- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബിഗ് ടിവിയുടെ അമരത്തേക്ക് സുജയ പാര്‍വ്വതി! റിപ്പോര്‍ട്ടറില്‍ നിന്ന് വമ്പന്‍ കൂടുമാറ്റം; ആദ്യ വനിതാ ചീഫ് എഡിറ്റര്‍ പദവിയോടെ ചരിത്രം തിരുത്തി പുതിയ തട്ടകത്തിലേക്ക്; അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ ബിഗ് ടിവി വരുന്നത് വന്‍ സ്രാവുകളുമായി; ചാനല്‍ യുദ്ധം മുറുകുമ്പോള്‍ കൊഴിഞ്ഞുപോക്ക് തടയാനാവാതെ മുഖ്യധാര മാധ്യമങ്ങള്‍

തിരുവനന്തപുരം: മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരം അരങ്ങേറുന്നതിനിടെ പുതിയൊരു ചാനല്‍ കൂടി വരവ് അറിയിക്കുകയാണ്. റേറ്റിംഗിന് വേണ്ടി ചാനലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമനായി മുന്നേറുമ്പോള്‍ ഒപ്പമെത്താനുള്ള പോരാട്ടത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും മനോരമ ന്യൂസും മാതൃഭൂമി ന്യൂസും അടക്കമുള്ള ചാനലുകള്‍ നടത്തുന്നത്. ഇതിനിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ അരിയൂരിന്റെ നേതൃത്വത്തിലുളള ബിഗ് ടിവിയാണ് വമ്പന്‍ ലോഞ്ചിന് ഒരുങ്ങുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് ടിവി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. രാജ്യത്തെ പ്രമുഖ മീഡിയ ശൃംഖലകളില്‍ ഒന്നായ ബിഗ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ് ബിഗ് ടിവി. നിലവില്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി തെലുങ്കിലാണ് ബിഗ് ടിവി സജീവമായിട്ടുളളത്. തമിഴിലും ബിഗ് ടിവി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
വാര്‍ത്താ ചാനലുകളില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ് ബിഗ് ടിവി. അക്കൂട്ടത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസുളള അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഉണ്ട്. വന്‍ പാക്കേജിലാണ് പ്രമുഖ ചാനലുകള്‍ വിട്ട് സ്റ്റാര്‍ അവതാരകര്‍ ബിഗ് ടിവിയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല നിരവധി പുതുമുഖങ്ങളും ബിഗ് ടിവിയുടെ മുഖമായി എത്തുമെന്നാണ് വിവരം. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജി വെച്ച് ബിഗ് ടിവിക്കൊപ്പം ചേരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. റിപ്പോര്‍ട്ടര്‍ ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പദവിയിലായിരുന്നു സുജയ പാര്‍വ്വതി. കഴിഞ്ഞ ഒരാഴ്ചയായി സുജയ അവധിയിലായിരുന്നു. രാജിക്ക് മുന്‍പുള്ള കൂളിങ്ങ് പിരീഡ് എന്ന നിലയിലാണ് സുജയ അവധിയില്‍ പ്രവേശിച്ചതെന്നാണ് അവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. 2023 മുതല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗമായിരുന്നു. നേരത്തെ 24 ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ച ശേഷമാണു റിപ്പോര്‍ട്ടറിലേക്ക് എത്തിയത്.
നേരതത്തെ 2023 ല്‍ ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ 24 ന്യൂസില്‍ നിന്നും പ്രതികാര നടപടികള്‍ സുജയ പാര്‍വതിക്ക് നേരിടേണ്ടി വന്നിരുന്നു. ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും സുജയ വേദിയില്‍ പറഞ്ഞിരുന്നു. മാനേജ്‌മെന്റിന്റെ നടപടിക്ക് എതിരെ സംഘ്പരിവാര്‍ സമ്മര്‍ദം ഏറിയപ്പോഴാണ് മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഓഫീസില്‍ പ്രവേശിക്കാനെത്തിയ സുജയക്ക് ആര്‍എസ്എസ് സ്വീകരണവും നല്‍കിയിരുന്നു. തിരികെ ജോലിയില്‍ പ്രവേശിച്ചു ചാനലില്‍ വാര്‍ത്ത വായിച്ചതിന് ശേഷമാണ് സുജയ 24 ല്‍ നിന്ന് രാജിവെച്ചതും റിപ്പോര്‍ട്ടറില്‍ ജോലിക്ക് പ്രവേശിച്ചതും.
റിപ്പോര്‍ട്ടര്‍ ടിവിയെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മാധ്യമ പ്രവര്‍ത്തകയാണു സുജയ. സുജയ രാജി വെച്ച് ഇറങ്ങുന്നതു റിപ്പോര്‍ട്ടര്‍ ടിവിയെ സാരമായി ബാധിച്ചേക്കും. റിപ്പോര്‍ട്ടര്‍ ചാനലിന്റെ റേറ്റിംഗില്‍ വലിയ പങ്കുവഹിച്ച സുജയയുടെ പടിയിറക്കം ചാനലിനെ സംബന്ധിച്ച് വലിയ ആഘാതമായിരിക്കും. പ്രത്യേകിച്ച് 'മീറ്റ് ദ എഡിറ്റേഴ്‌സ്' (Meet the Editors) എന്ന പരിപാടിയില്‍ അരുണ്‍കുമാറും സുജയയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ചാനലിനെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിച്ചിരുന്നു. ചാനലില്‍ സുജയ സ്വീകരിച്ച ബിജെപി അനുകൂല നിലപാടുകള്‍ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. നികേഷ് കുമാറിന് പിന്നാലെ ഉണ്ണി ബാലകൃഷ്ണനും പോയതോടെ സുജയ പാര്‍വ്വതിയുടെ മികവിലാണു മീറ്റ് ദി എഡിറ്റര്‍ ഷോ നിലനില്‍ക്കുന്നത്. ഡോക്ടര്‍ അരുണ്‍കുമാറും അധികകാലം അവിടെ തുടരാന്‍ സാധ്യതയില്ലെന്ന സൂചനകള്‍.
