മുംബൈ: ഇന്ത്യക്കാരന്റെ പ്രഭാതങ്ങളെ പതിറ്റാണ്ടുകളായി മധുരതരമാക്കിയ പാര്‍ലെ-ജി ബിസ്‌കറ്റിന്റെ ഈറ്റില്ലം ഇനി ചരിത്രത്തിന്റെ താളുകളിലേക്ക്. മുംബൈ നഗരത്തിന്റെ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ വിലെ പാര്‍ലെയിലെ ആദ്യത്തെ നിര്‍മ്മാണ ഫാക്ടറി പൊളിച്ചുനീക്കാന്‍ പാര്‍ലെ പ്രൊഡക്ട്‌സ് തീരുമാനിച്ചു. 5.44 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഫാക്ടറി സമുച്ചയം പൊളിച്ച് അത്യാധുനിക വ്യാപാര കേന്ദ്രം പണിയാനാണ് കമ്പനിയുടെ നീക്കം. ഒരു നഗരത്തിനാകെ ബിസ്‌കറ്റ് മണം നല്‍കിയ ആ വമ്പന്‍ കെട്ടിടം ഓര്‍മ്മയാകുന്നതോടെ മുംബൈക്ക് ഇത് ഒരു യുഗത്തിന്റെ അന്ത്യമാണ്.

ഒരുകാലത്ത് ബിസ്‌കറ്റ് എന്നത് ബ്രിട്ടീഷുകാരും അതിസമ്പന്നരും മാത്രം കഴിച്ചിരുന്ന പ്രീമിയം വിഭവമായിരുന്നു. സാധാരണക്കാര്‍ക്ക് ബിസ്‌കറ്റ് അപ്രാപ്യമായിരുന്നു എന്ന് മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് ഇത് നല്‍കുന്നതിനോട് ബ്രിട്ടീഷ് ഭരണകൂടത്തിന് പുച്ഛവുമായിരുന്നു. അന്ന് ഇന്ത്യയില്‍ ലഭ്യമായിരുന്ന ബിസ്‌കറ്റുകളെല്ലാം ഇറക്കുമതി ചെയ്തിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വിലയാണ് ഈടാക്കിയിരുന്നത്. ഈ വിവേചനത്തിനെതിരെ സ്വദേശാഭിമാനി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ മോഹന്‍ ലാല്‍ ദയാല്‍ ചൗഹാന്‍ എന്ന തുണിക്കച്ചവടക്കാരന്‍ തുടങ്ങിയ പോരാട്ടമാണ് പാര്‍ലെ-ജി. 1929-ല്‍ മുംബൈയിലെ വിലെ പാര്‍ലെയില്‍ തുടങ്ങിയ ഈ ഫാക്ടറിയിലൂടെ സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ അദ്ദേഹം ബിസ്‌കറ്റ് എത്തിച്ചു.

പണക്കാരന്റെ ഈ പലഹാരം പാവപ്പെട്ടവര്‍ക്ക് വാങ്ങാനാകുന്ന വിലയ്ക്കു വില്‍ക്കാന്‍ ഒരു ബ്രാന്‍ഡ് ഇന്ത്യയില്‍ പിറവിയെടുത്തു. പൂര്‍ണമായും ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ച, ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും ഏതൊരാള്‍ക്കും വാങ്ങാന്‍ കഴിയുന്ന ബിസ്‌കറ്റുകള്‍. അങ്ങനെ ഇന്ത്യയിലെ സാധാരണ മനുഷ്യര്‍ ബിസ്‌കറ്റിന്റെ രുചി അറിഞ്ഞു. വളര്‍ത്തുപട്ടികള്‍ക്കു കൊടുത്താല്‍ പോലും ഇന്ത്യക്കാര്‍ക്ക് ബിസ്‌കറ്റ് കൊടുക്കേണ്ടെന്ന് കരുതിയ ബ്രിട്ടിഷുകാര്‍ ഒടുവില്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് തങ്ങളുടെ സൈനികര്‍ക്കു വിശപ്പടക്കാന്‍ നല്‍കിയത് ഇന്ത്യക്കാരുടെ ഈ ബിസ്‌കറ്റാണ് - പാര്‍ലെ ജി.

