കാബൂള്‍: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന് മുന്നില്‍ അതിര്‍ത്തി അടച്ച പാക്കിസ്ഥാന് വന്‍ തിരിച്ചടി. അഫ്ഗാനുമായുള്ള വ്യാപാര ബന്ധം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചതോടെ ഇന്ത്യയ്ക്ക് മുന്നില്‍ തുറന്നുകിട്ടിയത് ശതകോടികളുടെ വരുമാനം വാരാവുന്ന പുതിയ മാര്‍ക്കറ്റ്. പാക്ക്-അഫ്ഗാന്‍ അതിര്‍ത്തി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പാക്കിസ്ഥാന്‍ അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷത്തിനിടയിലും ഇതു തുറന്നുനല്‍കണമെന്ന അഭ്യര്‍ഥന അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ വഴങ്ങിയില്ല. എന്നാലിനി, പാക്കിസ്ഥാനുമായി വ്യാപാരബന്ധം ഇല്ലെന്ന് താലിബാനും കടുത്ത നിലപാടെടുക്കുകയായിരുന്നു. ഇതാകട്ടെ, ഇന്ത്യയ്ക്ക് തുറന്നുനല്‍കിയത് കോടികളുടെ പുതിയ വിപണിയും.

ഇന്ത്യയ്ക്ക് മരുന്ന് വിപണന രംഗത്ത് 1,800 കോടി രൂപയുടെ പുതിയ അവസരമാണ് ലഭിക്കുന്നത്. താലിബാന്‍ ഭരണം നിലനില്‍ക്കുന്ന അഫ്ഗാനില്‍ നിലവില്‍ മരുന്നുകള്‍ക്ക് വലിയ ക്ഷാമം നേരിടുകയാണ്. ഇത് പരിഹരിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലും അഫ്ഗാന്‍ സര്‍ക്കാരും കഴിഞ്ഞ ഡിസംബറില്‍ ധാരണയിലെത്തിയിരുന്നു. അഫ്ഗാനില്‍ മെഡിക്കല്‍ ലബോറട്ടറികളും ആശുപത്രികളും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇന്ത്യയുടെ സഹായമുണ്ട്.

അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാര ബന്ധം തുടരുക തന്നെ ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ കണക്കുകളും പുറത്തുവന്നത്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരബന്ധം ഇന്ത്യ താല്‍ക്കാലികമായി അവസാനിപ്പിച്ചെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. നാല് ഭാഗവും കരബന്ധിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. പാക്കിസ്ഥാനിലെ തുറമുഖങ്ങളില്‍ എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ തോര്‍ഖാം, ചമന്‍ അതിര്‍ത്തികളിലൂടെയാണ് അഫ്ഗാനിലേക്ക് കടന്നിരുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഈ രണ്ട് അതിര്‍ത്തികളും അടച്ചു. ഇതോടെയാണ് അഫ്ഗാന്‍ ഇന്ത്യയെ സമീപിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) ഇന്ത്യ 2.7 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ മരുന്നുകള്‍ കയറ്റുമതി ചെയ്‌തെന്നാണ് കണക്ക്. ഇതില്‍ 970 കോടി രൂപയോളം അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. ഇന്ത്യയുടെ ആകെ മരുന്ന് കയറ്റുമതിയുടെ അരശതമാനത്തില്‍ താഴെയാണ് ഇതെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തോളം വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ചികിത്സ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാരുടെ എണ്ണം കൂടുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. 2024ല്‍ 48,000 അഫ്ഗാന്‍ പൗരന്മാര്‍ മെഡിക്കല്‍ ടൂറിസത്തിനായി ഇന്ത്യയിലെത്തിയെന്നാണ് കണക്ക്.

എന്നാല്‍ അഫ്ഗാനുമായുള്ള വ്യാപാര ബന്ധം സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെങ്കിലും റഷ്യ ഒഴികെയുള്ള രാജ്യങ്ങളൊന്നും താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. ചില രാജ്യങ്ങള്‍ വാണിജ്യ ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. സ്ഥിരതയുള്ള ഭരണകൂടം ഇല്ലാത്തത് സാമ്പത്തിക വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ അംഗീകാരം ഇല്ലാത്തതിനാല്‍ പൂര്‍ണതോതിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് രാഷ്ട്രീയ പരമായ വെല്ലുവിളികളുമുണ്ട്. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നേരിട്ടുള്ള നിക്ഷേപം നടത്താനും ഇന്ത്യ തയ്യാറായേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ഇന്ത്യ-അഫ്ഗാന്‍ വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നതില്‍ പാക്കിസ്ഥാന് അങ്കലാപ്പിലാണ്. അഫ്ഗാന്‍ നേതൃത്വത്തിന്റെ അടിക്കടിയുള്ള ഇന്ത്യ സന്ദര്‍ശനമാണ് പാക്കിസ്ഥാന്റെ നെഞ്ചിടിപ്പേറ്റുന്നത്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് പാക് മന്ത്രി അത്താവുള്ള തരാര്‍ ആരോപിച്ചു. ബലൂച് വിമതരെ പിന്തുണയ്ക്കുന്നത് ഇന്ത്യയും അഫ്ഗാനുമാണെന്നും തരാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഇന്ത്യയും അഫ്ഗാനും നിഷേധിച്ചിട്ടുണ്ട്.