കൊല്ലം: ശബരിമലയിലെ പഴയ കൊടിമരത്തില്‍ നിന്നും കാണാതായ അഷ്ടദിക് പാലകരെ ഒടുവില്‍ കണ്ടെത്തി. സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ നടത്തിയ നിര്‍ണ്ണായക പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു ഈ പുണ്യ ശില്പങ്ങള്‍. സംഭവത്തില്‍ അന്വേഷണസംഘം കൊല്ലം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും.

കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ചെറിയ ശില്പങ്ങളാണ് അഷ്ടദിക് പാലകര്‍. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇവ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രി ഒന്നരയോടെ സന്നിധാനത്ത് എസ്.ഐ.ടി നടത്തിയ പരിശോധനയിലാണ് സ്‌ട്രോങ്ങ് റൂമിലെ ഒരു മൂലയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഇവ കണ്ടെത്തിയത്. ഇവ സ്വര്‍ണ്ണത്തില്‍ തീര്‍ത്തവയാണോ അതോ ലോഹക്കൂട്ട് ആണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

സ്വര്‍ണ്ണക്കൊള്ള കേസിലെ ഗൗരവം കണക്കിലെടുത്ത് വിചാരണയ്ക്കായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ എസ്.ഐ.ടി ശുപാര്‍ശ നല്‍കിയെന്നാണ് സൂചന. തൃശൂര്‍ സ്വദേശിയായ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉണ്ണികൃഷ്ണനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. ശക്തമായ നിയമപോരാട്ടത്തിലൂടെ പ്രതികളെ കുടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

സന്നിധാനത്തെ ദേവസ്വം ഓഫീസുകളിലും സ്‌ട്രോങ്ങ് റൂമുകളിലും എസ്.ഐ.ടി നടത്തിയ പരിശോധന ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. ഇ.ഡി നടത്തിയ 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ'യ്ക്ക് പിന്നാലെ എസ്.ഐ.ടിയും തെളിവുകള്‍ കണ്ടെത്തിയത് പ്രതികളായ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും വലിയ തിരിച്ചടിയാണ്. അഷ്ടദിക് പാലകരെ ആര്, എപ്പോള്‍ ചാക്കില്‍ കെട്ടി സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി എന്നതില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

സ്വര്‍ണ്ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്ന സൂചനയാണ് എസ്.ഐ.ടി നല്‍കുന്നത്. സന്നിധാനത്തെ പരിശോധനകളില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും രേഖകളും കൊല്ലം കോടതിയില്‍ ഹാജരാക്കുന്നതോടെ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്.