1947-ല്‍ രാജ്യം സ്വതന്ത്രമായപ്പോള്‍ ബ്രിട്ടീഷ് ബ്രാന്‍ഡുകളെ വെല്ലുവിളിച്ച് പാര്‍ലെ ഗ്ലൂക്കോ ബിസ്‌കറ്റുകള്‍ വിപണി കീഴടക്കി. 1980-ലാണ് 'ഗ്ലൂക്കോ' എന്ന പേര് മാറ്റി 'പാര്‍ലെ-ജി' എന്നാക്കിയത്. പാര്‍ലെ ജി എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഒരു ബിസ്‌കറ്റ് മാത്രമല്ല, ഒരു വികാരമാണ്. പെട്ടിക്കടകളില്‍ മുതല്‍ ഷോപ്പിങ് മാളുകളില്‍ വരെ ലഭ്യമാകും ഈ ബിസ്‌കറ്റ്. കമ്പനി ആരംഭിച്ച് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരുടെ ഐക്കോണിക്ക് ഉല്‍പന്നം എത്തുന്നത് - പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച പാര്‍ലെ ഗ്ലൂക്കോ ബിസ്‌കറ്റുകള്‍. രാജ്യത്തുടനീളം ഈ ബിസ്‌കറ്റുകള്‍ വലിയ പ്രചാരം നേടി. ബ്രിട്ടിഷ് അധികാരത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ കഴിക്കുന്നത് ഇന്ത്യന്‍ നിര്‍മിത ബിസ്‌കറ്റുകളാണെന്ന അഭിമാന ബോധമാണ് പാര്‍ലെ നല്‍കിയത്.

പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള, ഇന്ത്യയുടെ സ്വന്തം ബിസ്‌കറ്റ് ബ്രാന്‍ഡാണ് പാര്‍ലെ-ജി. നിഷ്‌കളങ്കമായ ചിരിയോടെ ജനമനസുകളിലേക്ക് കയറിയ പാര്‍ലെ ഗേളിനെ അറിയാത്തവരുണ്ടോ. മുംബൈക്ക് ഒരു യുഗാവസാനമാണെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. വിലെ പാര്‍ലെയില്‍ 5.44 ഏക്കറിലായി വിശാലമായി കിടക്കുന്നതാണ് പാര്‍ലെ ഫാക്ടറി. 1929ല്‍ സ്ഥാപിച്ച ഫാക്ടറി 2016ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇവിടെയുള്ള 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് വാണിജ്യ കേന്ദ്രം പണിയുന്നത്. ഇതിനുള്ള അനുമതി പാര്‍ലെക്ക് ലഭിച്ചു. ഒരു നഗരത്തിനാകെ ബിസ്‌കറ്റ് മണം നല്‍കിയ കെട്ടിടമാണ് ഓര്‍മയിലേക്ക് മറയാന്‍ പോകുന്നതെന്ന് മുംബൈക്കാര്‍ പറയുന്നു. കുട്ടിക്കാലത്ത് വിലെ മുംബൈയിലൂടെ പോയപ്പോളുള്ള ഓര്‍മകളും ഫാക്ടറി സന്ദര്‍ശിച്ച ഓര്‍മകളും ഉള്‍പ്പെടെ പലരും പങ്കുവെക്കുന്നുണ്ട്. മുംബൈയിലെ ഏറ്റവും വലിയ ലാന്‍ഡ്മാര്‍ക്കുകളിലൊന്നായാണ് പാര്‍ലെ ഫാക്ടറി അറിയപ്പെട്ടിരുന്നത്.

പാര്‍ലെ-ജി ചരിത്രം

1929ല്‍ വിലെ പാര്‍ലെയിലെ ഫാക്ടറിയില്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ലെ 1939ലാണ് ബിസ്‌കറ്റ് നിര്‍മാണം തുടങ്ങിയത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബ്രിട്ടീഷ് ബിസ്‌കറ്റുകള്‍ക്ക് പകരം നില്‍ക്കുന്ന ബിസ്‌കറ്റ് ബ്രാന്‍ഡായി വിപണിയിലെത്തിച്ചതാണ് പാര്‍ലെ-ജി. 'പാര്‍ലെ ഗ്ലൂക്കോ ബിസ്‌കറ്റ്'എന്നായിരുന്നു 1980 വരെ പേര്. പിന്നീട് പേര് ചുരുക്കി പാര്‍ലെ-ജി എന്നാക്കി. 'ജി ഫോര്‍ ജീനിയസ്' എന്നാണ് പാര്‍ലെ ബ്രാന്‍ഡ് ചെയ്തത്. ഇന്ന് 40 ശതമാനത്തോളം വിപണി പങ്കാളിത്തത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉല്‍പ്പാദകരാണ് പാര്‍ലെ. ഹൈഡ് ആന്‍ഡ് സീക്ക്, ക്രാക്ക്ജാക്ക്, മൊണാക്കോ തുടങ്ങിയ ബിസ്‌കറ്റ് ബ്രാന്‍ഡുകളും പാര്‍ലെക്ക് ഉണ്ട്.

