തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും തന്നെ അധിക്ഷേപിച്ചും പരാമര്‍ശം നടത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനുമടക്കം പരാതി നല്‍കിയത്.

തന്നെ അധിക്ഷേപിച്ചെന്നും തനിക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വൈസ് പ്രസിഡന്റ് അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് അതിജീവിത പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസിലും അതിജീവിത പരാതി നല്‍കിയിരുന്നു.

തന്റെ സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചുകൊണ്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതെന്ന് അതിജീവിത പറയുന്നു. താന്‍ കടുന്നുപോകുന്ന മാനസിക, ശാരീരിക സംഘടര്‍ഷങ്ങളെയോ തന്റെ പരാതിയുടെ ഉള്ളക്കടത്തെയോ കൃത്യമായി മനസിലാക്കാതെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. നിയമപരമായ സംരക്ഷണമുണ്ടെന്നിരിക്കെ തന്റെ വ്യക്തിത്വം വെളിപ്പെടുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ ജീവന് തന്നെ ഭീഷണിയാണ്.

കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ശ്രീനാദേവി കുഞ്ഞമ്മയെയും അവരെ പിന്തുണയ്ക്കുന്നവരെയും തന്നെ ആക്രമിക്കുന്നതില്‍ നിന്നും അപമാനിക്കുന്നതില്‍ നിന്നും തടയണം. ലൈംഗിക പീഡകരെയും അതിജീവിതരെ വേദനിപ്പിക്കുന്നവരെയും കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അതിജീവിത പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് അധിജീവിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് വീഡിയോയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ. രാഹുലിനെതിരെ മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നില്‍ക്കുന്നത് അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത്.

ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തില്‍ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമര്‍ശവും ഉണ്ടായിട്ടുണ്ട്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തതിന്റെ പ്രശ്‌നം ആണിത്, പരാതികളില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക ശ്രീനാദേവി കുഞ്ഞമ്മയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. ഇന്നലെ മുതല്‍ സമരത്തിലായിരുന്നുവെന്നും അതിജീവിതയുടെ പരാതിയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണെന്നും സണ്ണി ജോസഫ് ആവര്‍ത്തിച്ചു. യുഡിഎഫ് മുന്നണി വിപുലീകരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'കേരള കോണ്‍ഗ്രസ് താല്‍പ്പര്യം അറിയിച്ചിട്ടില്ല. ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. കോണ്‍ഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ല. മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുകയാണ്. ഐഷ പോറ്റിയെ പോലെ കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നു', സണ്ണി ജോസഫ് പറഞ്ഞു.

ചൂരല്‍മല പുരപുനരധിവാസത്തിന് കോണ്‍ഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. വയനാട്ടില്‍ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോയെന്ന് സണ്ണി ജോസഫ് ചോദിച്ചു. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ ടൗണുകളില്‍ ആന ഇറങ്ങിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതിനൊപ്പം അതിജീവിതമാര്‍ നല്‍കിയ പരാതികളില്‍ സംശയം പ്രകടിപ്പിച്ചായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ ഉന്നയിച്ച ആവശ്യം. താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു.

രാഹുലിനെതിരായ ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ ഉന്നയിച്ച മറ്റൊരു വാദം. രാഹുലിനെതിരായ മൂന്നാമത്തെ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നുണ്ട്. അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികളില്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേയെന്നും ശ്രീനാദേവി കുഞ്ഞമ്മ ചോദിച്ചു. സ്ത്രീകള്‍ കുടുംബ ബന്ധത്തിന് പ്രാധാന്യം നല്‍കണം. വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് കൂടുതല്‍ വില കല്‍പ്പിക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു.