തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ''പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം അയക്കും. അയോഗ്യനാക്കണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടും. തുടര്‍ച്ചയായ പരാതികള്‍ രാഹുലിനെതിരെ വരുന്നത് ഗൗരവതരമാണ്. അറസ്റ്റിന്റെ വിശദാംശങ്ങള്‍ നിയമസഭയെ അറിയിക്കും'' സ്പീക്കര്‍ വ്യക്തമാക്കി.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പത്തനംതിട്ട എആര്‍ ക്യാംപിലെ ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. രാഹുല്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. രാഹുലിനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇമെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആയി. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി മുന്‍കൂര്‍ ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായ ബലാത്സംഗം ചെയ്‌തെന്ന് അതീജിവിത നല്‍കിയ പരാതിയില്‍ പറയുന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് രാഹുല്‍ തന്നോട് നിര്‍ബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. തിരുവല്ലയില്‍ വച്ചാണ് രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് സൂചന.

പഴുതടച്ച പൊലീസ് നീക്കത്തിലാണ് പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍നിന്ന് രാഹുലിനെ പിടികൂടിയത്. ഹോട്ടലില്‍ എത്തിയ പൊലീസ് ആദ്യം റിസപ്ഷനിലുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്തു. പിന്നാലെ മുറിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്ന് 12.15ഓടെ മുറിയിലെത്തി. 12.30ന് കസ്റ്റഡി നടപടി പൂര്‍ത്തിയാക്കി. പുലര്‍ച്ചെയോടെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചു. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്തു. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിഡിയോ കോണ്‍ഫറന്‍സിങ് വഴി എടുത്തിട്ടുണ്ട്.