- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി സിഡിയിലാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍; രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് അതിജീവിത; അനുമതി തേടിയത് എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ മൊഴി രേഖപ്പെടുത്താനുള്ള സാധ്യത; ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ? രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായകനീക്കവുമായി പ്രോസിക്യൂഷന്‍. ഇന്ന് രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തിനിടെ അതിജീവിതയുടെ മൊഴിയെടുത്തതിന്റെ വീഡിയോ, സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിച്ചു. ഐടി ആക്ട് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ഡിജിറ്റല്‍ തെളിവായിട്ടാണ് ഈ ദൃശ്യങ്ങള്‍ തിരുവല്ല മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ സംഘം നിര്‍ണായകമായ ഈ നടപടി സ്വീകരിച്ചത്. പരാതിക്കാരി വിദേശത്തായതിനാല്‍ ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയായിരുന്നു പൊലീസ് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നത്. ഐജി പൂങ്കുഴിയുടെ നേതൃത്വത്തില്‍ നടന്ന ഈ മൊഴി രേഖപ്പെടുത്തല്‍ നടപടികള്‍ പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി സംരക്ഷിക്കണമെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
രാഹുലിനെതിരായ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് മൊഴി രേഖപ്പെടുത്തിയത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരുന്നു. അന്വേഷണസംഘമേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അതേസമയം രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതിജീവിത അപേക്ഷയും നല്‍കിയിട്ടുണ്ട്. നിലവില്‍ വിദശത്താണ് താനുള്ളതെന്നും നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി ഓണ്‍ലൈനായി തന്നെ രേഖപ്പെടുത്തണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.
കേസില്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ താന്‍ തയാറാണെന്ന് അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നാട്ടിലെത്താന്‍ അസൗകര്യമുള്ളതിനാല്‍ എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയയോ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന അപേക്ഷയും അവര്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുമായി ആലോചിച്ച ശേഷമായിരിക്കും മജിസ്ട്രേറ്റ് കോടതി അന്തിമ തീരുമാനമെടുക്കുക.
അറസ്റ്റ് നടപടികളിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനായി ശക്തമായി വാദിച്ചെങ്കിലും അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ രാഹുല്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ബലാത്സംഗം, ഗര്‍ഭഛിദ്രം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ നിലനില്‍ക്കുന്ന കേസില്‍ അതിജീവിതയുടെ മൊഴി ഡിജിറ്റല്‍ തെളിവായി ഹാജരാക്കിയത് കേസ് നടപടികളില്‍ സ്വാധീനം ചെലുത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. ശനിയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കോടതി വിധി പറയുക. പത്തനംതിട്ട സ്വദേശിയും വിവാഹിതയുമായ യുവതിയുടെ ലൈംഗിക ചൂഷണപരാതിയിലാണ് നിലവില്‍ രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്.
ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ
നിലവിലെ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്നത് കേസില്‍ അതീവ നിര്‍ണായകമാണ്. ഭാരതീയ ന്യായ് സംഹിതയിലെയും തെളിവ് നിയമത്തിലെയും പുതിയ മാറ്റങ്ങള്‍ പ്രകാരം ഇലക്ട്രോണിക് തെളിവുകള്‍ക്ക് കോടതി നടപടികളില്‍ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പരാതിക്കാരി വിദേശത്തായിരിക്കുകയും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ അസൗകര്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി രേഖപ്പെടുത്തിയ മൊഴി കേസിന്റെ മുന്നോട്ടുള്ള പോക്കിനെ കാര്യമായി ബാധിക്കും. 65 ബി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക രേഖകള്‍ ഹാജരാക്കിയതിലൂടെ ഈ തെളിവുകള്‍ക്ക് നിയമപരമായ സാധുത നല്‍കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍, ഫോണ്‍ കോള്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയും വിശദമായ അന്വേഷണ പരിധിയിലുണ്ട്. ഇവ വീണ്ടെടുക്കുന്നതിനായി രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍.
രാഷ്ട്രീയ ആരോപണങ്ങളും ആശങ്കകളും
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പഴയ കേസുകള്‍ കുത്തിപ്പൊക്കുന്നതെന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
അതിജീവിതയുടെ രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം കീഴ്വഴക്കമാകും. സാധാരണഗതിയില്‍ മജിസ്ട്രേറ്റിന് മുന്‍പാകെ നേരിട്ട് ഹാജരായാണ് 164 പ്രകാരമുള്ള മൊഴി നല്‍കേണ്ടത്. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദേശത്തിരുന്ന് മൊഴി നല്‍കാന്‍ അനുമതി ലഭിച്ചാല്‍ അത് സമാനമായ മറ്റ് കേസുകളിലും നിര്‍ണായകമാകും. എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും കോടതി പരിഗണിച്ചേക്കാം. കേസില്‍ ഉള്‍പ്പെട്ട ഗര്‍ഭഛിദ്രം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ മെഡിക്കല്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പൊലീസിന് വെല്ലുവിളിയാണ്. പഴയ സംഭവമായതിനാല്‍ ഡിജിറ്റല്‍ തെളിവുകളെയും സാക്ഷിമൊഴികളെയുമാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിക്കുന്നത്.


