വിശാഖപട്ടണം: ട്വന്റി 20 ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയും ബാറ്റിംഗില്‍ മോശം പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യന്‍ ടീമിലേക്ക് ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതോടെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ടീം പ്രഖ്യാപനത്തിനു ശേഷം നിലവില്‍ നടക്കുന്ന പരമ്പയിലെ താരത്തിന്റെ പ്രകടനം കണ്ടതോടെ വേണ്ടിയിരുന്നില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല. സഞ്ജുവിന് എപ്പോള്‍ വേണമെങ്കിലും ഫോമിലേക്ക് തിരിച്ചെത്താമെന്ന് ഒരു വിഭാഗം ക്രിക്കറ്റ് നിരീക്ഷകരും മുന്‍താരങ്ങളും പറയുന്നുണ്ടെങ്കിലും സഞ്ജു പുറത്താകുന്ന രീതികളെയാണ് ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ നാല് ഇന്നിങ്‌സില്‍ 40 റണ്‍സ് മാത്രമാണ് നേടായതെന്നത് താരത്തിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടെ ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ നടത്തിയ നിരീക്ഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്.

നാലാം ടി20യില്‍ സഞ്ജു പുറത്തായ രീതിയെ രൂക്ഷമായ ഭാഷയിലാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്. മത്സരത്തില്‍ 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയ ശേഷം മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ സഞ്ജു പുറത്താകുകയായിരുന്നു. സഞ്ജു പുറത്തായ പന്തില്‍ യാതൊരുവിധ ഫൂട്ട്വര്‍ക്കും ഉണ്ടായിരുന്നില്ലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. പന്ത് തിരിയുന്നുണ്ടോ എന്നുപോലും നോക്കാതെ ക്രീസില്‍ വെറുതെ നില്‍ക്കുക മാത്രമാണ് സഞ്ജു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡിലൂടെ ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂന്ന് സ്റ്റമ്പുകളും ബൗളര്‍ക്ക് എളുപ്പത്തില്‍ കാണാമെന്ന സ്ഥിതിയായി. പന്ത് മിസ്സ് ചെയ്യുക കൂടി ചെയ്തതോടെ എളുപ്പത്തില്‍ ബൗള്‍ഡായി. ഒരേ രീതിയില്‍ തന്നെ സഞ്ജു രണ്ടാമതും പുറത്താകുന്നത് നിരാശാജനകമാണെന്ന് ഗവാസ്‌കര്‍ കമന്ററിയില്‍ പറഞ്ഞു.

സഞ്ജുവിന്റെ ഫൂട്ട് വര്‍ക്കിലെ പാളിച്ചകളാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജു പന്തിനടുത്തേക്ക് കാലുകള്‍ നീക്കുന്നില്ലെന്നും ക്രീസില്‍ വെറുതെ നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗാവസ്‌കര്‍ പറയുന്നു. മൂന്ന് സ്റ്റംപുകളും തുറന്നുകാട്ടി ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഓഫ് സൈഡില്‍ സ്‌പേസ് ഉണ്ടാക്കി കളിക്കാന്‍ ശ്രമിക്കുമ്പോള്‍ സഞ്ജു തന്റെ മൂന്ന് സ്റ്റംപുകളും ബൗളര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. ഈ പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് സഞ്ജു സമാനമായ രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതെന്നും, സ്പിന്നിനെതിരെ ഒരു ഫൂട്ട്വര്‍ക്കുമില്ലാതെ കളിക്കുന്നത് അപകടകരമാണെന്നും ഗാവസ്‌കര്‍ ഓര്‍മ്മിപ്പിച്ചു.

