കോഴിക്കോട്: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് യുവതിയെ പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല.

പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയ്ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് യുവതി പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോയി. ഇതിനിടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. അഡ്വ. നല്‍സണ്‍ ജോസ് മുഖാന്തരമാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ദീപക്ക് ജീവനൊടുക്കിയത്. യുവതിയുടെപേരില്‍ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. യുവതി വീഡിയോയിലൂടെ തന്റെ മകനെ അപമാനിച്ചെന്ന് പരാതിയില്‍ പറയുന്നു. യുവതി മനഃപൂര്‍വം നടത്തിയ ക്രൂരവും അന്യായവുമായ പ്രവൃത്തിയാണ് മകന്റെ മരണത്തിനിടയാക്കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരുന്നു.

മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം, ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിര്‍ണായകമായ തരത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും.