ന്യൂഡല്‍ഹി: ഷക്സ്ഗാം താഴ്വരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുള്ള ചൈനയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്ത് വന്നതിന് പിന്നാലെ ഇന്ത്യ- ചൈന തര്‍ക്കം രൂക്ഷമാകുന്നു. പാക്കിസ്ഥാന്‍ ചതിയിലൂടെ കൈക്കലാക്കി അനധികൃതമായി ചൈനയ്ക്ക് കൈമാറിയ ഷക്സ്ഗാം താഴ്വരയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം രൂക്ഷമാകുന്നത്. പ്രദേശത്ത് ചൈന 75 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മിച്ചതാണ് പുതിയ നയതന്ത്ര പോരാട്ടത്തിന് വഴിയൊരുക്കിയത്. ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായതും പാക്കിസ്ഥാന്‍ അതിര്‍ത്തി കരാറിന്റെ ഭാഗമായി ചൈനയ്ക്ക് വിട്ടുകൊടുത്തതുമായ പ്രദേശമാണ് ഷക്സ്ഗാം താഴ്വര. സിയാച്ചിന്‍ ഗ്ലേസിയറിന് വടക്ക് സ്ഥിതി ചെയ്യുന്ന ഏകദേശം 5,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഷക്സ്ഗാം താഴ്വരയില്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡിന്റെ നിര്‍മ്മാണം ചൈന പൂര്‍ത്തിയാക്കിയതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ ഷക്സ്ഗാം താഴ്വര പുതിയ സംഘര്‍ഷ മേഖലയായി മാറിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിയാച്ചിനിലെ പാക്കിസ്ഥാന്‍ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഷക്സ്ഗാം താഴ്വരയിലെ നിയന്ത്രണം നിര്‍ണ്ണായകമാണ്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ (CPEC) ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്. കാരക്കോറം മലനിരകളില്‍നിന്നുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും പാക് അധീന പ്രദേശങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം നേടാനും ഈ റോഡ് ചൈനയെ സഹായിക്കും.

1947 ഒക്ടോബറില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതോടെ ഷക്സ്ഗാം താഴ്വര നിയമപരമായി ഇന്ത്യയുടെ ഭാഗമായി മാറിയിരുന്നു. എന്നാല്‍, അതിനകം പാക്കിസ്ഥാന്‍ നടത്തിയ കശ്മീര്‍ അധിനിവേശത്തില്‍ ഈ പ്രദേശം പാക്കിസ്ഥാന്റെ കൈവശമായി. 1963-ല്‍ ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തു. അതിര്‍ത്തി കരാര്‍ പ്രകാരം കശ്മീര്‍ തര്‍ക്കം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇന്ത്യ ഈ അതിര്‍ത്തി കരാര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ഷക്സ്ഗാം താഴ്വര ഇന്ത്യന്‍ ഭൂപ്രദേശമാണെന്നും 1963-ലെ ചൈന-പാക്കിസ്ഥാന്‍ കരാര്‍ നിയമവിരുദ്ധവും അസാധുവുമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. 'പാക്കിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ ഭൂമിയിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ അംഗീകരിക്കുന്നില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചൈനീസ് നിര്‍മാണത്തെ എതിര്‍ത്തു. ഈ മേഖലയില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഇന്ത്യ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രദേശം തങ്ങളുടേതാണെന്നും സ്വന്തം മണ്ണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ചൈനയുടെ വാദം. സിപിഇസി (CPEC) എന്നത് വെറും സാമ്പത്തിക സഹകരണ പദ്ധതിയാണെന്നും അത് കശ്മീര്‍ വിഷയത്തിലുള്ള തങ്ങളുടെ നിലപാടിനെ ബാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറയുന്നത്. പ്രാദേശികമായ സാമൂഹിക-സാമ്പത്തിക വികസനത്തിനും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സാമ്പത്തിക സഹകരണ പദ്ധതിയാണിതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.

