- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം; തുറമുഖത്തെ ക്രെയിനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുന്നതോടെ പ്രവര്‍ത്തനക്ഷമത ഇരട്ടിയാകും; സംസ്ഥാന നികുതി വരുമാനം കുത്തനെ ഉയരും; വിഴിഞ്ഞത്ത് വമ്പന്‍ സാധ്യതകള്‍; അദാനി നേട്ടം കൊയ്യും

തിരുവനന്തപുരം: രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം എന്നത് പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണമായി മാറുന്നു. അദാനിയാണ് തുറമുഖ നടത്തിപ്പുകാര്‍. അദാനിക്ക് വന്‍ ലാഭം വിഴിഞ്ഞം നല്‍കും. ഇത് കേരളത്തിനും സാമ്പത്തിക കരുത്തായി മാറും.
നിലവില്‍ ലോകത്തെ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രം ലഭ്യമായ ഈ സൗകര്യം വിഴിഞ്ഞത്ത് എത്തുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഉയരും. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് തൊട്ടടുത്തായതിനാല്‍, പാതയില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ ഇന്ധനം നിറയ്ക്കാമെന്ന സൗകര്യം കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബ് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടി കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കും. 2028-ഓടെ പൂര്‍ത്തിയാകുന്ന 10,000 കോടി രൂപയുടെ രണ്ടാംഘട്ട വികസനത്തിലൂടെ വാര്‍ഷിക കണ്ടെയ്നര്‍ ശേഷി 10 ലക്ഷം ടിഇയുവല്‍ നിന്ന് 50 ലക്ഷം ടിഇയുവായി വര്‍ധിക്കും. ഈ മാസം 24-ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ, രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നവംബറില്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.
രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം വെറുമൊരു കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നതിലുപരി രാജ്യത്തെ പ്രധാന കയറ്റുമതി-ഇറക്കുമതി കേന്ദ്രമായി മാറും. ഇതിനാവശ്യമായ കസ്റ്റംസ് അനുമതികള്‍ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ ഇവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റോഡ് മാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കവും സജീവമാകും. കൂടാതെ, പുതുതായി നിര്‍മ്മിക്കുന്ന ക്രൂസ് ടെര്‍മിനല്‍ വഴി വമ്പന്‍ യാത്രാ കപ്പലുകള്‍ കൂടി എത്തുന്നതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാകും.
തുറമുഖത്തെ ക്രെയിനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുന്നതോടെ പ്രവര്‍ത്തനക്ഷമത ഇരട്ടിയാകും. നിലവിലുള്ള 800 മീറ്റര്‍ ബെര്‍ത്ത് രണ്ട് കിലോമീറ്ററായി നീട്ടുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമായി വിഴിഞ്ഞം മാറും. ഇതോടെ ഒരേസമയം നാല് മദര്‍ഷിപ്പുകള്‍ക്ക് ചരക്ക് കൈമാറ്റം നടത്താന്‍ സാധിക്കും. പുലിമുട്ടിന്റെ നീളം നാല് കിലോമീറ്ററായി വര്‍ധിപ്പിക്കുന്നത് കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.
വന്‍കിട ഷിപ്പിംഗ്, ലോജിസ്റ്റിക് കമ്പനികള്‍ വിഴിഞ്ഞത്തേക്ക് എത്തുന്നതോടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.


