വാഷിംഗ്ടണ്‍: അമേരിക്കയിലെ സൊമാലിയന്‍ വംശജര്‍ക്ക് കടുത്ത തിരിച്ചടിയുമായി ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണ്ണായക നീക്കം. സൊമാലിയക്കാര്‍ക്ക് നല്‍കി വന്നിരുന്ന താല്‍ക്കാലിക സംരക്ഷണ പദവി (TPS) വൈറ്റ് ഹൗസ് റദ്ദാക്കി. മിനസോട്ടയില്‍ നടന്ന വമ്പന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് കര്‍ശന നടപടിയുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ യുഎസിലുള്ള ആയിരക്കണക്കിന് സൊമാലിയക്കാര്‍ രാജ്യം വിടേണ്ടി വരും.

മിനസോട്ടയില്‍ നടന്ന സൊമാലിയന്‍ വംശജരുടെ തട്ടിപ്പ് കഥകള്‍ ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് സര്‍ക്കാരിന്റെ ഈ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. ഏകദേശം 85-ഓളം സൊമാലിയക്കാര്‍ക്കെതിരെയാണ് തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതാണ് പാവപ്പെട്ട അഭയാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ വിനയായിരിക്കുന്നത്. ഇവര്‍ മാര്‍ച്ച് 17-നകം അമേരിക്ക വിടണം. ഏകദേശം 2,500 സൊമാലിയക്കാരെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ഇതില്‍ 1,400 പേരുടെ അപേക്ഷകള്‍ പരിഗണനയിലിരിക്കെയാണ് ഈ തിരിച്ചടി. മിനസോട്ട കേന്ദ്രീകരിച്ച് ഇമിഗ്രേഷന്‍ വിഭാഗം (ICE) നാടുകടത്തല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു.

1990-കളില്‍ സൊമാലിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോഴാണ് അവര്‍ക്ക് അമേരിക്കയില്‍ അഭയം നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജോ ബൈഡന്‍ ഈ ആനുകൂല്യം പുതുക്കി നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റതോടെ സ്ഥിതി മാറി. കുറ്റകൃത്യങ്ങളോടും നിയമവിരുദ്ധമായ താമസത്തോടും വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ രാജ്യങ്ങളില്‍ ഒന്നായ സൊമാലിയയിലേക്ക് തിരികെ പോകേണ്ടി വരുന്നത് ഇവിടുത്തെ അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയാണ്. എങ്കിലും, നിയമലംഘനം നടത്തുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വൈറ്റ് ഹൗസ്.

മിനസോട്ടയിലെ സൊമാലിയന്‍ സമൂഹം നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി 18 ബില്യണ്‍ ഡോളറോളം വരുമെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. 'നമ്മള്‍ ഇപ്പോള്‍ അറിഞ്ഞത് 18 ബില്യണ്‍ ഡോളറിന്റെ കണക്ക് മാത്രമാണ്, ഇനിയും വരാനിരിക്കുന്നു' - ട്രംപ് പറഞ്ഞു. 'നമ്മുടെ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റവാളികളെ ഞങ്ങള്‍ ഓരോരുത്തരായി പുറത്താക്കുകയാണ്. ബൈഡന്റെ തുറന്നുകിടന്ന അതിര്‍ത്തികളിലൂടെയാണ് ഇവര്‍ ഇങ്ങോട്ട് ഇരച്ചുകയറിയത്. അവരെയെല്ലാം ഞങ്ങള്‍ പുറത്തെറിയും. അതുകൊണ്ടാണ് ഇപ്പോള്‍ അമേരിക്കയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് റെക്കോര്‍ഡ് നിലയിലേക്ക് കുറഞ്ഞത്.' ട്രംപ് പറഞ്ഞു.

മിനസോട്ടയെ പിടിച്ചുകുലുക്കിയ ഈ സാമ്പത്തിക തട്ടിപ്പ് ഒടുവില്‍ രാഷ്ട്രീയ തലവന്മാരുടെ തല ഉരുളുന്നതിലേക്കാണ് എത്തിച്ചത്. തട്ടിപ്പ് വിവാദം കത്തിയതോടെ പ്രതിരോധത്തിലായ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ടിം വാള്‍സ് വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ആഴ്ച പടിയിറങ്ങി. ഇതിനിടെ ഒരു ഉദ്യോഗസ്ഥന്‍ സൊമാലിയന്‍ യുവതിക്ക് നേരെ വെടിയുതിര്‍ത്തത് മിനസോട്ടയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

അമേരിക്കയിലെ കുടിയേറ്റ വിഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളത് സൊമാലിയക്കാരോടാണെന്ന ഞെട്ടിക്കുന്ന സര്‍വ്വേ ഫലങ്ങളും പുറത്തുവന്നു. J.L. Partners നടത്തിയ പോളില്‍ പങ്കെടുത്ത 30 ശതമാനം വോട്ടര്‍മാരും സൊമാലിയന്‍ കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് ദോഷമാണെന്നാണ് അഭിപ്രായപ്പെട്ടത്. മറ്റ് കുടിയേറ്റ ഗ്രൂപ്പുകളെ അപേക്ഷിച്ച് ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ഏക വിഭാഗവും ഇവര്‍ തന്നെ. ചുരുക്കത്തില്‍, തട്ടിപ്പും ക്രമസമാധാന പ്രശ്‌നങ്ങളും സൊമാലിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്കുള്ള വഴി എന്നെന്നേക്കുമായി കൊട്ടിയടയ്ക്കുകയാണ്.

അമേരിക്കയ്ക്ക് ഗുണകരമാകുന്ന കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യക്കാരും ബ്രിട്ടീഷുകാരും യൂറോപ്യന്മാരും ഒന്നാമത് നില്‍ക്കുമ്പോള്‍, സൊമാലിയക്കാര്‍ക്ക് ലഭിച്ചത് വന്‍ നെഗറ്റീവ് ഇംപാക്ട്! വെറും 24 ശതമാനം ആളുകള്‍ മാത്രമാണ് സൊമാലിയക്കാര്‍ നല്ലവരാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ അവര്‍ രാജ്യത്തിന് ആപത്താണെന്ന് വിശ്വസിക്കുന്നവര്‍ 30 ശതമാനമാണ്. ഇന്ത്യക്കാര്‍, ഫിലിപ്പീന്‍സുകാര്‍, മെക്‌സിക്കോക്കാര്‍, ചൈനക്കാര്‍, ആഫ്രിക്കക്കാര്‍ തുടങ്ങിയ സകല വിഭാഗങ്ങളും സൊമാലിയക്കാരെക്കാള്‍ എത്രയോ മുകളിലാണ് ജനപിന്തുണയില്‍ നില്‍ക്കുന്നത്.

സൊമാലിയന്‍ സമൂഹത്തിലെ ഏറ്റവും വലിയ മുഖമായ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ ട്രംപ് വീണ്ടും ലക്ഷ്യം വെച്ചു. കാലങ്ങളായി ഇല്‍ഹാന്‍ ഒമറിനെ കടന്നാക്രമിക്കുന്ന ട്രംപ്, കഴിഞ്ഞ ഡിസംബറില്‍ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ഒമര്‍ ധരിക്കുന്ന തലപ്പാവുകളെ (Turban) പരിഹസിച്ചതും വലിയ വാര്‍ത്തയായിരുന്നു. കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പെരുകിയതോടെ സൊമാലിയന്‍ വംശജര്‍ക്കെതിരെ ട്രംപ് നടത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കന്‍ വോട്ടര്‍മാരുടെ ഇടയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്