ആരാണ് പാര്‍ലെ-ജി പെണ്‍കുട്ടി

പാര്‍ലെ-ജി കവറില്‍ പുഞ്ചിരിക്കുന്ന പെണ്‍കുട്ടിക്ക് പതിറ്റാണ്ടുകളായിട്ടും ഒരു മാറ്റവും പാര്‍ലെ വരുത്തിയിട്ടില്ല. ആരാണ് ഈ പെണ്‍കുട്ടി, ഇവര്‍ ഇപ്പോഴുമുണ്ടോ, ഏത് നാട്ടുകാരിയാണ് തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങള്‍ പല കാലങ്ങളിലും ഉയര്‍ന്നിരുന്നു. പല ആളുകളുടെയും പേരുവെച്ചുള്ള കഥകളും പ്രചരിച്ചിരുന്നു. എന്നാല്‍, പാര്‍ലെ-ജി പെണ്‍കുട്ടി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് പാര്‍ലെ പ്രൊഡക്ട്സിന്റെ വൈസ് പ്രസിഡന്റ് ഒരിക്കല്‍ വ്യക്തമാക്കിയത്. 1960കളില്‍ എവറസ്റ്റ് ക്രിയേറ്റീവ് എന്ന ഏജന്‍സിയിലെ ആര്‍ട്ടിസ്റ്റായ മഗന്‍ലാല്‍ ദഹിയ എന്നയാളാണ് ഈ ചിത്രം വരച്ചത്.

ശക്തിമാന്‍ കൊണ്ടുവന്ന കുതിപ്പ്

90-കളില്‍ പാര്‍ലെ-ജിയുടെ തലവര മാറ്റിവരച്ചത് സാക്ഷാല്‍ ശക്തിമാന്‍ ആയിരുന്നു. മുകേഷ് ഖന്ന അഭിനയിച്ച ആ ഒറ്റ പരസ്യം കൊണ്ട് 50 ടണ്ണില്‍ നിന്നിരുന്ന വില്‍പന 2000 ടണ്ണിലേക്കാണ് കുതിച്ചുയര്‍ന്നത്. 2011-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിസ്‌കറ്റ് ബ്രാന്‍ഡായി പാര്‍ലെ-ജി മാറി. 2013-ല്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 5000 കോടി രൂപയുടെ വില്‍പന നടത്തുന്ന ആദ്യ എഫ്എംസിജി (എങഇഏ) ഉല്‍പ്പന്നമെന്ന റെക്കോര്‍ഡും ഈ ബിസ്‌കറ്റ് സ്വന്തമാക്കി. 2011ലെ നീല്‍സെന്‍ സര്‍വേ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിസ്‌കറ്റ് ബ്രാന്‍ഡായി പാര്‍ലേ ജി മാറി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 5000 കോടി രൂപയുടെ വില്‍പന നടന്ന ഉത്പന്നം പാര്‍ലേ ജി ആണെന്ന് 2013 ല്‍ നടന്ന മാര്‍ക്കറ്റ് സ്റ്റഡി പറയുന്നു.


ചരിത്രം മാറുന്നു, കച്ചവടം വളരുന്നു

ഹൈഡ് ആന്‍ഡ് സീക്ക്, മൊണാക്കോ, ക്രാക്ക്ജാക്ക് തുടങ്ങി ഇന്ത്യക്കാര്‍ നെഞ്ചിലേറ്റിയ നിരവധി ബ്രാന്‍ഡുകള്‍ പാര്‍ലെയ്ക്കുണ്ട്. എങ്കിലും വിലെ പാര്‍ലെയിലെ ഈ ആദ്യ ഫാക്ടറിയാണ് പാര്‍ലെയുടെ ഐശ്വര്യം. ബിസിനസ്സ് സാമ്രാജ്യത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ മാറുന്നത് ഇന്ത്യയുടെ വ്യവസായ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അധ്യായം കൂടിയാണ്.