1963ല്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് 'ഫ്രീ' ആയി നല്‍കിയതാണ് ഷക്‌സ്ഗാം വാലി. ആ വര്‍ഷം ഒപ്പുവച്ച ചൈന-പാക്കിസ്ഥാന്‍ അതിര്‍ത്തി കരാര്‍ പ്രകാരമായിരുന്നു ഇത്. എന്നാല്‍, ഷക്‌സ്ഗാം വാലി ഇന്ത്യയുടേതാണെന്നും ഈ അതിര്‍ത്തി കരാറോ സിപിഇസിയോ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും സമാധാന ചര്‍ച്ചയിലൂടെ കശ്മീര്‍ വിഷയം പരിഹരിക്കണമെന്നാണ് ചൈനയുടെ നിലപാട്. 1963ന് മുന്‍പ് ഷക്‌സ്ഗാം പ്രദേശത്ത് ചൈനയ്ക്കും പാക്കിസ്ഥാനുമിടയില്‍ അതിര്‍ത്തി വേര്‍തിരിച്ചിരുന്നില്ല. ഇതിനുപരിഹാരം കാണാനാണ് അതിര്‍ത്തി കരാറിലൂടെ ഷക്‌സ്ഗാം വാലി ഉള്‍പ്പെടുന്ന പ്രദേശം പാക്കിസ്ഥാന്‍ ചൈനയ്്ക്ക് സമ്മാനമായി നല്‍കിയത്. നേരത്തേ സിപിഇസിയുടെ ഭാഗമായിരുന്നില്ല ഷക്‌സ്ഗാം. പുതുതായി ഉള്‍പ്പെടുത്തിയാണ് ഇതുവഴിയും ഇടനാഴി സ്ഥാപിക്കുന്നത്.

ചൈനയില്‍ നിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) കടന്ന് ഗ്വാദര്‍ തുറമുഖം വരെ നീളുന്നതാണ് സിപിഇസി. ചൈന ബില്യന്‍ കണക്കിന് ഡോളര്‍ ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതി പാക്കിസ്ഥാനും ഏറെ നിര്‍ണായകമാണ്. കടക്കെണിയിലും സാമ്പത്തികഞെരുക്കത്തിലും പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാന് സിപിഇസി പുതുജീവന്‍ പകരുമെന്നാണ് പാക്ക് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗ്വാദര്‍ തുറമുഖം നിര്‍മിക്കുന്നതും ചൈന തന്നെ. ഇവിടെ ചൈനയ്ക്ക് സൈനികതാവളവുമുണ്ടാകുമെന്നത് ഇന്ത്യയ്ക്കും പാക്കിസ്ഥാന്റെ അയല്‍രാജ്യമായ ഇറാനുമേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്കും പാക്കിസ്ഥാനുമായി സംഘര്‍ഷത്തിലുള്ള അഫ്ഗാന്‍ താലിബാനും വെല്ലുവിളിയാണ്.

വിമര്‍ശിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍

ഷക്സ്ഗാം താഴ്വരയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുള്ള ചൈനയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത രംഗത്ത് വന്നു. ഈ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ഉടന്‍ തകരുമെന്നും ഗുപ്ത അവകാശപ്പെട്ടു.

ഈ പ്രദേശത്തെ ചൈനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും അത് അംഗീകരിക്കാന്‍ ആവില്ലെന്നും ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. 'പാകിസ്താന്‍ അനധികൃതമായി കശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി എന്ന കാര്യവും, ഇന്ത്യന്‍ പാര്‍ലമെന്റ് 1994-ല്‍ ഇതിനെക്കുറിച്ച് ഒരു പ്രമേയം പാസാക്കി എന്ന കാര്യവും ചൈന മനസിലാക്കണം. പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യക്ക് അനുകൂലമായ ഒരു അന്തരീക്ഷം രൂപപ്പെട്ടുവരുന്നുണ്ട്. അവിടുത്തെ ജനങ്ങള്‍ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പാകിസ്താന്‍ തകര്‍ന്നടിയുന്ന ദിവസം വിദൂരമല്ല. അതിനാല്‍, ചൈന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അനധികൃതപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം.' ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരും ഇത് ശ്രദ്ധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ വ്യക്തമായ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പാകിസ്താന്‍ എന്തും വില്‍ക്കുന്ന ഒരു രാജ്യമാണ്. ഈ താഴ്വര പാകിസ്താന്‍ കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. കുറച്ച് പണം ലഭിക്കുന്നതിനായി ചൈനയെ അവിടെ അനുവദിക്കുന്നത് പോലുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു. എന്നാല്‍ ഈ ഭാഗം ഇന്ത്യയുടേതാണ്, ഇന്ത്യ അവിടെ പൂര്‍ണമായ ശ്രദ്ധ ചെലുത്തുന്നുണ്ട്.' അദ്ദേഹം വ്യക്തമാക്കി.

'കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഇന്ത്യ ഇനിയും പാകിസ്താനെക്കുറിച്ച് ചിന്തിക്കില്ല, ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍ നടപടിയെടുക്കും.' അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്രത്തെയും ബിജെപിയെയും വിമര്‍ശിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയ താല്‍പ്പര്യം ആദ്യം വരണമെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു.