ബൊഗോട്ട: കൊളംബിയൻ ഗായകൻ യെയ്‌സൺ ജിമെനെസ് (34) വിമാനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൊളംബിയയിലെ പൈപയിൽ വെച്ചാണ് അപകടം നടന്നത്. ജിമെനെസിനൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റും അദ്ദേഹത്തിന്റെ സംഗീത സംഘത്തിലെ നാല് അംഗങ്ങളും ഉൾപ്പെടെ ആറ് പേരും അപകടത്തിൽ മരിച്ചു.

പൈപയിലെ ജുവാൻ ജോസ് റോണ്ടൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചാർട്ടർ വിമാനം ആവശ്യമായ ഉയരം കൈവരിക്കാനാവാതെ റൺവേയുടെ അറ്റത്തുള്ള വയലിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയും പൂർണ്ണമായും നശിക്കുകയും ചെയ്തു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിപ്പോയതായി അധികൃതർ അറിയിച്ചു.

മരിനില്ലയിലെ സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനായി മെഡലിൻ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പൈലറ്റ് ക്യാപ്റ്റൻ ഫെർണാണ്ടോ ടോറസ്, ജിമെനെസിന്റെ മാനേജർ ജെഫേഴ്സൺ ഒസോറിയോ, ടീം അംഗങ്ങളായ ഓസ്കാർ മാരിൻ, വിസ്മാൻ മോറ, ജുവാൻ മാനുവൽ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് അഞ്ചുപേർ.

യെയ്‌സൺ ജിമെനെസിന്റെ മരണം ആരാധകരെ കൂടുതൽ വേദനിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മുൻകാല വെളിപ്പെടുത്തലുകൾ കാരണമാണ്. വിമാനാപകടത്തിൽ താൻ മരിക്കുമെന്ന് പലതവണ സ്വപ്നം കണ്ടിരുന്നതായി കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. "വിമാനാപകടത്തിൽ ഞാൻ മരിക്കുന്നത് മൂന്ന് തവണ ഞാൻ സ്വപ്നം കണ്ടു. അത് ദൈവത്തിൽ നിന്നുള്ള സൂചനയായാണ് ഞാൻ കരുതിയത്," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കൊളംബിയൻ പ്രാദേശിക സംഗീത വിഭാഗമായ 'മ്യൂസിക്ക പോപ്പുലറിലെ'ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ജിമെനെസ്. 2024-ൽ ബൊഗോട്ടയിലെ മോവിസ്റ്റാർ അരീനയിൽ നടന്ന അദ്ദേഹത്തിന്റെ മൂന്ന് കൺസേർട്ടുകളും ഹൗസ് ഫുൾ ആയിരുന്നു. 2025-ൽ എൽ കാമ്പിൻ സ്റ്റേഡിയത്തിൽ സംഗീത പരിപാടി നടത്തുന്ന ആദ്യ കൊളംബിയൻ റീജിയണൽ ആർട്ടിസ്റ്റ് എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 'അവെഞ്ചുറെറോ' ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്.

അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. "എപ്പോഴും വിനയമുള്ളവനായിരിക്കുക, കാരണം ദൈവം നിങ്ങൾക്ക് നൽകുന്നത് അവൻ തന്നെ തിരിച്ചെടുക്കാനും സാധ്യതയുണ്ട്," എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശം. കൊളംബിയൻ ഗവൺമെന്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ബോയാക്ക ഗവർണർ പ്രദേശത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.