- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
11 പേരുമായി പോയ വിമാനം നിശ്ചിത പാതയിൽ നിന്ന് വഴിമാറി; ലാൻഡിംഗ് പാതയിലേക്ക് തിരികെ എത്തിക്കാനുള്ള തുടർച്ചയായ നിർദ്ദേശങ്ങൾ ഫലം കണ്ടില്ല; പിന്നാലെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമായി; ഇന്തോനേഷ്യൻ എയർ ട്രാൻസ്‌പോർട്ടിന്റെ വിമാനം മലനിരകളിൽ തകർന്നു വീണതായി റിപ്പോർട്ടുകൾ; തിരച്ചിൽ വ്യാപകം

മകാസർ: ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയിൽ 11 പേരുമായി പോയ വിമാനം തകർന്നുവീണതായി സംശയം. ശനിയാഴ്ച ഉച്ചയോടെയാണ് വിമാനവുമായുള്ള ബന്ധം കൺട്രോൾ റൂമിന് നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ട്' പ്രവർത്തിപ്പിച്ചിരുന്ന എടിആർ 42-500 വിമാനമാണ് കാണാതായത്. വിമാനത്തിൽ 8 ജീവനക്കാരും 3 യാത്രക്കാരും ഉൾപ്പെടെ 11 പേരാണ് ഉണ്ടായിരുന്നത്.
യാത്രക്കാർ രാജ്യത്തെ ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യോഗ്യകർത്തായിൽ നിന്ന് മകാസറിലേക്ക് പോവുകയായിരുന്നു വിമാനം. മകാസർ വിമാനത്താവളത്തിന് ഏകദേശം 20 കിലോമീറ്റർ അകലെ മാരോസ് റീജൻസിയിലെ മലനിരകളിലാണ് വിമാനം തകർന്നുവീണതായാണ് റിപ്പോർട്ടുകൾ. മക്കസർ ബസാർണാസ് ഓപ്പറേഷൻസ് വിഭാഗം മേധാവി ആൻഡി സുൽത്താൻ പറയുന്നതനുസരിച്ച്, എടിആർ 42-500 വിമാനം കണ്ടെത്താനായി 60 രക്ഷാപ്രവർത്തന ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
വിമാനം കാണാതായതിനെത്തുടർന്ന് വ്യോമസേനയും പോലീസും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ മാരോസിലെ ബുലു സറൗങ് പർവതനിരകളിൽ കണ്ടെത്തി അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റേതാണെന്നാണ് സംശയിക്കുന്നത്. വിമാനം അപകടത്തിൽ പ്പെടുന്നതിന് തൊട്ടുമുൻപുള്ള സാഹചര്യത്തെക്കുറിച്ച് എയർ ട്രാൻസ്‌പോർട്ട് ഡയറക്ടർ ജനറൽ ലുക്മാൻ എഫ് ലെയ്‌സ വിശദീകരിച്ചു. വിമാനം നിശ്ചിത പാതയിൽ നിന്ന് വഴിമാറി സഞ്ചരിച്ചതായി എയർ ട്രാഫിക് കൺട്രോൾ (ATC) കണ്ടെത്തിയിരുന്നു.
"വിമാനം ലാൻഡിംഗിനായി വരേണ്ട പാതയിലല്ലെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ, സ്ഥാനം ശരിയാക്കാൻ പൈലറ്റുമാർക്ക് എടിസി നിർദ്ദേശം നൽകിയിരുന്നു. കൃത്യമായ ലാൻഡിംഗ് പാതയിലേക്ക് വിമാനത്തെ തിരികെ എത്തിക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായി പല നിർദ്ദേശങ്ങളും നൽകി. എന്നാൽ അവസാന നിർദ്ദേശം നൽകിയതിന് പിന്നാലെ വിമാനവുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും നഷ്ടമായി." - ലുക്മാൻ വ്യക്തമാക്കി.
ബന്ധം നഷ്ടപ്പെട്ട ഉടൻ തന്നെ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമുദ്രത്തിന് മുകളിലൂടെ വളരെ താഴ്ന്ന ഉയരത്തിലാണ് വിമാനം പറന്നിരുന്നത്. ഇത് റഡാർ പരിധിക്ക് പുറത്താകാൻ കാരണമായി. പ്രാദേശിക സമയം രാവിലെ 11.20-ഓടെയാണ് (ഇന്ത്യൻ സമയം രാവിലെ ഏകദേശം 8.50) വിമാനത്തിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത്. വിമാനത്താവളത്തിന് 12 മൈൽ വടക്കുകിഴക്ക് മാറിയായിരുന്നു ഇത്. ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ടിന്റെ ഉടമസ്ഥതയിലുള്ള 'PK-THT' എന്ന് രജിസ്റ്റർ ചെയ്ത വിമാനമാണിത്. എണ്ണ-വാതക കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേണ്ടി ചാർട്ടർ സർവീസുകൾ നടത്തുന്ന കമ്പനിയാണിത്.
അപകടകാരണം വ്യക്തമാക്കുന്ന ബ്ലാക്ക് ബോക്സിനായുള്ള തിരച്ചിലിനും മുൻഗണന നൽകുന്നതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ വ്യോമയാന സുരക്ഷാ ചരിത്രം പരിശോധിച്ചാൽ അടുത്ത കാലത്തായി നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ വിമാന നിർമ്മാതാക്കളായ എടിആർ (ATR) അന്വേഷണത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലെ വിശാലമായ ദ്വീപുസമൂഹമായ ഇന്തോനേഷ്യ, തങ്ങളുടെ പതിനായിരക്കണക്കിന് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് വ്യോമഗതാഗതത്തെയാണ്. എന്നാൽ മോശം സുരക്ഷാ റെക്കോർഡുകൾ രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി മാരകമായ വിമാനാപകടങ്ങളാണ് ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണ കലിമന്താൻ പ്രവിശ്യയിൽ നിന്ന് പറന്നുയർന്ന ഉടൻ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമായി പോയ ഹെലികോപ്റ്റർ തകർന്നു വീഴുകയും അതിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം പപ്പുവയിലെ ഉൾനാടൻ ജില്ലയായ ഇലാഗയിൽ മറ്റൊരു ഹെലികോപ്റ്റർ തകർന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ ഇന്തോനേഷ്യയിലെ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയർത്തുന്നത്.


