- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി?' എന്നാണ്, വെറുമൊരു ചോദ്യമായിരുന്നില്ല അത്'; ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും; ഹരീഷ് കണാരന്‍ പങ്കുവെച്ച ആ കുറിപ്പ് ചര്‍ച്ചയാകുന്നു

കോഴിക്കോട്: 'ലൈംഗികാതിക്രമി' എന്ന് മുദ്രകുത്തി സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടിയില്‍ യു. ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നടന്‍ ഹരീഷ് കണാരന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ലിയാസ് ലത്തീഫ് എന്ന ഇന്‍സ്റ്റാഗ്രാം വ്‌ലോഗര്‍ പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജെറി പൂവക്കാല എഴുതിയ കുറിപ്പ് ആണ് ഹരീഷ് പങ്കുവച്ചത്. ദീപക്കിനെക്കുറിച്ച്, മാസങ്ങള്‍ക്ക് മുന്‍പ് അതേ ബസ്സില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കുമ്പോള്‍ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും. ബസില്‍ വച്ച് ആര്‍ത്തവ വേദന നേരിട്ട പെണ്‍കുട്ടിയെ ദീപക് പരിചരിച്ചതിനെ കുറിച്ചൊരു വ്‌ളോഗര്‍ പറഞ്ഞ കാര്യങ്ങള്‍ കുറിച്ചുകൊണ്ട് ജെറി പൂവക്കാല എഴുതിയ കുറിപ്പ് ആണ് ഹരീഷ് പങ്കിട്ടത്.
ഹരീഷ് കണാരന്റെ വാക്കുകള്‍:
''ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് അതേ ബസ്സില്‍ യാത്ര ചെയ്ത മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്. സോഷ്യല്‍ മീഡിയ 'ലൈംഗികാതിക്രമി' എന്ന് മുദ്രകുത്തി കൊന്ന ദീപക്കിനെക്കുറിച്ച്, മാസങ്ങള്‍ക്ക് മുന്‍പ് അതേ ബസ്സില്‍ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കുമ്പോള്‍ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍ നമുക്ക് മനസ്സിലാകും.
ഏകദേശം ഒരു വര്‍ഷം മുന്‍പ് അതേ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പറഞ്ഞ പെണ്‍കുട്ടി ദീപക്കിനെ കാണുന്നത്. അസഹനീയമായ പീരിയഡ്‌സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി' എന്നാണ്. വെറുമൊരു ചോദ്യമായിരുന്നില്ല അത്. അവളുടെ വേദന കണ്ടപ്പോള്‍ സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതല്‍ ആയിരുന്നു അത്.
അമ്മയെ വിളിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളിക എടുത്തു നല്‍കി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാന്‍ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചു. പരീക്ഷയെ ഓര്‍ത്ത് പേടിയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ ഉപദേശം ആ കുട്ടി ഇന്നും ഓര്‍ക്കുന്നുണ്ട്. 'എന്തിനാ പേടിക്കുന്നത് എന്റെ ഈ പ്രായത്തിലും ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാന്‍ പറ്റുമോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യാത്രയിലുടനീളം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നല്‍കിയ മനുഷ്യന്‍. അതുകൊണ്ടാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓര്‍ത്തിരുന്നത്. ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും, ദീപക് ഒരു ലൈംഗികാതിക്രമിയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയുന്ന, അന്യന്റെ വേദന കണ്ടാല്‍ മനസ്സലിയുന്ന പച്ചയായ മനുഷ്യനായിരുന്നു എന്ന്. ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്.
ചെയ്യാത്ത തെറ്റിന് ലോകം മുഴുവന്‍ തന്നെ നോക്കി കുറ്റപ്പെടുത്തിയപ്പോള്‍, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നില്‍ക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, മറിച്ച് താന്‍ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം. ദീപക് മരിച്ചില്ലായിരുന്നെങ്കില്‍ ഈ സത്യം ഒരുപക്ഷേ ആരും അറിയില്ലായിരുന്നു എന്നത് മറ്റൊരു ദുരന്തം.
ആദരാജ്ഞലികള്‍ സഹോദരാ
ലിയാസ് ലത്തീഫ് എന്ന ഇന്‍സ്റ്റാഗ്രാം വ്‌ലോഗര്‍ ആണ് ഈ പെണ്‍കുട്ടിയുടെ അനുഭവം പങ്കുവച്ചത്.''
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടിയില്‍ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളില്‍ വച്ച് ദീപക് മനഃപൂര്‍വം തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടര്‍ന്ന് ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേള്‍ക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവര്‍ പറഞ്ഞു. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.


