കോഴിക്കോട്: കക്കോടിയില്‍ വര്‍ക് ഷോപ്പില്‍ കൊല്ലപ്പെട്ട യുവതിയുമായി ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ഷോപ്പ് ഉടമയായ വൈശാഖന്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രതിയുടെ മൊഴി. വര്‍ഷങ്ങളായി ബന്ധം തുടര്‍ന്നുവന്ന വൈശാഖനോട് അകന്ന ബന്ധു കൂടിയായ യുവതി വിവാഹ അഭ്യര്‍ഥന നടത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിവാഹിതനായ പ്രതിക്ക് യുവതിയുടെ ഈ ആവശ്യം അംഗീകരിക്കാനായില്ല. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വര്‍ക് ഷോപ്പില്‍ കഴുത്തില്‍ കുരുക്കിട്ടു നിന്ന യുവതിയെ സ്റ്റൂള്‍ തട്ടിമറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കോഴിക്കോട് തടമ്പാട്ടുത്താഴം സ്വദേശികളായ വൈശാഖനും 26 കാരിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വൈശാഖന്‍ വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് അമിതആത്മവിശ്വാസത്തില്‍ പൊളിഞ്ഞത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ കൊല്ലപ്പെട്ട യുവതിയെ പീഡിപ്പിച്ചിരുന്നുവെന്ന വിവരം കൂടി മൊഴിയെടുപ്പില്‍ പുറത്തുവന്നതോടെ പോക്‌സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.

വൈശാഖനോട് യുവതി നിരന്തരം വിവാഹാഭ്യാര്‍ഥന നടത്തി. എന്നാല്‍ വിവാഹിതനായ വൈശാഖന്‍ ഇത് നിരസിച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാതെയിരുന്ന യുവതി ഭാര്യയോട് വിവരങ്ങള്‍ പറയുമെന്ന് പ്രതിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ വൈശാഖന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടോയെന്നും യുവതി സംശയിച്ചു. ഇത് സംബന്ധിച്ച് ഒരുമാസത്തോളമായി പ്രതിയും യുവതിയും തമ്മില്‍ വഴക്കുമുണ്ടായിരുന്നു.

തുടര്‍ന്നാണ് പ്രതി യുവതിയെ ജീവിതത്തില്‍ നിന്ന് ഒളിവാക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി ഈ മാസം 24ന് യുവതിയെ മോരിക്കരയിലെ തന്റെ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി. ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് ഒരുമിച്ച് മരിക്കാമെന്നും പ്രതി യുവതിയോട് പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ എന്ന വ്യാജേന രണ്ട് കയറുകളിലായി കുരുക്കിട്ടു. ആത്മഹത്യക്ക് മുമ്പ് ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം യുവതിക്ക് നല്‍കി. തുടര്‍ന്ന് പാതി അബോധാവസ്ഥയിലായ യുവതിയുടെ കഴുത്തില്‍ കുരുക്കിടുകയും തന്ത്രപൂര്‍വ്വം സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.

വിവാഹിതനായതിനാല്‍ ഇനി മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നും എന്നാല്‍ യുവതിയെ വിട്ടുപിരിഞ്ഞ് ജീവിതം വേണ്ട എന്നാണുള്ളതെന്നും പ്രതി യുവതിയോട് പറഞ്ഞതായാണ് മൊഴിയെടുപ്പില്‍ തെളിഞ്ഞത്. ആത്മഹത്യ ചെയ്യുമെന്ന് യുവതി പറഞ്ഞപ്പോള്‍ നിന്നെ വിട്ടുപിരിഞ്ഞ് എനിക്കും ഒറ്റയ്ക്ക് ജീവിക്കേണ്ടെന്നും ഒരുമിച്ച് ജീവന്‍ അവസാനിപ്പിക്കാമെന്നും യുവതിയോട് വൈശാഖന്‍ പറയുകയായിരുന്നു. തുടര്‍ന്ന് 24 ന് ഉച്ചയോടെ മാളിക്കടവില്‍ വൈശാഖന്റെ ഉടമസ്ഥതയിലുള്ള വര്‍ക് ഷോപ്പിലേക്കു യുവതിയെ വിളിച്ചുവരുത്തി. ഇരുവരും രണ്ട് സ്റ്റൂളുകളില്‍ കയറി നിന്ന് കയറുകളില്‍ കരുക്കിട്ട് നില്‍ക്കുമ്പോള്‍ പെട്ടെന്ന് താഴെ ഇറങ്ങിയ വൈശാഖന്‍ യുവതി നിന്ന സ്റ്റൂള്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു.