കേരളത്തിലെ ഒരു വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്റര്‍ പദവിയിലെത്തുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടവുമായാണ് സുജയ ബിഗ് ടിവിയുടെ ഭാഗമാകുന്നത്. നിലവില്‍ കേരളത്തിലെ എല്ലാ ചാനലുകളുടെയും തലപ്പത്ത് പുരുഷന്മാരാണുള്ളത് എന്നതിനാല്‍ ഈ മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് കൂടുമാറ്റം ശക്തമായിരിക്കുകയാണ്. ബിഗ് ടിവിയുടെ വരവ് റിപ്പോര്‍ട്ടറിനെയാകും ബാധിക്കുക എന്നാണു കരുതിയിരുന്നത്. എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ട്വന്റി ഫോര്‍ ന്യൂസ് ചാനലാണ്. ആകെ എത്രപേര്‍ രാജിവെച്ചെന്നോ ഇനി എത്രപേര്‍ രാജിവെക്കുമെന്നോ ഒരു കണക്കുമില്ലാത്ത അവസ്ഥയിലാണു ട്വന്റി ഫോര്‍ ചാനല്‍. ഒരു ഡസനിലേറെ മാധ്യമപ്രവര്‍ത്തകര്‍ ഇതിനകം ട്വന്റി ഫോര്‍ വിട്ടു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ രാജി വെയ്ക്കാനുണ്ടെന്നാണു പുറത്തു വരുന്നവര്‍ പങ്കുവെക്കുന്ന സൂചന.
ഡസ്‌കിലും ബ്യൂറോയിലും ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ബിഗ് ടിവിയും റിപ്പോര്‍ട്ടര്‍ ടിവിയും കൊത്തിക്കൊണ്ടു പോകുമ്പോള്‍ ആളില്ലാ കൂടാരമായി മാറിയിരിക്കുകയാണ് ട്വന്റി ഫോര്‍. ഒരു ഡസനിലേറെ ജേര്‍ണലിസ്റ്റുകള്‍ ഇതിനകം ട്വന്റി ഫോര്‍ വിട്ടു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ രാജി വച്ചേക്കും. തിരുവനന്തപുരം ബ്യൂറോയില്‍ നിന്നും മൂന്നോ നാലോ പേര്‍ രാജി വെച്ചിട്ടുണ്ട്. ട്വന്റി ഫോര്‍ വിടുന്നവര്‍ എറെയും സ്ഥാപനത്തിന്റെ ചില വൈരികളായ റിപ്പോര്‍ട്ടറിലേക്ക് ആണ് പോകുന്നത് എന്നതും ട്വന്റി ഫോര്‍ മാനേജ്മെന്റിനെ വിഷമിപ്പിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെക്കാന്‍ തുടങ്ങിയതോടെ അവശേഷിക്കുന്ന ജീവനക്കാരും കടുത്ത ആശങ്കയിലാണ്.
സുജയ പാര്‍വ്വതി മാത്രമല്ല, റിപ്പോര്‍ട്ടര്‍ ടിവിയിലെ പത്തൊന്‍പതോളം പ്രമുഖര്‍ ബിഗ് ടിവിയിലേക്ക് മാറിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍മാരും ഡെസ്‌ക്കിലുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഏഷ്യാനെറ്റ്, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയ ചാനലുകളില്‍ സാങ്കേതികവും ഭരണപരവുമായ മാറ്റങ്ങള്‍ കൊണ്ടുവന്ന അനില്‍ അയിരൂര്‍ ആണ് ബിഗ് ടിവിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും. അദ്ദേഹത്തോടൊപ്പം വേണു ബാലകൃഷ്ണന്‍ ന്യൂസ് ഡയറക്ടറായും ജോഷി കുര്യന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായും ബിഗ് ടിവിയില്‍ ഉണ്ടാകും
റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് മാത്രമല്ല, ഏഷ്യാനെറ്റ്, 24 ന്യൂസ്, മാതൃഭൂമി തുടങ്ങിയ പ്രമുഖ ചാനലുകളില്‍ നിന്നും നിരവധി പേര്‍ ബിഗ് ടിവിയിലേക്ക് ചേക്കേറുന്നുണ്ട്. അപര്‍ണ കുറുപ്പ്, ലക്ഷ്മി പത്മ, ആര്യ തുടങ്ങി പ്രമുഖരായ പല അവതാരകരും ഈ പുതിയ സംരംഭത്തിന്റെ ഭാഗമാകുന്നുവെന്നാണ് വിവരം. ന്യൂസ് മലയാളം 24ന്റെ ഭാഗമായിരുന്നു ലക്ഷ്മി പദ്മ. ന്യൂസ് 18 കേരളം വിട്ടാണ് അപര്‍ണ കുറുപ്പ് ബിഗ് ടിവിയുടെ ഭാഗമായിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് മാത്രം ഏതാണ്ട് 15-ഓളം പേരാണ് ബിഗ് ടിവിയിലേക്ക് പോകുന്നത്.
മീഡിയാ വണ്‍ ചാനലിലെ മുന്‍നിര അവതാരകനായ അജിംസും ബിഗ് ടിവിയുടെ ഭാഗമായേക്കും എന്നാണ് സൂചന. ചാനല്‍ ചര്‍ച്ചകളിലൂടെയും ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിലൂടെയും പ്രേക്ഷകര്‍ക്ക് അജിംസ് ചിരപരിചിതനാണ്.


