- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കട്ടന്‍ചായയും വേണ്ട പരിപ്പുവടയും വേണ്ട! പട്ടിണി കിടന്നും പണിയെടുക്കും; വരി തെറ്റിച്ചാല്‍ സ്നേഹപൂര്‍വം ശകാരം; ചൈനീസ് റോഡുകളില്‍ ഇനി റോബോട്ട് പോലീസിന്റെ ട്രാഫിക് നിയന്ത്രണം; വീഡിയോയും സെല്‍ഫിയും എടുക്കാന്‍ വന്‍തിരക്ക്; പോലീസുകാരെ വിശ്രമിക്കാന്‍ വിട്ട് ബീജിംഗിന്റെ പുതിയ എഐ പരീക്ഷണം
ചൈനീസ് റോഡുകളില്‍ ഇനി റോബോട്ട് പോലീസിന്റെ ട്രാഫിക് നിയന്ത്രണം

ബീജിംഗ്: സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ആ 'റോബോക്കോപ്പുകള്‍' ഇനി നിരത്തിലിറങ്ങും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തത്സമയം പണികൊടുക്കാന്‍ കൃത്രിമ ബുദ്ധിയില്‍ (AI) പ്രവര്‍ത്തിക്കുന്ന റോബോട്ട് പോലീസുകാരെ വിന്യസിച്ച് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കിഴക്കന്‍ ചൈനയിലെ വുഹു (Wuhu) നഗരത്തിലാണ് വെളുത്ത തൊപ്പിയും റിഫ്‌ലക്റ്റീവ് ജാക്കറ്റും ധരിച്ച ഈ പുത്തന്‍ തലമുറ പോലീസുകാര്‍ ഇപ്പോള്‍ പട്രോളിംഗ് നടത്തുന്നത്.
നോക്കി നില്‍ക്കെ പിടിവീഴും; വെറുമൊരു യന്ത്രമല്ല ഈ R001
'ഇന്റലിജന്റ് പോലീസ് യൂണിറ്റ് R001' എന്നാണ് ഈ റോബോട്ടിന്റെ പേര്. ഹൈ ഡെഫനിഷന്‍ ക്യാമറകളും അത്യാധുനിക അല്‍ഗോരിതങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ യന്ത്രമനുഷ്യന് ഏത് ട്രാഫിക് ലംഘനവും ഞൊടിയിടയില്‍ കണ്ടെത്താനാകും. വരിതെറ്റിച്ചു വരുന്ന സൈക്കിള്‍ യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ശബ്ദ സന്ദേശത്തിലൂടെ തിരുത്താന്‍ ഇവര്‍ക്ക് സാധിക്കും.
നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, ലൈറ്റുകള്‍ മാറുന്നതിനനുസരിച്ച് ട്രാഫിക് നിയന്ത്രിക്കാനുള്ള സിഗ്‌നലുകള്‍ കൈകള്‍ കൊണ്ട് കാണിക്കാനും ഇവയ്ക്ക് കഴിയും. നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ തിരിച്ചറിയാനും തത്സമയം റോഡ് നിരീക്ഷിക്കാനും ഈ റോബോക്കോപ്പുകള്‍ക്ക് സാധിക്കും.
വിശ്രമമില്ലാത്ത പണി; കാലാവസ്ഥ പ്രശ്‌നമല്ല!
മനുഷ്യ പോലീസുകാര്‍ക്ക് വിശ്രമം വേണം, എന്നാല്‍ ഈ 'പുതിയ സഹപ്രവര്‍ത്തകര്‍ക്ക്' അതിന്റെ ആവശ്യമില്ല. 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. കടുത്ത ചൂടിലും മഴയിലും മഞ്ഞുവീഴ്ചയിലും തളരാതെ ഇവര്‍ നിരത്തിലുണ്ടാകും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന ഈ നീക്കം നടത്തുന്നത്.
ചൈനയുടെ ലക്ഷ്യം 'റോബോട്ട് വിപ്ലവം'
ചെങ്ദു, ഹാങ്ഷൗ തുടങ്ങിയ നഗരങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വുഹു നഗരത്തിലും റോബോട്ട് പോലീസുകാര്‍ എത്തുന്നത്. വെറും ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ മാത്രമല്ല, നാലുകാലില്‍ നടക്കുന്ന 'റോബോട്ട് നായ്ക്കളെയും' (Quadruped robots) ചൈന പട്രോളിംഗിനായി ഉപയോഗിക്കുന്നുണ്ട്. 2035-ഓടെ ഈ മേഖലയില്‍ ഒരു ലക്ഷം കോടി യുവാന്‍ (ഏകദേശം 140 ബില്യണ്‍ ഡോളര്‍) വിപണി ലക്ഷ്യമിട്ടാണ് ചൈനയുടെ മുന്നേറ്റം.
സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍
പുതുമയാര്‍ന്ന രൂപവും ഗാംഭീര്യമുള്ള പെരുമാറ്റവും കാരണം ഈ റോബോട്ടുകള്‍ ഇപ്പോള്‍ ചൈനയിലെ സെലിബ്രിറ്റികളാണ്. ഇവരുടെ പടമെടുക്കാനും വീഡിയോ പകര്‍ത്താനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ''നിങ്ങളുടെ സുരക്ഷയ്ക്കായി വരി തെറ്റിക്കാതെ പോകുക'' എന്ന് ഗംഭീര ശബ്ദത്തില്‍ ഉത്തരവിടുന്ന റോബോക്കോപ്പുകള്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ കൗതുകമാണ് ഉണ്ടാക്കുന്നത്.