സ്പിന്നര്‍മാരെ നേരിടുമ്പോള്‍ സഞ്ജു ക്രീസില്‍ നിന്ന് അനങ്ങുന്നതേയില്ല. ഇന്നലെ പന്ത് തിരിയുന്നുണ്ടോ എന്ന് പോലും സഞ്ജുവിന് ഉറപ്പില്ലായിരുന്നു. കാലുകള്‍ അനക്കാതെ ലെഗ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഷോട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് ബൗളര്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുകയാണ്. പന്ത് മിസ്സ് ചെയ്താല്‍ അത് വിക്കറ്റില്‍ കൊള്ളുമെന്ന് ഉറപ്പാണ്- ഗവാസ്‌കര്‍ പറഞ്ഞു. പേസര്‍മാരെ നേരിടുമ്പോള്‍ ഓരോ പന്തിലും ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് സഞ്ജു ബാറ്റിംഗ് ക്രീസില്‍ പിന്നിലേക്ക് പോകുന്നതിനെ കമന്റേറ്റര്‍മാര്‍ വിമര്‍ശിച്ചിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗില്‍ സാങ്കേതിക പിഴവുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും (10, 6, 0) പരാജയപ്പെട്ട സഞ്ജുവിന് ഈ 24 റണ്‍സ് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ലോകകപ്പ് ഇലവനിലെ സ്ഥാനം ഇപ്പോഴും ചോദ്യചിഹ്നമാണ്. സഹ ഓപ്പണറായ അഭിഷേക് ശര്‍മ തകര്‍പ്പന്‍ പ്രകടനം തുടരുന്നത് സഞ്ജുവിന് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. വിശാഖപട്ടണത്തെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ പോലും മികച്ച സ്‌കോര്‍ നേടാനാകാത്തത് സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരങ്ങളില്‍ സഞ്ജുവിന് തന്റെ പിഴവുകള്‍ തിരുത്തി തിരിച്ചുവരാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യന്‍ ടീം മികച്ച ഫോമിലാണെങ്കിലും സഞ്ജു സാംസണിന്റെ പ്രകടനം ആശങ്കയുയര്‍ത്തുന്നതാണ്. ന്യൂസിലന്‍ഡിനെതിരെ നാല് ഇന്നിങ്‌സുകളില്‍ ഒരു തവണ പോലും 25 റണ്‍സ് പിന്നിടാന്‍ സഞ്ജുവിന് സാധിച്ചില്ല. കഴിഞ്ഞ 15 അന്താരാഷ്ട്ര ടി20 ഇന്നിങ്‌സുകളില്‍ നിന്ന് ഒരേയൊരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.സഞ്ജു നേരത്തെ പുറത്താകുന്നത് പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗതയെ ബാധിക്കുന്നുണ്ട്. ബുധനാഴ്ച വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ സഞ്ജു ഉള്‍പ്പെടെയുള്ള മുന്‍നിര തകര്‍ന്നപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ കമന്ററിക്കിടയില്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ് സഞ്ജുവിന് നല്‍കിയ ഉപദേശം ശ്രദ്ധേയമാണ്. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാതെ, തുടക്കത്തില്‍ പക്വതയോടെ കളിച്ച് പിന്നീട് സ്‌കോറിങ് വേഗത കൂട്ടാനാണ് അദ്ദേഹം നിര്‍ദേശിച്ചത്.

യുവതാരങ്ങള്‍ കാത്തിരിക്കുന്നു

ഐ.പി.എല്ലിലും മറ്റ് ആഭ്യന്തര മത്സരങ്ങളിലും സഞ്ജുവിന് മികച്ച റെക്കോര്‍ഡുണ്ട്. ആറ് സെഞ്ച്വറികളും 51 അര്‍ധ സെഞ്ച്വറികളുമാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. എന്നാല്‍ ഈ മികവ് അന്താരാഷ്ട്ര തലത്തില്‍ സ്ഥിരമായി പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് വിമര്‍ശനം. സഞ്ജുവിന് പകരം ഓപ്പണിങ് സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്ത് കാത്തിരിക്കുന്നുണ്ട്. സഞ്ജു പരാജയപ്പെട്ടാല്‍ ടീം ഇന്ത്യ ഉടനടി മാറ്റങ്ങള്‍ വരുത്തുമെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തില്‍, ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. പരിക്ക് ഭേദമായി തിലക് വര്‍മ തിരിച്ചെത്തിയാല്‍ സഞ്ജുവിനെ പുറത്തിരുത്തി ഇഷാനെ ഓപ്പണറാക്കാനുള്ള തീരുമാനം സ്വീകരിച്ചാലും അദ്ഭുതപ്പെടാനില്ല. ന്യൂസിലന്‍ഡിനെതിരെ തിരുവനന്തപുരത്തെ സ്വന്തം കാണികള്‍ക്കുമുമ്പില്‍ നടക്കാനിരിക്കുന്ന മത്സരമാണ് സഞ്ജുവിന് മുന്നിലുള്ള അവസാന പരീക്ഷണം. ലോകകപ്പിന് മുമ്പ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവിടെ മികച്ച പ്രകടനം അനിവാര്യമാണ്.

ഇഷാന്‍ കിഷനു പുറമെ, ശിവം ദുബെ, റിങ്കു സിങ് എന്നിവരും ഫോം കണ്ടെത്തിയ പരമ്പരയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഫോം ഔട്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ തിരിച്ചുവരവിനും പരമ്പര സാക്ഷ്യം വഹിച്ചു. ഓപ്പണര്‍ അഭിഷേക് ശര്‍മയും അവസരത്തിനൊത്ത് ഉയരുന്നത് ഇന്ത്യക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്. വമ്പന്‍ സ്‌കോര്‍ അടിച്ചുകൂട്ടാനും പിന്തുടര്‍ന്നു ജയിക്കാനുംപോന്ന ശക്തമായ ബാറ്റിങ് നിരയാണ് ഇന്ത്യയെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അപ്പോഴും സഞ്ജുവിന്റെ മങ്ങിയ ഫോമാണ് അപവാദമാകുന്നത്. ഗില്ലിന് പുറമെ യശസ്വി ജയ്‌സ്വാള്‍, ശ്രേയസ്, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളും അവസരം കാത്തിരിക്കുന്നുവെന്നത് ഇതോടൊപ്പം കാണേണ്ട വസ്തുതയാണ്.