കയറില്‍ യുവതി തൂങ്ങിനില്‍ക്കുന്ന സമയത്തും തുടര്‍ന്ന് കെട്ടറുത്ത് നിലത്തു കിടത്തിയും യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്തതായും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തലുണ്ടായി. യുവതി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ വിവരം പുറത്തറിയിച്ചത്. യുവതിയെ വര്‍ക് ഷോപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടുവെന്ന് ഭാര്യയെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തിയ ശേഷം ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ കാറില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

കയറില്‍ നിന്ന് നിലത്ത് കിടത്തിയതിനുശേഷവും മൃതദേഹത്തെ പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യയെ വിളിച്ചുവരുത്തി യുവതിയെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് എലത്തൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. ആദ്യം മുതലേ സംഭവത്തില്‍ ദൂരുഹത സംശയിച്ച പൊലീസ് വര്‍ക്ക് ഷോപ്പ് പൂട്ടി സീല്‍ ചെയ്തതോടെയാണ് ക്രൂര കൊലപാതകം പുറത്തുവന്നത്. കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവിയുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ആശുപത്രിയില്‍ നിന്ന് വന്നതിനുശേഷം സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു വൈശാഖന്റെ പ്ലാന്‍.

എന്നാല്‍ അതിനുമുമ്പ് വര്‍ക്ക് ഷോപ്പ് പൊലീസ് സീല്‍ ചെയ്തതാണ് വഴിത്തിരിവായത്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് വൈശാഖന്റെ മൊഴി. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ അടക്കം പ്രതിയുടെ കൈവശമുണ്ടായിരുന്നു. വൈശാഖനില്‍ നിന്ന് ഭീഷണിയുണ്ടെന്നും ജീവന്‍ അപായപ്പെടുത്തമോയെന്ന് പേടിയുണ്ടെന്ന യുവതിയുടെ ഡയറികുറിപ്പുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 16 വയസുമുതല്‍ ഈ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ പോക്‌സോ വകുപ്പ് കൂടി ചുമത്താനാണ് പൊലീസിന്റെ നീക്കം.

നിര്‍ണായകമായത് സിസിടിവി ദൃശ്യം

യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകള്‍. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാര്‍ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ ജോലിസ്ഥലത്തെത്തി ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് നാട്ടുകാര്‍ക്കു സംശയമുണ്ടായി.

യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം വന്ന് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍ കേസില്‍ തുടക്കത്തില്‍തന്നെ ചില ദുരൂഹത തോന്നിയ പൊലീസ് സ്ഥാപനം ഉടന്‍തന്നെ തെളിവെടുപ്പിനായി സീല്‍ ചെയ്തതിനാല്‍ പ്രതിക്ക് ദൃശ്യങ്ങള്‍ നശിപ്പിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളുമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് വൈശാഖനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞു.

ടൗണ്‍ എസിപി ടി.കെ.അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്ത് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. എസ്‌ഐമാരായ സഹദ്, വി.ടി.ഹരീഷ്‌കുമാര്‍, ബിജു, പ്രജുകുമാര്‍, എഎസ്‌ഐ ബിജു, എസ്സിപിഒമാരായ പ്രശാന്ത്, രൂപേഷ്, നിഗിലേഷ്, വൈശാഖ്, മധുസൂധനന്‍, സ്‌നേഹ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.