുമാനിച്ചത്. കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ക്കിടയില്‍ യുവതിയുടെ ഗര്‍ഭം അലസിപ്പോയെങ്കിലും, ആ ഭ്രൂണം നശിപ്പിക്കാതെ അവര്‍ ശാസ്ത്രീയ തെളിവായി സൂക്ഷിച്ചുവെച്ചു. ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനും രാഹുലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമാണ് അതിജീവിത ഈ മാര്‍ഗ്ഗം സ്വീകരിച്ചത്. ഇതാണ് കേസില്‍ രാഹുലിനെതിരെ ഏറ്റവും ശക്തമായ തെളിവായി പോലീസ് കണക്കാക്കുന്നത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ എത്തിച്ചായിരുന്നു പീഡനം. വെറും പീഡനമല്ല, മൃഗീയമായ ശാരീരിക ഉപദ്രവങ്ങളും നേരിട്ടതായി യുവതിയുടെ മൊഴിയിലുണ്ട്. ലൈംഗിക ആക്രമണത്തിനിടെ എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും തുപ്പുകയും ദേഹത്ത് മുറിവുകളുണ്ടാക്കുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷം ഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഈ ക്രൂരതകള്‍ക്കിടയിലാണ് ഗര്‍ഭം അലസിപ്പോയത്.
ലൈംഗികാതിക്രമത്തിന് പുറമെ സാമ്പത്തിക ചൂഷണവും നടന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ രാഹുല്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും യുവതിയില്‍ നിന്ന് രാഹുല്‍ കൈപ്പറ്റി. ഇവയുടെ ബാങ്ക് രേഖകളും ബില്ലുകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. രാഹുലുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, വാട്‌സാപ്പ് ചാറ്റുകള്‍ എന്നിവയടങ്ങിയ ഡിജിറ്റല്‍ രേഖകളും പോലീസിന്റെ പക്കലുണ്ട്. പരാതിക്കാരിയും വിവാഹിതയാണെന്നാണ് സൂചന.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം നമ്പര്‍ മുറി വളഞ്ഞ് വന്‍ പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാനഡയില്‍ നിന്ന് ഉടന്‍ നാട്ടിലെത്തുന്ന പരാതിക്കാരി പോലീസിന് നേരിട്ട് മൊഴി നല്‍കുന്നതോടെ രാഹുലിന്റെ കുരുക്ക് കൂടുതല്‍ മുറുകും.




